ഗുജറാത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ നില്‍ക്കെ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ചു

Web Desk
Posted on June 04, 2020, 3:51 pm

അഹമ്മദാബാദ്: ഈ മാസം പത്തൊന്‍പതിന് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ചു. ഇതോടെ സംസ്ഥാനത്തെ നാല് രാജ്യസഭാ സീറ്റുകളില്‍ ഒന്നില്‍ കൂടുതല്‍ സ്വന്തമാക്കാനാകുമെന്ന കോണ്‍ഗ്രസിന്റെ സ്വപ്നം പൊലിഞ്ഞിരിക്കുകയാണ്.

എംഎല്‍എമാര്‍ രാജിവച്ചതായി ഗുജറാത്ത് നിയമസഭാ സ്പീക്കര്‍ രാജേന്ദ്ര ത്രിവേദി സ്ഥിരീകരിച്ചു.

182 അംഗ നിയമസഭയില്‍ ബിജെപിക്ക് 103 പേരാണുള്ളത്. അതിനാല്‍ രാജ്യസഭയിലേക്ക് ഇവര്‍ക്ക് രണ്ട് പേരെ എളുപ്പത്തില്‍ വിജയിപ്പിക്കാനാകും. ഭരണകക്ഷിയായ ഇവര്‍ മൂന്നാമതൊരു സ്ഥാനാര്‍ത്ഥിയായി നരഹരി അമിനെയും ഇറക്കിയിട്ടുണ്ട്. ഇയാള്‍ നേരത്തെ കോണ്‍ഗ്രസിലായിരുന്നു. അത് കൊണ്ട് തന്നെ ഈ സീറ്റില്‍ ശക്തമായ മത്സരം നടക്കുമെന്നുറപ്പാണ്. വിജയിക്കണമെങ്കില്‍ 34 എംഎല്‍എമാരുടെയെങ്കിലും പിന്‍ബലം വേണം. ജിത്തുചൗധരിയും അക്ഷയ് പട്ടേലും രാജി വച്ചതോടെ രണ്ടാമതൊരു സീറ്റ് കൂടി വിജയിക്കുന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ച് ദുഷ്കരമായിരിക്കുകയാണ്. 66 അംഗങ്ങളുള്ള കോണ്‍ഗ്രസിന് രാജ്യസഭയിലേക്ക് ഒരു സീറ്റ് സംഘടിപ്പിക്കാനാകും. മാര്‍ച്ചില്‍ ഏഴ് അംഗങ്ങളും ഇപ്പോഴത്തെ രണ്ട് പേരുടെ രാജിയും കൂടി ആയപ്പോള്‍ കോണ്‍ഗ്രസിന് ഏഴ് അംഗങ്ങള്‍ ഫലത്തില്‍ ഇല്ലാതായിരിക്കുകയാണ്. ഇത് കൊണ്ട് രണ്ടാം സീറ്റെന്ന കോണ്‍ഗ്രസിന്റെ സ്വപ്നം സ്വപ്നമായി തന്നെ അവശേഷിക്കുമെന്നാണ് വിലയിരുത്തല്‍.

നരഹരി അമിന് പുറമെ അഭയ് ഭരദ്വാജ്, രമില ബെന്‍ ബാര എന്നിവരെയാണ് ബിജെപി രംഗത്തിറക്കിയിട്ടുള്ളത്. ശക്തി സിന്‍ഹ് ഗോഹില്‍, ഭരത് സിങ് സൊളങ്കി എന്നിവരെയാണ് കോണ്‍ഗ്രസ് ഗോദയിലിറക്കിയിട്ടുള്ളത്. ആദ്യ പരിഗണന ആര്‍ക്കാണെന്നകാര്യത്തില്‍ കോണ്‍ഗ്രസ് ഇനിയും തീരുമാനമെടുത്തിട്ടില്ലെന്നാണ് സൂചന.

സഭയില്‍ എന്‍സിപിക്ക് ഒരംഗം മാത്രമാണുള്ളത്. കാന്തല്‍ ജഡേജയാണ് ഏക എന്‍സിപി അംഗം. അദ്ദേഹം ആര്‍ക്ക് വോട്ട് നല്‍കുമെന്ന് വ്യക്തമല്ല. ബിജെപി തങ്ങളുടെ വോട്ടില്‍ വിള്ളല്‍ വീഴ്ത്താന്‍ ശ്രമിക്കുന്നുവെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ബിജെപി കോണ്‍ഗ്രസ് എംഎല്‍എമാരെ വിലയ്ക്കെടുക്കാന്‍ ശ്രമിക്കുന്നുവെന്നും അവര്‍ ആരോപിച്ചു. ഭരണസ്വാധീനവും പണവും കൊണ്ട് തെരഞ്ഞെടുപ്പ് ജയിക്കാനാണ് അവരുടെ ശ്രമം.

എന്നാല്‍ ആരോപണങ്ങള്‍ ബിജെപി നിഷേധിച്ചു. കൂടുതല്‍ എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവയ്ക്കുന്നതിലുള്ള അസ്വസ്ഥതകളാണ് ഇത്തരം ആരോപണത്തിന് പിന്നിലെന്നും നരഹരി അമിന്‍ പറഞ്ഞു. കൂടുതല്‍ പേര്‍ ഇനിയും കോണ്‍ഗ്രസില്‍ നിന്ന് രാജി വയ്ക്കുമെന്നും അത് പാര്‍ട്ടി നേതൃത്വവുമായുള്ള ഉരസല്‍ കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാര്‍ച്ച് 26നാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ കൊറോണ പ്രതിസന്ധിയില്‍ രാജ്യവ്യാപക അടച്ചുപൂട്ടലിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കുകയായിരുന്നു.

eng­lish sum­ma­ry: In Wor­ry For Con­gress In Gujarat, 2 Exits Just Before Rajya Sab­ha Polls

you also may like this video