മൂന്നു വർഷത്തിനിടെ മോഡി വിദേശയാത്രകൾക്കായി ചെലവഴിച്ചത് 255 കോടി

Web Desk
Posted on November 22, 2019, 10:21 pm

ന്യൂഡൽഹി: മൂന്നു വർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിദേശയാത്രകളിൽ ചാർട്ടേഡ് വിമാനങ്ങൾക്കായി ചെലവഴിച്ചത് 255 കോടി രൂപയെന്ന് വിദേശകാര്യ മന്ത്രാലയം രാജ്യസഭയിൽ അറിയിച്ചു. 2016–17 ൽ 76.27 കോടി രൂപയും 2017–18ൽ 99.32 കോടി രൂപയും 2018–19 ൽ 79.91 കോടി രൂപയും വീതമാണ് ഇതിനു ചെലവിട്ടതെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ രേഖാമൂലം സഭയിൽ മറുപടി നൽകി. 2019–20 ലെ ബിൽ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി, എന്നിവരുടെ വിദേശ പര്യടനങ്ങളെക്കുറിച്ചുള്ള സഭാംഗങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
2016–17ൽ ഹോട്ട് ലൈൻ സൗകര്യങ്ങൾക്കായി (അടിയന്തരാവശ്യങ്ങൾക്കായി നേരിട്ടുള്ള ടെലിഫോൺ സംവിധാനം) 2,24,75,451 രൂപ ചെലവഴിച്ചപ്പോൾ 2017–18 ൽ 58,06,630 രൂപയായിരുന്നു ചെലവ്. വിവിഐപികൾ, വിഐപികൾ എന്നിവരുടെ ആഭ്യന്തരയാത്രകൾക്ക് വ്യോമസേനാ വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിക്കാനുള്ള സർക്കാർ നയമനുസരിച്ച് പ്രധാനമന്ത്രിക്ക് ഔദ്യോഗിക യാത്രകൾക്ക് ഇവ സൗജന്യമായി ഉപയോഗിക്കാം.
പ്രധാനമന്ത്രി കഴിഞ്ഞ ഓഗസ്റ്റ് മുതൽ നവംബർ വരെ ഏഴു വിദേശ യാത്രകൾ നടത്തിയതായും ഒമ്പതു രാജ്യങ്ങൾ സന്ദർശിച്ചതായും വിദേശകാര്യ മന്ത്രാലയം പാർലമെന്റിൽ അറിയിച്ചു. ഭൂട്ടാൻ, ഫ്രാൻസ്, യുഎഇ, ബഹ്റൈൻ, റഷ്യ, യുഎസ്, സൗദി അറേബ്യ, തായ് ലൻഡ്, ബ്രസീൽ എന്നിവയാണ് മോഡി സന്ദർശിച്ച രാജ്യങ്ങൾ.
ഇതേകാലയളവിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് മൂന്നു വിദേശ യാത്രകൾ നടത്തി. അദ്ദേഹം 7 രാജ്യങ്ങൾ സന്ദർശിച്ചു. ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു മൂന്നു വിദേശയാത്രകൾ നടത്തി. അദ്ദേഹം ആറു രാജ്യങ്ങൾ സന്ദർശിച്ചു. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ 13 വിദേശ യാത്രകളും (16 രാജ്യങ്ങൾ സന്ദർശിച്ചു) വിദേശകാര്യ സഹമന്ത്രി മുരളീധരൻ 10 യാത്രകളും (16 രാജ്യങ്ങൾ സന്ദർശിച്ചു) നടത്തിയതായും കണക്കുകൾ വ്യക്തമാക്കുന്നു.