24 April 2024, Wednesday

Related news

March 28, 2024
February 11, 2024
December 17, 2023
October 16, 2023
October 10, 2023
October 6, 2023
September 29, 2023
July 28, 2023
April 19, 2023
March 26, 2023

തൊഴിലുറപ്പ് പദ്ധതിയില്‍ രണ്ടുവര്‍ഷമായി തൊഴില്‍ദിനം കുറഞ്ഞു

ഒരു കുടുംബത്തിന് ലഭിച്ച ശരാശരി തൊഴില്‍ ദിനങ്ങള്‍ 46 
Janayugom Webdesk
ന്യൂഡല്‍ഹി
March 7, 2023 9:20 pm

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ഉപജീവനമാര്‍ഗം കണ്ടെത്തുന്ന കുടുംബങ്ങള്‍ക്ക് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ലഭിച്ചത് കുറവ് തൊഴില്‍ ദിനങ്ങള്‍ മാത്രം. തൊട്ടു മുമ്പുള്ള രണ്ട് വര്‍ഷത്തിനു വിരുദ്ധമായി ഒരു കുടുംബത്തിന് അനുവദിച്ചിരിക്കുന്ന ശരാശരി തൊഴില്‍ ദിനങ്ങളുടെ എണ്ണം നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ കുറവായിരുന്നുവെന്ന് കേന്ദ്ര ഗ്രാമീണ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം, മാർച്ച് ആറ് വരെയുള്ള കണക്കെടുത്താല്‍ ഒരു കുടുംബത്തിന് ലഭിച്ച ശരാശരി തൊഴില്‍ ദിനങ്ങള്‍ 46 ആയിരുന്നു. ചില ഇടങ്ങളില്‍ ഇത് 48 വരെയാണ്. അതേസമയം ഇതേ കാലയളവില്‍ 2021–22 വര്‍ഷത്തില്‍ 50ഉം 2020–21ല്‍ 52 തൊഴില്‍ ദിനങ്ങളും ലഭിച്ചിരുന്നു. 

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിയമ പ്രകാരം ഒരു വര്‍ഷം 100 തൊഴില്‍ ദിനങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ പദ്ധതി ആവിഷ്കരിച്ച 2005 മുതല്‍ ഒരിക്കല്‍ പോലും ഈ ലക്ഷ്യം പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ല. ആവശ്യത്തിന് അനുസരിച്ചാണ് തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു,
2010ലാണ് ഏറ്റവും കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ ലഭ്യമാക്കിയത്. 54 തൊഴില്‍ദിനങ്ങള്‍ ലഭിച്ചു. 52 തൊഴില്‍ ദിനങ്ങള്‍ അനുവദിച്ച 2020 വര്‍ഷമാണ് രണ്ടാം സ്ഥാനത്ത്. കോവിഡ് ലോക്‌ഡൗണിനെയും സാമ്പത്തിക പ്രതിസന്ധികളെയും തുടര്‍ന്ന് 2020 മുതല്‍ പദ്ധതിക്കു കീഴിലുള്ള തൊഴില്‍ തേടുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. കോവിഡിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടവരും ഗ്രാമത്തില്‍ തിരിച്ചെത്തിയ മറ്റ് കുടിയേറ്റ തൊഴിലാളികളും തൊഴിലുറപ്പ് പദ്ധതിയെ ആശ്രയിക്കാന്‍ തുടങ്ങിയതാണ് ഇതിന് കാരണം. 

തൊട്ടുമുമ്പുള്ള നാല് വര്‍ഷത്തെ കണക്കുകളെടുത്താല്‍ 2023, 2022 ജനുവരി മാസങ്ങളില്‍ തൊഴില്‍ ദിനങ്ങളുടെ എണ്ണം യഥാക്രമം 26, 23 ശതമാനം വീതം കുറഞ്ഞതായി എൻആർഇജിഎ സംഘർഷ് മോർച്ച അടുത്തിടെ പറഞ്ഞിരുന്നു. ഡിജിറ്റല്‍ ഹാജർ സംവിധാനം (എൻഎൻഎംഎസ് ആപ്പ്) ഈ വർഷം ജനുവരി ഒന്നു മുതൽ നിർബന്ധമാക്കിയതാണ് ഇതിന് കാരണമെന്നും ഇവര്‍ പറയുന്നു. ഫെബ്രുവരി ഒന്നു മുതൽ പദ്ധതിക്ക് കീഴിൽ ആധാർ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റുകൾ നിർബന്ധമാക്കിയതിനാൽ സാഹചര്യം കൂടുതല്‍ വഷളാകുമെന്നും മോര്‍ച്ച വിലയിരുത്തുന്നു. 

കേരളത്തില്‍ 57

ഓരോ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്ന തൊഴില്‍ ദിനങ്ങളിലും വലിയ അന്തരമുണ്ട്. തൊഴിലുറപ്പ് പദ്ധതിക്കു കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 2.15 ലക്ഷം കുടുംബങ്ങള്‍ക്ക് മിസോറാമില്‍ പ്രതിവര്‍ഷം ലഭിക്കുന്ന ശരാശരി തൊഴില്‍ ദിനങ്ങള്‍ 80 ദിവസമാണ്. എന്നാല്‍ മണിപ്പൂരില്‍ 2.94 ലക്ഷം കുടുംബങ്ങള്‍ക്ക് 18 തൊഴില്‍ ദിനങ്ങള്‍ മാത്രമാണ് അനുവദിക്കുന്നത്. ത്രിപുര (58), കേരളം (57), ഒഡിഷ, രാജസ്ഥാന്‍ (53 വീതം), അസം (33), പശ്ചിമ ബംഗാള്‍ (23), ഗോവ (24), ഹരിയാന (29) എന്നിങ്ങനെയാണ് തൊഴില്‍ ദിനങ്ങളുടെ എണ്ണം. 

Eng­lish Sum­ma­ry: In the employ­ment guar­an­tee scheme, the work­ing day has decreased for two years

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.