25 April 2024, Thursday

ബൂട്ടുകൾ താളം മുഴക്കുന്ന വിക്രം മൈതാനിയിൽ ഇനി ചിലങ്കയുടെ താളം

Janayugom Webdesk
കോഴിക്കോട്
December 31, 2022 6:25 pm

കൗമാര കലാമാമാങ്കത്തിന് സാക്ഷിയാവൻ വിക്രം മൈതാനി ഒരുങ്ങിക്കഴിഞ്ഞു. മൈതാനിയുടെ ഏത് ഭാഗത്ത് നിന്ന് നോക്കിയാലും മത്സരങ്ങൾ വീക്ഷിക്കാനാവും, അത്തരത്തിലാണ് വേദി ഒരുക്കിയിരിക്കുന്നത്. മൈതാനിയിലെ ചതുപ്പുള്ള സ്ഥലങ്ങൾ മണലിട്ട് ബലപ്പെടുത്തി. കലോത്സവ ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്രയും വലിയ വേദിയും പന്തലും ഒരുങ്ങുന്നത്.

ബൂട്ടുകൾ താളം മുഴക്കുന്ന വിക്രം മൈതാനി 30 വർഷങ്ങൾക്ക് ശേഷമാണ് ഒരു പൊതുപരിപാടിക്ക് വിട്ടുനൽകുന്നത്. എട്ട് ഏക്കര്‍ വിസ്തൃതിയുള്ള വിക്രം മൈതാനി ടെറിട്ടോറിയല്‍ ആര്‍മി മദ്രാസ് റെജിമെന്‍റിന്റെ ഭാഗമാണ്.

60,000 സ്‌ക്വയർ ഫീറ്റിലാണ് വേദിക്കായി പന്തൽ ഒരുക്കിയത്. 40 അടി നീളവും 35 അടി വീതിയിലുമാണ് സ്റ്റേജ്. സ്റ്റേജിന്റെ ഇരുവശങ്ങളിലുമായി 100 ചതുരശ്ര അടി വിസ്തീർണത്തിൽ 14 ഗ്രീൻ റൂമുകൾ ഒരുക്കിയിട്ടുണ്ട്. ഇതിൽ 7എണ്ണം വീതം പെൺകുട്ടികൾക്കും ആൺകുട്ടികൾക്കുമായി നൽകും. പിൻവശത്തായി 1200 ചതുരശ്ര അടി വിസ്തീർണത്തിൽ വിശ്രമമുറിയുമുണ്ട്. വിഐപി, സംഘടന, പ്രസ്സ്, വിദ്യാഭ്യാസ വകുപ്പ് മേധാവികൾ എന്നിവർക്കുള്ള പവലിയനും വേദിക്കരികിലായി തയാറാക്കിയിട്ടുണ്ട്. കൂടാതെ പോലീസ്, ഫയർ ഫോഴ്സ് തുടങ്ങിയ സേനകൾക്ക് ആവശ്യമായ സൗകര്യങ്ങളുമുണ്ട്.

തൃശൂർ സ്വദേശിയായ ഉമ്മർ പടപ്പിലാണ് വേദിയിലൊരുക്കുന്ന പന്തലിന്റെ കരാർ ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ 30 വർഷമായി വിദ്യാഭ്യാസ വകുപ്പിന്റെയും മറ്റ് വകുപ്പുകളുടെയും മേളകൾക്കും അനുബന്ധ പരിപാടികൾക്കും പന്തൽ ഒരുക്കുന്നത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. കരീം പടുകുണ്ടിൽ കൺവീനറായ കമ്മറ്റിക്കാണ് വേദിയുടെ ചുമതല. ജനുവരി 3 മുതൽ 7വരെയാണ് കേരള സ്കൂൾ കലോത്സവം ജില്ലയിൽ നടക്കുന്നത്.

Eng­lish Summary;In Vikram Maid­ani, where the boots are beat­ing, the rhythm of Chilanga
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.