25 April 2024, Thursday

തിലകന്റെ ഓര്‍മ്മയില്‍ അക്ഷരജ്വാലയുടെ അമരക്കാരന്‍

Janayugom Webdesk
അമ്പലപ്പുഴ
September 24, 2021 5:58 pm

മഹാനടന്‍ തിലകന്റെ ഓര്‍മ്മയില്‍ അക്ഷരജ്വാലയെന്ന നാടക സമിതിയുടെ അമരക്കാരന്‍ സി രാധാകൃഷ്ണന്‍. താരസംഘടനയായ അമ്മ തിലകന് വിലക്കേര്‍പ്പെടുത്തിയപ്പോള്‍ പിന്നീട് അദ്ദേഹം അക്ഷരജ്വാല എന്ന സമിതിയിലൂടെ നാടകത്തില്‍ കാലുറപ്പിച്ചു. മഹാമേരുക്കളെപ്പോലും വിറപ്പിച്ച ആ ഗംഭീര ശബ്ദം നിലച്ചിട്ട് 9 വർഷം കഴിയുമ്പോഴും അമ്പലപ്പുഴക്കാരുടെ മനസ്സില്‍ ഇപ്പോഴമുണ്ട് മങ്ങാതെ ആ ഓര്‍മ്മകള്‍. 2010 ല്‍ അമ്പലപ്പുഴ കേന്ദ്രമാക്കി അക്ഷരജ്വാല എന്ന നാടക സമിതി പിറവികൊണ്ടു. ഏറെ വൈകാതെ ഇതോ ദൈവത്തിന്റെ സ്വന്തം നാട് എന്ന നാടകവും അരങ്ങിലെത്തി. 27 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിലകന്‍ നാടകത്തിലെത്തുന്നതിനും അമ്പലപ്പുഴ സാക്ഷ്യം വഹിച്ചു. തിലകന്‍ ചെയര്‍മാനും സി രാധാകൃഷ്ണന്‍ മാനേജിംഗ് ഡയറക്ടറും സജു പാര്‍ത്ഥസാരഥി കോ-ഓര്‍ഡിനേറ്ററുമായിട്ടായിരുന്നു അക്ഷരജ്വാല രൂപീകരിച്ചത്. സിനിമയിലും സീരിയലിലും അവസരം ഇല്ലെങ്കിലും പഴയ തട്ടകമാണ് ശരിയെന്ന് വിശ്വസിച്ച ആളായിരുന്നു തിലകനെന്ന് സി രാധാകൃഷ്ണന്‍ പറഞ്ഞു. എഴുപത്തിയഞ്ചാം വയസ്സിൽ പോലും നിറഞ്ഞുനിന്ന കലയോടുള്ള അഭിനിവേശവും സത്യനിഷേധികളായ തന്റെ സഹപ്രവർത്തകരോടുള്ള അമർഷവും തിലകനിലെ നടൻ മരിച്ചു എന്ന് പറഞ്ഞവര്‍ക്കമുള്ള മറുപടിയായിരുന്നു അദ്ദേഹത്തിന്റെ രണ്ടാംഘട്ട നാടക പ്രവേശനം. കാര്യങ്ങൾ ഉറച്ചു പറയുന്നതിന്റെ പേരിൽ സിനിമയില്‍ അവസരം കുറഞ്ഞപ്പോൾ ഒരു കലാകാരനായി ജീവിച്ചു മരിക്കും എന്ന് അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യമാണ് അമ്പലപ്പുഴയിൽ നാടക സമിതിക്ക് രൂപം നൽകിയത്. ‘ഏറ്റവും പുതിയ നാടകങ്ങൾ നമുക്ക് അവതരിപ്പിക്കണം, ഞാനില്ലെങ്കിലും സമതി നശിച്ചു പോകരുത്’ എന്ന് പറഞ്ഞ അദ്ദേഹത്തിന്റെ വാക്കുകളോടുള്ള ആദരവ് കൊണ്ടാണ് പിന്നീട് നാടക സമിതിയുടെ പേര് പത്മശ്രീ തിലകൻ അക്ഷരജ്വാല എന്ന് മാറ്റിയതെന്നും സി രാധാകൃഷ്ണൻ കൂട്ടിച്ചേര്‍ത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.