February 9, 2023 Thursday

മന്ദാരത്തിന്റെ ഇലകള്‍കൊണ്ട് തുന്നിയ അക്ഷരക്കൂട്

ജയന്‍ മഠത്തില്‍
April 5, 2020 5:30 am

ഒ വി. വിജയന്റെ ദീപ്തമായ ഓർമ്മകൾക്ക് പതിനഞ്ച് ആണ്ട്

എൺപതുകളുടെ ഒടുവിൽ ഞാൻ പ്രീഡിഗ്രി സെക്കന്റ് ലാംഗ്വേജ് ക്ലാസിൽ. മലയാളം അധ്യാപകൻ സുരേഷ് സർ തന്റെ തൂവാലയെടുത്ത് കഷണ്ടി തലയിൽ വട്ടം കെട്ടി. പിന്നെ പറഞ്ഞു തുടങ്ങി: ”പണ്ടു പണ്ട്, ഓന്തുകൾക്കും മുമ്പ്, ദിനോസറുകൾക്കും മുമ്പ്, ഒരു സായാഹ്നത്തിൽ രണ്ടു ജീവബിന്ദുക്കൾ നടക്കാനിറങ്ങി. അസ്തമയത്തിലാറാടി നിന്ന ഒരു താഴ്വരയിലെത്തി. “ഇതിന്റെ അപ്പുറം കാണണ്ടേ?” ചെറിയ ബിന്ദു, വലിയതിനോടു ചോദിച്ചു. പച്ച പിടിച്ച താഴ്വര. ഏട്ടത്തി പറഞ്ഞു. “ഞാനിവിടെ തന്നെ നിൽക്കട്ടെ.” എനിക്ക് പോകണം, അനുജത്തി പറഞ്ഞു. അവളുടെ മുമ്പിൽ കിടന്ന അനന്തപഥങ്ങളിലേക്ക് അനുജത്തി നോക്കി. “നീ ചേച്ചിയെ മറക്കുമോ?” ഏട്ടത്തി ചോദിച്ചു. ”മറക്കില്ല.” അനുജത്തി പറഞ്ഞു. ” മറക്കും.” ഏട്ടത്തി പറഞ്ഞു. ” ഇത് കർമ്മ പരമ്പരയുടെ സ്നേഹ രഹിതമായ കഥയാണ്. ഇതിൽ അകൽച്ചയും ദുഃഖവും മാത്രമേയുള്ളൂ.” അനുജത്തി നടന്നകന്നു. അസ്തമയത്തിന്റെ താഴ് വരയിൽ ഏട്ടത്തി തനിച്ചു നിന്നു. പായൽക്കുരുന്നിൽ നിന്ന് വീണ്ടുമവൾ വളർന്നു. അവൾ വലുതായി. വേരുകൾ പിതൃക്കളുടെ കിടപ്പറയിലേയ്ക്കിറങ്ങി. മൃതിയുടെ മുലപ്പാലു കുടിച്ചു ചില്ലകൾ പടർന്നു തിടം വച്ചു. കണ്ണിൽ സുറുമയും കാലിൽ തണ്ടയുമിട്ട ഒരു പെൺകുട്ടി ചെതലിയുടെ താഴ് വരയിൽ പൂവിറുക്കാനെത്തി. അവിടെ തനിച്ചു നിന്ന ചെമ്പകത്തിന്റെ ചില്ലയൊടിച്ചു പൂ നുള്ളിയപ്പോൾ ചെമ്പകം പറഞ്ഞു: ”അനുജത്തി, നീയെന്നെ മറന്നുവല്ലോ.…

” ഒ വി വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസ’ത്തിൽ രവി തന്റെ ഏകാധ്യാപക വിദ്യാലയത്തിലെ കുട്ടികളോട് പരിണാമ കഥ പറഞ്ഞത് ക്ലാസിൽ അവതരിപ്പിച്ച സുരേഷ് സർ, ഒരു ദീർഘനിശ്വാസത്തോടെ ഒന്നു നിറുത്തി. ആവേശത്തോടെയാണ് അന്ന് വൈകിട്ട് കോളജിൽ നിന്ന് വന്ന ഞാൻ പൊന്മന പ്രോഗ്രസ്സീവ് ലൈബ്രറിയിലേക്ക് ഓടിയത്. പുസ്തകങ്ങൾക്കിടയിൽ നിന്ന് കറുത്ത പശ്ചാത്തലത്തിൽ കരിമ്പനക്കൂട്ടമുള്ള കവറോടു കൂടിയ ‘ഖസാക്കിന്റെ ഇതിഹാസം’ തപ്പിയെടുത്തു. രാവേറെ വൈകി അത് വായിച്ചു തീർത്തു. പിന്നെ കുട്ടികളെ പഠിപ്പിക്കുന്ന സന്ദർഭത്തിൽ, എത്രയോ തവണ രവി പറഞ്ഞു കൊടുത്ത ഈ പരിണാമ കഥ ക്ലാസിൽ അവതരിപ്പിച്ചു. അക്ഷരങ്ങൾക്ക് നക്ഷത്രങ്ങളേക്കാൾ തിളക്കവും അഗ്നിയേക്കാൾ കരുത്തുമുണ്ടെന്ന് കാട്ടിത്തരികയായിരുന്നു വിജയൻ. പിന്നെ പ്രവചന സ്വഭാവമുള്ള ആ എഴുത്തുകാരൻ എന്നെ ഏകാന്ത തടവിലാക്കി. മലയാളനോവൽ സാഹിത്യ ചരിത്രത്തെ ഖസാക്കിന്റെ ഇതിഹാസം രണ്ടായി പകുത്തു; ഖസാക്കിന് മുൻപും, ഖസാക്കിന് ശേഷവും. ഓരോ കലാസൃഷ്ടിയും അഭിജാത ഗൗരവത്തോടെ വായനക്കാർക്ക് നൽകിക്കൊണ്ട്, ഒരു യോഗിയുടെ മനസോടെ അൽപം മാറി നിന്ന് ചിരിക്കുകയായിരുന്നു വിജയൻ.

ആ ചിരി നിരാനന്ദത്തിന്റേതായിരുന്നു എന്ന് കെ പി അപ്പൻ നിരീക്ഷിക്കുന്നുണ്ട്. മലയാള നിരൂപകർ ഇത്രമേൽ പഠനം നടത്തിയ ഒരു നോവൽ മലയാളത്തിലുണ്ടോ എന്ന് സംശയം. ഒരു നോവലിനെ അടിസ്ഥാനമാക്കിയുള്ള പഠനങ്ങൾ ചേർത്ത പുസ്തകം — ഖസാക്ക് പഠനങ്ങൾ — പ്രസിദ്ധീകരിക്കുന്നതും പുതിയ ചരിത്രം. ഇന്നും ഖസാക്ക് ഒരു ഇതിഹാസം തന്നെ. എത്ര വായിച്ചാലും പിന്നെയും പിന്നെയും വരികൾക്കിടയിൽ വിജയൻ അവശേഷിപ്പിച്ച മൗനം അന്വേഷിക്കുകയാണ് സാഹിത്യാസ്വാദകർ. എക്കാലവും സൂക്ഷിച്ചു വയ്ക്കാവുന്നതും നിരന്തര പാരായണ യോഗ്യവുമായ ഏതൊന്നിനേയും ക്ലാസിക് എന്നു വിശേഷിപ്പിക്കാമെങ്കിൽ വിജയന്റെ ഇതിഹാസം ക്ലാസിക് തന്നെ.

ഇതിഹാസത്തിന്റെ ഭാഷാനിർമിതിയിൽ വിജയൻ ഉപയോഗിച്ച അക്ഷരകൂട്ട്, അതൊരത്ഭുതം തന്നെയായിരുന്നു. ഇതിന്റെ റസീപ്പി ആർക്കും പറഞ്ഞു കൊടുക്കാതെയാണ് വിജയൻ കടന്നു പോയത്. മോഹാലസ്യം പോലെ കാറ്റ്, മൃതിയുടെ മുലപ്പാൽ, ജന്മാന്തരങ്ങളുടെ ഇളം വെയിൽ, സാന്ത്വനം പോലെ ഇരുട്ട്, ദശാസന്ധി പോലെ അവസാനിക്കുന്ന വെട്ടുവഴി, കാപ്പിച്ചെടിയിലെ സന്ധ്യ തീവ്രത, മുഖം അഴിഞ്ഞു ലയനം പ്രാപിച്ചു, ആ വിജനതയിൽ നിറയുവോളം അയാൾ വളർന്നു, ആ അനന്തരാശിയിൽ നിന്ന് ഏതോ സാന്ദ്രതയുടെ കിനാവുകൾ അയാളുടെ നിദ്രയിൽ ഇറ്റുവീണു, അനാദിയായ സ്ഥലരാശിയിൽ നിസ്സഹായനായി ആ പടുകിഴവൻ തിരിഞ്ഞും മറിഞ്ഞും കിടന്നു.… . വാക്കുകളുടെ ഇന്ദ്രിയസംഗീതം നമ്മുടെ ഹൃദയത്തിലേക്ക് ഊറിയിറങ്ങുന്നു. ചിലർ ആധുനികതയുടെ പൊരുളുകൾ തേടി ഇതിഹാസത്തിലേക്കിറങ്ങി. ചിലർ അസ്തിത്വ ദർശനം തേടി. മറ്റു ചിലർ ശൂന്യതാവാദം തേടി. പാമ്പിന്റെ ദംശനം ഏറ്റുവാങ്ങി, ‘രവി ചാഞ്ഞു കിടന്നു.… . . ബസ്സ് വരാനായി രവി കാത്തു കിടന്നു. ’ എന്ന് എഴുതി നോവൽ അവസാനിപ്പിക്കുമ്പോൾ പിടിതരാതെ വഴുതിപോകുന്നൊരു പരൽമീനായി വിജയൻ. മരണം മറ്റൊരു യാത്രയുടെ (ജീവിതത്തിന്റെ) ആരംഭമാണെന്ന സൂചന തന്ന് നോവലിസ്റ്റ് നമ്മെ ഞെട്ടിച്ചു. ഹെർമൻ ഹെസ്സിന്റെ സിദ്ധാർഥനെ പോലെ രവി യാത്ര തുടരുകയാണ്. വിജയന്റെ കൃതികളിൽ ഏറ്റവും കൂടുതൽ തവണ വായിച്ചിട്ടുള്ള പുസ്തകം ‘ഗുരുസാഗര’മാണ്. ഇതിഹാസത്തേക്കാൾ അതെന്നെ വല്ലാതെ വലിച്ചടുപ്പിച്ചിട്ടുണ്ട്. സക്കീർ ഹുസൈന്റെ തബല വായനയിൽ കുന്നിക്കുടി വയലിൻ മീട്ടിയ സംഗീത സാന്ദ്രമായ പശ്ചാത്തലത്തിൽ ഗുരുസാഗരം വായിച്ചത് ഓർമയിലേക്ക് വരുന്നു. വിഷമങ്ങളുടെ ദശാസന്ധികളിലൊക്കെ ഗുരുസാഗരത്തിലേക്ക് ആഴ്ന്നിറങ്ങിയിട്ടുണ്ട്. ഒരു സാന്ത്വന ചികിത്സ പോലെയായിരുന്നു അതെനിക്ക്. കുഞ്ഞുണ്ണിയും ശിവാനിയും പിനാകിയും കല്യാണിയും വായനയുടെ ഏകാന്തതയിൽ പുസ്തകത്താളുകളിൽ നിന്ന് ഇറങ്ങി വന്ന് വല്ലാതെ അസ്വസ്ഥതപ്പെടുത്തിയിട്ടുള്ള എത്രയോ ദിനങ്ങൾ. ഉഷ്ണം ഉഷ്ണേന ശാന്തി: എന്നത് പഴയൊരു സിദ്ധാന്തമാണ്. തൊണ്ണൂറുകളുടെ ഒടുവിൽ ബിരുദാനന്തര ബിരുദ ക്ലാസിൽ വിജയനെക്കുറിച്ച് അപ്പൻ സാർ പറഞ്ഞതൊക്കെ ഓർമ്മയിലേക്ക് ശുദ്ധസംഗീതം പോലെ കടന്നു വരുന്നു. ശുരുസാഗരം പ്രസിദ്ധീകരിച്ചപ്പോൾ മലയാള നിരൂപകർ അത് വേണ്ടത്ര ശ്രദ്ധിച്ചില്ല. വിജയൻ അപ്പൻ സാറിന് കത്തെഴുതി; അപ്പനെങ്കിലും അത് വായിക്കണം (കത്ത് അപ്പൻ സാർ സൂക്ഷിച്ചിരുന്നു). ഒടുവിൽ, ‘തകിടം മറിയുന്ന ശിവപാർവതി മിത്ത് ’ എന്നൊരു ലേഖനം അപ്പൻ സാർ എഴുതി. ഗുരുസാഗരത്തെ പോലെ അത് മറ്റൊരു സിംഫണിയായി. കാലത്തിന്റെ ഒരു കാരുണ്യം അതിലുണ്ടായിരുന്നു. ഒ വി വിജയൻ ബുദ്ധിപരമായി ഒരു ജനാധിപത്യവാദിയും വൈകാരികമായി അരാജകവാദിയുമാണ് എന്നു പറഞ്ഞു കൊണ്ടാണ് ‘ചരിത്രത്തിന്റെ കാരുണ്യം നിറഞ്ഞ വസ്ത്രാക്ഷേപം’ എന്ന കെ പി അപ്പന്റെ ലേഖനം ആരംഭിക്കുന്നത്. അരാജകവാദിയായ കലാകാരന്റെ സൗന്ദര്യമുള്ള പ്രതിഭ, സംസ്കാരത്തിന്റെയും യുക്തിയുടെയും മറുപുറം തേടുന്നു. രചനയിലൂടെ അയാൾ അക്രമത്തിലേക്കും പ്രാകൃതമായ കാമത്തിലേക്കും തിരിച്ചു പോകുന്നു എന്ന് അദ്ദേഹം തുടർന്നെഴുതുന്നു. വിജയന്റെ ‘ധർമ്മപുരാണം’ വിലയിരുത്തിയ ആ സന്ദർഭത്തിൽ കെ പി അപ്പൻ എഴുതി: ചരിത്രത്തിന്റെയും മനുഷ്യാവസ്ഥയുടെയും ഞെട്ടിപ്പിക്കുന്ന സംയോജനം എന്നു വിശേഷിപ്പിക്കാവുന്ന ‘ധർമ്മപുരാണം’ അരാജകവാദിയായ ഒരു കലാകാരൻ നോവലിന്റെ കലയിൽ നടത്തിയ മാർഗ്ഗാതിക്രമത്തിന്റെ ചിഹ്നമാണ്. ‘ധർമപുരിയിലെ പ്രജാപതിക്ക് തൂറാൻ മുട്ടി‘യ കഥ പറഞ്ഞുകൊണ്ട് ആരംഭിക്കുന്ന നോവൽ അടിയന്തിരാവസ്ഥയ്ക്കെതിരെയുള്ള ഒരു എഴുത്തുകാരന്റെ അക്ഷരം കൊണ്ടുള്ള കലാപമായിരുന്നു.

എട്ടുകാലിയും എണ്ണയും അരിമ്പാറയും പോലുള്ള കഥകളെഴുതി വിജയൻ നമ്മെ വീണ്ടും ഞെട്ടിച്ചു. ലോകോത്തര നിലവാരമുള്ള ഇരുപത് കഥകളെടുത്താൽ അതിലൊന്ന് വിജയന്റെ ‘കടൽത്തീരത്ത് ’ ആകും എന്നതിൽ തർക്കമില്ലല്ലോ. എഴുത്തിലുടനീളം വിജയൻ തന്റെ ഇന്റലിജൻസ് ഭാവന ജ്വലിപ്പിച്ചു നിറുത്തിയിരുന്നു. കാച്ചിക്കുറുക്കിയെടുത്ത കവിതയായിരുന്നു അവ ഓരോന്നും. ഇതിഹാസം തന്നെ എട്ടുതവണയാണ് വിജയൻ വെട്ടിത്തിരുത്തി കുറുക്കിയെടുത്തത്. കാർട്ടൂണിസ്റ്റിന്റെ സൂക്ഷ്മ ദൃഷ്ടി കലാസൃഷ്ടികളിലുടനീളം വിജയൻ സൂക്ഷിച്ചിരുന്നു. ഹൃദയത്തിന്റെ അറകളിലേക്കിരച്ചിറങ്ങുന്ന രക്തം പോലെയായിരുന്നു വിജയന്റെ ആഖ്യാനരീതി. അതുകൊണ്ടാണ് കോടച്ചി കൊടുത്തുവിട്ട കണ്ണീരിൽ കുതിർന്ന പൊതിച്ചോറുമായി വെട്ടുവഴിയിലൂടെ നടന്നുപോകുന്ന വെളളായിയപ്പനോടൊപ്പം നമ്മളും യാത്രയാകുന്നത്. സിനിമയായും ഷോർട്ട് ഫിലിമായും നാടകമായും ‘കടൽത്തീരത്ത്’ പിന്നീട് പുന: രാവിഷ്കരിക്കപ്പെട്ടപ്പോൾ വെള്ളായിയപ്പന്റെ നെഞ്ചിലെ ചൂട് നമ്മൾ നിരന്തരം തൊട്ടറിയുന്നത്. ഒടുവിൽ കണ്ണൂർ സെൻട്രൽ ജയിലിൽ വെള്ളായിയപ്പൻ കണ്ടുണ്ണിയെ കാണുമ്പോൾ ”മകനേ.… ” എന്നു വിളിക്കുന്നു. അവൻ ”അച്ഛാ.… ” എന്നും. ആ വിളികൾക്കിടയിലുള്ള മഹാമൗനത്തെ വായനക്കാർക്ക് വിട്ടുതന്നുകൊണ്ട് ഒ വി വിജയനെന്ന വലിയ പ്രവാചകൻ നിരാനന്ദത്തോടെ മാറി നിന്ന് ചരിക്കുന്നു. വികാരങ്ങളുടെ അനർഗ്ഗളമായ പ്രവാഹമായിരുന്നില്ല വിജയന്റെ എഴുത്തുകൾ. ഓരോ വരികളിലും ഒരു ഇന്റലച്വൽ മനസിന്റെ വാൾത്തിളക്കമുണ്ടായിരുന്നു. കറുത്ത ഫലിതത്തെ എത്ര മനോഹരമായാണ് വിജയൻ തന്റെ കൃതികളിൽ ഇഴചേർത്തതെന്ന് സൂക്ഷ്മവായനയിൽ നമുക്ക് ബോധ്യപ്പെടും. പരിസ്ഥിതിവാദം അത്രയൊന്നും ചർച്ച ചെയ്യപ്പെടാതിരുന്ന കാലത്താണ് ‘മധുരം ഗായതി’ എഴുതിക്കൊണ്ട് എക്കോ ഫെമിനിസ്റ്റ് വാദികൾക്ക് വിജയൻ ആദരണീയമായ മാതൃക കാട്ടിയത്. ഘോഷയാത്രയിൽ തനിയെ, ഒരു സിന്ദൂരപ്പൊട്ടിന്റെ ഓർമ്മ, സന്ദേഹിയുടെ സംവാദം, വർഗ്ഗസമരം; സ്വത്വം, അന്ധനും അകലങ്ങൾ കാണുന്നവനും, എന്റെ ചരിത്രാന്വേഷണ പരീക്ഷകൾ തുടങ്ങിയ ലേഖന സമാഹാരങ്ങളിലും വിജയന്റെ തിളച്ചുമറിയുന്ന ചിന്തയുടെ ചൂട് നമുക്ക് അനുഭവിക്കാനാകും. ‘ഇത്തിരി നേരമ്പോക്ക് ഇത്തിരി ദർശനം’ കാർട്ടൂണിലൂടെ ഇന്ത്യൻ രാഷ്ട്രീയത്തിൽ വിജയൻ നടത്തിയ ഇടപെടലുകളുടെ ചരിത്ര ഭൂപടമാണ്. കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും തീവ്രധ്യാനിയായ ചിന്തകനും എഴുത്തുകാരനുമായിരുന്നു ഒ വി വിജയൻ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.