പരാജയ ഭീതിയിൽ സ്വന്തം രക്തസാക്ഷികളെ വഞ്ചിച്ച് ലീഗ്

Web Desk
Posted on March 15, 2019, 8:02 pm

കെ കെ ജയേഷ്

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയഭീതി കാരണം പോപ്പുലര്‍ ഫ്രണ്ട്- എസ് ഡി പി ഐ നേതൃത്വവുമായി രഹസ്യബന്ധമുണ്ടാക്കാനുള്ള മുസ്ലീം ലീഗ് നേതൃത്വത്തിന്റെ നീക്കത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം ശക്തമായി. കോഴിക്കോട്ടെ യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന വേളം പുത്തലത്ത് നസിറുദ്ദീനെ കൊലപ്പെടുത്തുകയും നിരവധി ലീഗ് പ്രവര്‍ത്തകരെ അക്രമിക്കുകയും ചെയ്ത പോപ്പുലര്‍ ഫ്രണ്ട്- എസ് ഡി പി ഐ സംഘടനകളുമായി തെരഞ്ഞെടുപ്പില്‍ ബന്ധമുണ്ടാക്കാന്‍ ശ്രമിച്ച ലീഗ് നേതൃത്വം തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് പ്രവര്‍ത്തകര്‍ പറയുന്നു.

നസിറുദ്ദീനെ കൊലപ്പെടുത്തിയ എസ് ഡി പി ഐ പ്രവര്‍ത്തകരായ കപ്പച്ചേരി ബഷീര്‍, കൊല്ലിയില്‍ അന്ത്രു എന്നിവ കോടതി ശിക്ഷിച്ചിട്ട് അധിക നാളായിട്ടില്ല. കേസില്‍ ഒന്നും രണ്ടും പ്രതികളായ ഇവര്‍ക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയടക്കാനുമാണ് മൂന്നു മാസം മുമ്പ് കോഴിക്കോട് ഫസ്റ്റ് ക്ലാസ് അഡീഷണല്‍ ജില്ലാ ജഡ്ജ് സി സുരേഷ് കുമാര്‍ വിധി പ്രഖ്യാപിച്ചത്. ഒന്നാം പ്രതിയായ കുപ്പച്ചേരി ബഷീര്‍ എസ് ഡി പി ഐ സ്ഥാനാര്‍ത്ഥിയായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്തിരുന്നു. പോപ്പുലര്‍ ഫ്രണ്ടിനെ ഒരു വോട്ട് സ്രോതസ്സായി കാണുന്ന ലീഗ് മനപൂര്‍വ്വം വിസ്മൃതിയിലാഴ്ത്തുന്നത് നസിറുദ്ദീന്റെ രക്തസാക്ഷിത്വത്തെയാണെന്ന് പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നു. പുറമെ കീരിയും പാമ്പുമായി നടിച്ച് അണികളെ തമ്മില്‍ തല്ലിക്കുന്ന ലീഗ്-എസ് ഡി പി ഐ നേതൃത്വം ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് വോട്ട് കച്ചവടം നടത്തി അണികളെ കബളിപ്പിക്കുകയാണെന്നും വിമര്‍ശനം ശക്തമായിട്ടുണ്ട്. ലീഗ് നേതൃത്വം നസിറുദ്ദീന്റെ പേര് മറന്നുവെങ്കിലും തങ്ങള്‍ പ്രവര്‍ത്തകര്‍ ആ പേര് മറക്കില്ലെന്നും സമൂഹമാധ്യമങ്ങളില്‍ ധീരമായ ശബ്ദങ്ങള്‍ നിറയുന്നുണ്ട്.

വിധി പ്രഖ്യാപിച്ചയുനെ എല്ലാവര്‍ക്കും നന്മ ചെയ്ത നസിറുദ്ദീനെ ചെറുപ്രായത്തില്‍ തന്നെ ഇല്ലാതാക്കിയ കൊലയാളികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയതില്‍ സംതൃപ്തിയുണ്ടെന്നായിരുന്നു നസീറുദ്ദീന്റെ വല്യുപ്പയും ആദ്യകാല മുസ്ലീം ലീഗ് നേതാവുമായ കെ പി സൂപ്പി മുന്‍ഷിയുടെ പ്രതികരണം.കൊലയാളി സംഘത്തിന് എല്ലാം ചെയ്തുകൊടുത്ത അഞ്ച് പ്രതികളെ കോടതി വെറുതെ വിട്ടതിലുള്ള പ്രയാസവും അദ്ദേഹം പങ്കുവെച്ചിരുന്നു. എസ് ഡി പി ഐ‑പോപ്പുലര്‍ ഫ്രണ്ടിന്റെ കൊലപാതക-വര്‍ഗ്ഗീയ രാഷ്ട്രീയത്തിനെതിരെയായിരുന്നു അന്ന് ചന്ദ്രിക പത്രത്തിന്റെ എഡിറ്റോറിയല്‍ എഴുതിയത്. തീവ്രവാദ രാഷ്ട്രീയത്തിന്റെ കേരളത്തിലെ പ്രതിരൂപമായ എസ് ഡി പി ഐയുടെ വേളം പഞ്ചായത്ത് പ്രസിഡന്റും 2015 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റയാളുമാണ് കൊലപാതകിയായ ബഷീറെന്ന് എഡിറ്റോറിയല്‍ വ്യക്തമാക്കുന്നു. മുസ്ലീം ലീഗ് കമ്മിറ്റി യോഗത്തിന്റെ ഫോട്ടോ മറഞ്ഞു നിന്ന് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയതിനെതിരെ സംസാരിച്ചതിന്റെ പകതീര്‍ക്കാനാണ് നസിറുദ്ദീനെ കൊലപ്പെടുത്തിയതെന്ന് മനുഷ്യ ജീവനെ എത്ര നിസ്സാരമായാണ് ഈ തീവ്രവാദ ഗ്രൂപ്പ് കാണുന്നതെന്നതിന് തെളിവാണ്. ഇവരുടെ കൊലക്കത്തിക്കിരയായവരില്‍ എത്ര പേരാണ് ഇന്നും ജീവച്ഛവമായി സ്വഗൃഹങ്ങളിലെ ഇരുട്ടറക്കുള്ളില്‍ കഴിയുന്നത്.

യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന വേളം പുത്തലത്ത് നസിറുദ്ദീനെ കൊലപ്പെടുത്തിയ എസ് ഡി പി ഐ പ്രവര്‍ത്തകരെ കോടതി ശിക്ഷിച്ച ദിവസത്തെ ചന്ദ്രിക പത്രത്തിന്റെ എഡിറ്റോറിയല്‍

ലീഗിനെ വര്‍ഗീയ ഫാസിസ്റ്റ് പ്രതിലോമ ശക്തികള്‍ അക്രമോത്സുകരായി നേരിട്ട ചരിത്രം എത്രയെണ്ണമെങ്കിലും ചൂണ്ടിക്കാണിക്കാന്‍ കഴിയും. മകന്‍ നഷ്ടമായത് ശാന്തി സമാധാനത്തില്‍ കഴിയുന്ന സ്വന്തം സമുദായത്തെ തകര്‍ക്കാന്‍ വരുന്ന തീവ്രവാദത്തിനെതിരെ ഉറച്ച മനസ്സോടെ പ്രവര്‍ത്തിച്ചതിനാണല്ലോ എന്ന് ഈ സങ്കടങ്ങള്‍ക്കുള്ളിലും അഭിമാനിക്കുന്ന പിതാവ് പുത്തലത്ത് അസീസിന്റെ വാക്കുകളും മതേതര വിശ്വാസികളുടെ പ്രാര്‍ത്ഥനകളും ഫാസിസ്റ്റ് തീവ്രവാദ രാഷ്ട്രീയത്തെ ഈ മണ്ണില്‍ എരിച്ചു കളയുക തന്നെ ചെയ്യുമെന്ന് ചൂണ്ടിക്കാട്ടിയാണ് എഡിറ്റോറിയല്‍ അവസാനിക്കുന്നത്.
മകനെ നഷ്ടപ്പെട്ടെങ്കിലും തീവ്രവാദത്തിനെതിരെ ഉറച്ച മനസ്സോടെ പ്രവര്‍ത്തിച്ച മകനെയോര്‍ത്ത് അഭിമാനിച്ച പുത്തലത്ത് അസീസിനെപ്പോലുള്ളവരെ അപമാനിക്കുന്നതായിപ്പോയി ലീഗ് നേതൃത്വത്തിന്റെ നടപടികളെന്നാണ് വിമര്‍ശനം ഉയരുന്നത്. നാല് വോട്ടിന് വേണ്ടി വര്‍ഗീയ സംഘടനകളുടെ തിണ്ണ നിരങ്ങുന്ന നേതൃത്വത്തെ വിശ്വസിച്ച് എങ്ങിനെ പാര്‍ട്ടിയില്‍ തുടരുമെന്നും വര്‍ഗീയ ചിന്തകളില്ലാത്ത പാര്‍ട്ടിയിലെ ഒരു വിഭാഗം ചോദിക്കുന്നു.

2016 ജുലൈ 15 നാണ് നസിറുദ്ദീന്‍ കൊല്ലപ്പെട്ടത്. വേളം പുത്തലത്ത് അനന്തോട്ട്താഴെ വച്ച് നസിറുദ്ദീനും ബന്ധുവായ അബ്ദുല്‍ റഊഫും ബൈക്കില്‍ സഞ്ചരിക്കവെ ബൈക്കിലെത്തിയ പ്രതികള്‍ ഇരുവരെയും തടഞ്ഞു നിര്‍ത്തുകയും നസിറുദ്ദീനെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. മുസ്ലീം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന് ആവര്‍ത്തിക്കുന്ന നേതൃത്വം പക്ഷെ സ്വന്തം പ്രവര്‍ത്തകരുടെ മരണത്തപ്പോലും മറന്ന് വര്‍ഗീയ സംഘടനകളുമായി കൂട്ടുകെട്ടുണ്ടാക്കാനുള്ള നീക്കത്തിലാണ്. പരാജയഭീതികാരണം കഴിഞ്ഞ ദിവസം ലീഗ് നേതാക്കളും സ്ഥാനാര്‍ത്ഥികളുമായ പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍ എന്നിവര്‍ കൊണ്ടോട്ടി തുറക്കലിലെ കെ ടി ഡി സിയുടെ ഹോട്ടല്‍ ടാമറിന്‍ഡില്‍ വെച്ചാണ് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നസറുദ്ദീന്‍ എളമരം ഉള്‍പ്പെടെയുള്ളവരുമായി കൂടിച്ചാഴ്ച നടത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മലപ്പുറത്തും പൊന്നാനിയിലും എസ് ഡി പി ഐയ്ക്ക് നല്ല വോട്ട് ലഭിച്ചിരുന്നു. പരാജയഭീതിയിലുള്ള ലീഗ് സ്ഥാനാര്‍ത്ഥികള്‍ എസ് ഡി പി ഐയുടെ വോട്ട് ലഭിച്ചാല്‍ തങ്ങള്‍ക്ക് വിജയിക്കാന്‍ കഴിയുമെന്ന കണക്കുകൂട്ടലിലാണ് കൂടിക്കാഴ്ചയ്ക്ക് എത്തിയത്. എന്നാല്‍ കൂടിക്കാഴ്ചയോട് എതിര്‍പ്പുള്ള ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഈ വീഡിയോ പുറത്തുവിടുകയായിരുന്നു.