വല്ലാര്‍പാടത്ത് വീണ്ടും പൊള്ളുന്ന നിരക്ക് വര്‍ധന

Web Desk
Posted on April 24, 2018, 10:32 pm

ബേബി ആലുവ

കൊച്ചി: വല്ലാര്‍പാടം ട്രാന്‍ഷിപ്‌മെന്‍റ് കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ വീണ്ടും ഏകപക്ഷീയമായ കയറ്റുമതി നിരക്കു വര്‍ദ്ധനവ്. രാജ്യത്തെ മറ്റ് തുറമുഖങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ താങ്ങാനാവാത്തതാണ് വല്ലാര്‍പാടത്തെ നിരക്കുകളെന്നു തുറമുഖത്തെ ഉപഭോക്താക്കളും കേരളത്തിലെ കപ്പല്‍ കമ്പനികളും ആവലാതിപ്പെടുന്നതിനിടയിലാണ് വീണ്ടും ന്യായീകരണമില്ലാത്ത നിരക്കു വര്‍ദ്ധനവ്.

നിലവിലുള്ളതില്‍ നിന്ന് നാലര ശതമാനം നിരക്കു വര്‍ദ്ധന ടെര്‍മിനലിലെ എല്ലാത്തരം സേവനങ്ങള്‍ക്കും ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തിലായെന്നാണ് തുറമുഖത്തെ ഇടപാടുകാര്‍ക്കു ലഭിച്ചിട്ടുള്ള അറിയിപ്പ്. ടെര്‍മിനല്‍ വഴി ഏറ്റവും കൂടുതല്‍ കയറ്റുമതിയുള്ള സമുദ്രോത്പന്നങ്ങളുടെ ഇടപാടുകളെയാണ് വര്‍ദ്ധനവ് കൂടുതലായി ബാധിക്കുക. തൂത്തുക്കുടി, ചെന്നൈ തുടങ്ങിയ തുറമുഖങ്ങളിലുള്ളതിനെക്കാള്‍ പല മടങ്ങാണ് നിലവില്‍ വല്ലാര്‍പാടത്തെ നിരക്കുകളെന്ന് കൊച്ചിന്‍ പോര്‍ട്ട് യൂസേഴ്‌സ് ഫോറം ആരോപിക്കുന്നു. അവിടങ്ങളിലൊന്നും വര്‍ഷംതോറും നിരക്ക് കൂട്ടുന്ന സമ്പ്രദായവുമില്ല. ഏകപക്ഷീയമായ ഈ നടപടി ഇടപാടുകാരെ വല്ലാര്‍പാടത്തു നിന്ന് അകറ്റുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

താരിഫ് അതോറിട്ടി ഓഫ് മേജര്‍ പോര്‍ട്ട് (ടാംപ്) ആണ് തുറമുഖങ്ങളിലെ ചരക്ക് കൈകാര്യ നിരക്കുകള്‍ നിശ്ചയിക്കുന്നത്. ഇക്കുറി നാലര ശതമാനം വര്‍ദ്ധിപ്പിച്ചിട്ടുള്ളതും ടാംപിന്‍റെ നിര്‍ദ്ദേശ പ്രകാരമാണെന്നാണ് ടെര്‍മിനല്‍ അധികൃതര്‍ വ്യക്തമാക്കുന്നതു്. ഇങ്ങനെ നിരക്ക് കൂട്ടുന്നതിനു മുമ്പായി അതാതിടത്തെ ഇടപാടുകാരുമായി ടാംപ് ചര്‍ച്ച നടത്തുക സാധാരണമാണ്. പക്ഷേ, ടെര്‍മിനല്‍ തുടങ്ങിയതിനു ശേഷം ഒരിക്കല്‍പ്പോലും വല്ലാര്‍പാടത്ത് അങ്ങനെയൊന്നുണ്ടായിട്ടില്ല എന്നാണ് പരാതി. ഇടപാടുകാരുടെ അഭിപ്രായങ്ങള്‍ പരിഗണിച്ചിട്ടുമില്ല. നിരക്കു വര്‍ദ്ധിപ്പിക്കുന്നതില്‍ ഒരേ മാനദണ്ഡമാണ ടാംപ് സ്വീകരിക്കുന്നതെങ്കില്‍ ചെന്നൈയിലെയും തൂത്തുക്കുടിയിലെയും വല്ലാര്‍പാടത്തെയും നിരക്കുകളില്‍ ഏറ്റക്കുറച്ചിലുണ്ടാകുന്നതെങ്ങനെ എന്നതാണ് പ്രസക്തമായ ചോദ്യം. ഈ സ്ഥിതി തുടര്‍ന്നാല്‍ കപ്പല്‍ കമ്പനികളും ഉപഭോക്താക്കളും വല്ലാര്‍പാടത്തെ ഉപേക്ഷിക്കുകയും ഇതര തുറമുഖങ്ങള്‍ തേടിപ്പോവുകയും ചെയ്യുന്ന സ്ഥിതിയുണ്ടാകും. അങ്ങനെ സംഭവിച്ചാലും ടെര്‍മിനലിന്‍റെ നടത്തിപ്പുകാരായ ദുബായ് പോര്‍ട്ട് വേള്‍ഡ് എന്ന കുത്തക കമ്പനിക്ക് ഒന്നും നഷ്ടപ്പെടാനില്ല. അവര്‍ക്ക് മറ്റുതുറമുഖങ്ങളിലും ഇടപാടുകളുണ്ട്.

വല്ലാര്‍പാടത്ത് ടെര്‍മിനല്‍ സ്ഥാപിതമായതോടെ, അതുവരെ നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന വെല്ലിംഗ്ടണ്‍ ഐലന്റിലെ രാജീവ് ഗാന്ധി ടെര്‍മിനല്‍ അടച്ചുപൂട്ടുക വഴി നിത്യനിദാനം മുട്ടിയ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിനെയാകും വല്ലാര്‍പാടത്തു സംഭവിക്കുന്ന ഏതൊരു നഷ്ടവും ബാധിക്കുക.
നേരത്തേ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ഇടപാടുകാരോട് നിരക്ക് ഈടാക്കുന്നതില്‍ രണ്ടു തരം സമീപനമുണ്ടായപ്പോള്‍ത്തന്നെ, നിരക്കിളവ് ലഭിക്കുന്ന ഇതര സംസ്ഥാന കമ്പനികളുമായി മത്സരിക്കാന്‍ ഉയര്‍ന്ന പ്രതിഫലം നല്‍കുന്ന കേരളത്തിലെ കമ്പനികള്‍ക്കു കഴിയാതാവുകയും അത് സംസ്ഥാനത്തെ ബിസിനസ്സിനെ തകര്‍ക്കുമെന്നും കൊച്ചിന്‍ പോര്‍ട്ട് യൂസേഴ്‌സ് ഫോറം കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്കു നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നതാണ്. അതിനു മറുപടി പോലും ലഭിച്ചില്ല. പരാതിക്ക് ശക്തിയേറിയപ്പോള്‍, നിരക്കുകളില്‍ ഇളവ് ആകാമെന്നും ഇളവ് അനുവദിക്കുമ്പോള്‍ കേരളത്തിനകത്തും പുറത്തുള്ള കമ്പനികളോട് തുല്യത പാലിക്കണമെന്നും വ്യക്തമാക്കി വിജ്ഞാപനമിറക്കി. വിജ്ഞാപനമിറങ്ങി മാസങ്ങള്‍ കഴിഞ്ഞിട്ടും വല്ലാര്‍പാടത്ത് അത് നടപ്പാക്കാന്‍ കൂട്ടാക്കിയിട്ടില്ലെന്ന് ഇടപാടുകാര്‍ ആരോപിക്കുന്നു. നിലവില്‍ത്തന്നെ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇവിടത്തേത്. ഇനിയും കൂട്ടിയാല്‍ മേഖല വലിയ പ്രതിസന്ധിയിലാകുമെന്നാണ് പൊതുവെ ഉയരുന്ന ആശങ്ക.

കേന്ദ്ര സര്‍ക്കാരും പോര്‍ട്ട് ട്രസ്റ്റും ഡി പി വേള്‍ഡിന്‍റെ പരിഷ്‌കാരങ്ങള്‍ക്കു മുമ്പില്‍ നിശ്ശബ്ദത പാലിക്കുകയാണ് പതിവ്. കരാര്‍ പ്രകാരം ടെര്‍മിനലിന്റെ നടത്തിപ്പില്‍ പോര്‍ട്ട് ട്രസ്റ്റിന് യാതൊരുവിധ അധികാരങ്ങളുമില്ല.30 വര്‍ഷമാണ് കരാര്‍ കാലാവധി. ഈ കാലയളവില്‍ വരുമാനത്തിന്റെ 35 ശതമാനം ഡി പി വേള്‍ഡ് തുറമുഖ ട്രസ്റ്റിനു നല്‍കും. അതാകട്ടെ, ടെര്‍മിനലുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കായി ട്രസ്റ്റിനു ചെലവാകുന്ന തുകയുടെ അയലത്തുപോലും എത്തുകയില്ല താനും.

അത്തരം കാരണങ്ങളാല്‍, രാജ്യത്തിനു നഷ്ടക്കച്ചവടമായ കരാര്‍ റദ്ദുചെയ്യണമെന്ന തൊഴിലാളി സംഘടനകള്‍ അടക്കമുള്ളവരുടെ ആവശ്യം തുടര്‍ന്നുകൊണ്ടിരിക്കുകയുമാണ്.