സിപിഐയുടെ നേതൃത്വത്തില്‍ നൂറുകണക്കിന് പാവപ്പെട്ടവര്‍ ഭൂമി പിടിച്ചെടുത്ത് കുടിലുകള്‍ പണിതു. വാറങ്കല്‍ നഗരസഭാ പരിധിയില്‍പ്പെട്ട മത്‌വാഡ നിമ്മയ ചെരുവിനടുത്ത 15 ഏക്കര്‍ സര്‍ക്കാര്‍ തരിശ് ഭൂമിയാണ് ഭൂ — ഭവന രഹിതര്‍ക്ക് പതിച്ച് നല്കണമെന്നാവശ്യപ്പെട്ട് സിപിഐ നേതൃത്വത്തില്‍ പിടിച്ചെടുത്ത് കുടിലുകള്‍ സ്ഥാപിച്ചത്.
പാവപ്പെട്ടവര്‍ക്ക് പതിച്ചുനല്കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ഭൂമിയായിരുന്നു ഇത്. ഭവനരഹിതരായ പാവപ്പെട്ടവര്‍ക്ക് ഇവിടെ വീടുകള്‍ പണിതുനല്കുമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖരറാവു തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ എട്ടുവർഷം പിന്നിട്ടിട്ടും മുഖ്യമന്ത്രിയുടെ വാഗ്ദാനം നടപ്പായില്ല. കൂടാതെ ഇതിന് തൊട്ടടുത്ത ജലാശയങ്ങളും മറ്റും മണ്ണിട്ട് നികത്തി ഭരണനേതൃത്വത്തിന്റെ ഒത്താശയോടെ ഭൂമാഫിയ കയ്യേറാന്‍ ആരംഭിക്കുകയും ചെയ്തു.
ഈ സാഹചര്യത്തില്‍ ഭൂമി പതിച്ച് നല്കണമെന്നാവശ്യപ്പെട്ട് സിപിഐയും ബഹുജന സംഘടനകളും പ്രക്ഷോഭം സംഘടിപ്പിച്ചുവരികയായിരുന്നു. എന്നാല്‍ ഇതിനോട് അനുഭാവപൂര്‍വമായ സമീപനം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ലെന്നുമാത്രമല്ല കൂടുതല്‍ കയ്യേറ്റത്തിന് അവസരമൊരുക്കുകയായിരുന്നു അധികൃതര്‍ ചെയ്തത്. വാറങ്കൽ നഗരത്തിന് ചുറ്റുമുള്ള ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളും ജലാശയങ്ങളുള്‍പ്പെടുന്ന ഭൂമിയുമാണ് ഭരണകക്ഷിയുടെ ഒത്താശയടെ അനുദിനം കയ്യേറ്റം നടത്തുന്നത്.
ഈ പശ്ചത്തലത്തിലാണ് സിപിഐ വാറങ്കല്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നൂറുകണക്കിന് പാവപ്പെട്ടവരെ അണിനിരത്തി സ്ഥലം പിടിച്ചെടുത്ത് കുടിലുകള്‍ കെട്ടി താമസം ആരംഭിച്ചത്. സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി ശ്രീനിവാസ റാവു, വാറങ്കൽ ജില്ലാ സെക്രട്ടറി മേകല രവി, അസിസ്റ്റന്റ് സെക്രട്ടറിമാരായ ഷെയ്ക് ബഷ്മിയ, പനസ പ്രസാദ്, മണ്ഡലം സെക്രട്ടറി ബുസ്സ രവീന്ദർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കുടിലുകള്‍ കെട്ടിയത്.
ഒരാഴ്ചയിലധികമായി പാവപ്പെട്ടവര്‍ ഇവിടെ കുടിലുകളില്‍ താമസിക്കുകയാണ്. ഭൂമി എത്രയും വേഗം പതിച്ചു നല്കണമെന്നാവശ്യപ്പെട്ട് ഇന്നലെ നൂറകണക്കിന് പ്രവര്‍ത്തകര്‍ താലൂക്ക് ഓഫീസ് ഉപരോധിച്ചു. സമീപകാലത്തു നടന്ന ഏറ്റവും വലുതും ജനപങ്കാളിത്തത്തോടെയുമുള്ള കുടില്‍കെട്ടി സമരമാണ് വാറങ്കലില്‍ നടക്കുന്നതെന്ന് ജില്ലാ സെക്രട്ടറി മേകല രവി ജനയുഗത്തോട് പറഞ്ഞു.
English Summary: In Warangal, the CPI-led government seized land and built huts
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.