May 28, 2023 Sunday

Related news

January 18, 2023
January 5, 2023
December 6, 2022
January 25, 2022
January 15, 2022
February 12, 2021
December 27, 2020
December 27, 2020
January 20, 2020
January 12, 2020

ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു; റെഡ് അലർട്ട് പ്രഖ്യാപിച്ചു

Janayugom Webdesk
December 29, 2019 10:26 pm

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ അതിശൈത്യം തുടരുന്നു. നഗരത്തിന്റെ പല ​മേഖലകളിലും താപനില 2.4 ഡിഗ്രി വരെ താ​ഴ്​ന്നു. കനത്ത മൂടൽമഞ്ഞു മൂലം വ്യോമ, റയിൽ, റോഡ്​ ഗതാഗതം തടസപ്പെട്ടു. പുതുവത്സരം വരെ ഡൽഹിയിലെ അതിശൈത്യം തുടരുമെന്നാണ്​ റിപ്പോർട്ടുകൾ.
അതിശൈത്യത്തെ തുടർന്ന്​ ഡൽഹി, പഞ്ചാബ്​, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ്​, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ റെഡ്​ അലേർട്ട്​ പ്രഖ്യാപിച്ചു. മുടൽമഞ്ഞിനെ തുടർന്ന്​ ഡൽഹി വിമാനത്താവളത്തിലെ കാഴ്​ചപരിധി 50–175 മീറ്ററായി ചുരുങ്ങി. പല വിമാനങ്ങളും മറ്റ്​ വിമാനത്താവളങ്ങളിലേക്ക്​ വഴിതിരിച്ചു വിട്ടു. 24 ട്രെയിനുകൾ വൈകിയതായി റയിൽവേ അറിയിച്ചു. രണ്ട്​ മുതൽ അഞ്ച്​ മണിക്കൂർ വരെയാണ്​ ട്രെയിനുകൾ വൈകുന്നത്​. ഡൽഹിയിൽ 2.8 ഡിഗ്രി സെൽഷ്യസാണ് ഇന്നലത്തെ കുറഞ്ഞ താപനില. കൂടിയ താപനില 13 ഡിഗ്രി സെൽഷ്യസും. കഴിഞ്ഞ ദിവസം കുറഞ്ഞ താപനില 2.4 ഡിഗ്രി വരെ താഴ്ന്നിരുന്നു. 19.84 ഡിഗ്രി സെൽഷ്യസാണ് ഇത്തവണ രേഖപ്പെടുത്തിയ ശരാശരി കൂടിയ താപനില. 1919‑ലെ ഡിസംബറിലാണ് ഇതിനുമുമ്പ് ഇതുപോലെ തണുപ്പുകൂടിയത്. 1919 ഡിസംബറിൽ 19.8 ഡിഗ്രി സെൽഷ്യസായിരുന്നു താപനില. ശരാശരി കൂടിയ താപനില ഏറ്റവും കുറഞ്ഞത് 1997‑ലാണ്. 17.3 ഡിഗ്രി സെൽഷ്യസാണ് അന്നു രേഖപ്പെടുത്തിയത്.
അസഹ്യമായ ശൈത്യം ജനജീവിതത്തെ കാര്യമായി ബാധിക്കുന്നുണ്ട്. അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം അപകടകരമായ നിലയിലേയ്ക്ക് താഴ്ന്നത് ഡൽഹിയെ ശ്വാസംമുട്ടിക്കുന്നുമുണ്ട്. തണുപ്പിനൊപ്പം അന്തരീക്ഷത്തിലെ ഈർപ്പം വർധിച്ചതും കാറ്റിന്റെ വേഗതക്കുറവുമാണ് ഇതിന് കാരണം.
ഉത്തരേന്ത്യയിലെ നിരവധി നഗരങ്ങളിൽ ഇപ്പോൾ പകൽ താപനില 12 ഡിഗ്രി സെൽഷ്യസിന് താഴെയാണ്. ഉത്തർപ്രദേശ്, ബിഹാർ, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ പല പ്രദേശങ്ങളിലും തണുപ്പ് രൂക്ഷമാണ്. ഹരിയാനയിൽ കഴിഞ്ഞ ദിവസത്തെ കുറഞ്ഞ താപനില 0. 3 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. പഞ്ചാബ്: 2.8,ചണ്ഡീഗഢ്: 8.8,രാജസ്ഥാൻ: മൈനസ് മൂന്ന്, ജമ്മുകശ്മീരിലെ ശ്രീനഗർ: മൈനസ് 5.6,പഹൽഗാം: മൈനസ് 12 എന്നിങ്ങനെയായിരുന്നു മറ്റിടങ്ങളിലെ താപനില.
യുപിയിൽ നാൽപതോളം പേരാണ് അതിശൈത്യത്തിൽ മരിച്ചതെന്നാണ് അനൗദ്യോഗിക കണക്ക്. മറ്റു സംസ്ഥാനങ്ങളിലും ശൈത്യം മൂലമുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ചൊവ്വാഴ്ചമുതൽ ഡൽഹി ഉൾപ്പെടുന്ന മേഖലയിൽ മഴ തുടങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ കണക്കുകൂട്ടൽ. മഴ പെയ്താൽ തണുപ്പിന്റെ കാഠിന്യമേറും. ശൈത്യം രൂക്ഷമായ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലൊക്കെ കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ഇന്ത്യൻ മഹാസമുദ്രത്തിലെ താപനില ക്രമരഹിതമാകുന്നതും ഗംഗാസമതലത്തിൽ രൂപപ്പെടുന്ന കാഠിന്യമേറിയ മൂടൽമഞ്ഞും ഉത്തരേന്ത്യയിലെ ഇപ്പോഴത്തെ അതിശൈത്യത്തിന് പിന്നിലുണ്ടെന്നാണ് കരുതപ്പെടുന്നത്. കാലാവസ്ഥാ വ്യതിയാനമാണ് ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കുന്നതെന്ന് ഗവേഷകർ പറയുന്നു.
കാലാവസ്ഥാ വ്യതിയാനം മെഡിറ്ററേനിയൻ മേഖലയിൽനിന്നുള്ള ശീതക്കാറ്റിന്റെ തീവ്രതയെയും ആവൃത്തിയെയും മാറ്റിമറിക്കുന്നു. ഇതാണ് വടക്കേ ഇന്ത്യയിലെ രൂക്ഷമായ ശൈത്യത്തിന് ഇടയാക്കുന്നത്. അതേസമയം, മധ്യ‑ദക്ഷിണ മേഖലയിൽ അന്തരീക്ഷോഷ്മാവ് കൂടുന്നതിനും ഇത് ഇടയാക്കിയേക്കുമെന്ന് പുണെ ക്ലൈമറ്റ് ചേയ്ഞ്ച് റിസർച്ചിലെ (സിസിസിആർ) മുതിർന്ന ശാസ്ത്രജ്ഞർ പറയുന്നു.
ഭൂവിനിയോഗത്തിലുള്ള മാറ്റങ്ങളും വനമേഖലയുടെ വ്യാപക നാശവുമാണ് മേഖലയിലെ കാലാവസ്ഥാ വ്യതിയാനത്തിന് ഇടയാക്കുന്നത്. ഹരിതഗൃഹവാതകങ്ങൾ, അന്തരീക്ഷത്തിലെ ഉയർന്ന അളവിലുള്ള പൊടി എന്നിവ സ്ഥിതി കൂടുതൽ അപകടത്തിലേയ്ക്ക് എത്തിക്കുന്നു. അന്തരീക്ഷ മലിനീകരണം കൂടുമ്പോൾ മൂടൽമഞ്ഞിന്റെ രൂക്ഷതയും വർധിക്കും. ശീതക്കാറ്റിന്റെ ശക്തി വർധിക്കുമ്പോൾ അന്തരീക്ഷോഷ്മാവും അതിനനുസരിച്ച് താഴും.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.