ക്രമരാഹിത്യത്തിന്റെ പുസ്തകം

Web Desk
Posted on October 06, 2019, 9:57 am

ഉഷ കെ എന്‍

സി ഗണേഷും, മഹേന്ദറും ചേര്‍ന്നെഴുതിയ ‘ഇണ/ജീവിതം ദ എന്‍ട്രോപ്പി’ എന്ന നോവല്‍ ഒരു കൂട്ടെഴുത്തിന്റെ ഉല്‍പ്പന്നമാണ്. രണ്ട് കഥാകാരന്‍മാര്‍ ചേര്‍ന്നെഴുതിയതിനു സമാനമായി കഥയ്ക്കും ഇണ/ജീവിതം, ദ എന്‍ട്രോപ്പി എന്നീ രണ്ടുപേരുകളുണ്ട്. വായനാനുഭവംകൊണ്ടുണ്ടായ വീക്ഷണത്തിലും വിലയിരുത്തലിലും ഈ രണ്ടു പേരുകളും വളരെയധികം അന്വര്‍ഥമാണ്. എന്താണ് ‘എന്‍ട്രോപി? ക്രമരാഹിത്യത്തിന്റെ അല്ലെങ്കില്‍ ക്രമക്കേടിന്റെ കണക്കെന്നു പറയാം. നാമടങ്ങുന്ന പ്രപഞ്ചം ഒട്ടനവധി ക്രമരാഹിത്യങ്ങള്‍ക്ക് കീഴ്‌പ്പെട്ടുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ പ്രപഞ്ചത്തിലെ മറ്റുപല ക്രമക്കേടുകളെ തിരിച്ചറിയുന്നതുപോലെ നമ്മുടെ ജീവിതത്തിലെ ക്രമമില്ലായ്മകളെ അവധാനതയോടെ മനസ്സിലാക്കേണ്ടതുണ്ട്. എന്തെല്ലാം സംഭവിക്കുമ്പോഴും ഉപയോഗോര്‍ജ്ജത്തിന്റെ പരിമാണന്യൂനത നമ്മുടെ പല ചിട്ടകളേയും, അനസ്യൂതമായ ഒഴുക്കിനേയും വഴി മാറ്റിവിടുന്നു. മാറ്റങ്ങളെപ്പോഴും നമ്മുടെ ഇച്ഛയ്ക്കനുസൃതമായി വന്നുകൊള്ളണമെന്നില്ല. ഇത്തരം എന്‍ട്രോപ്പിയെക്കുറിച്ച് കഥാപാത്രങ്ങളെ നിരത്തി അനുവാചകരിലേക്കെത്തിക്കാന്‍ പ്രശംസനീയമാംവിധം കഥാകാരന്‍മാര്‍ക്കു കഴിഞ്ഞിട്ടുണ്ട്. പുതുമയുള്ള പ്രമേയം വളരെ സൂക്ഷ്മമായി വിശകലനം ചെയ്ത് അവതരിപ്പിച്ചിരിക്കുന്നു.
ബോസ് രാധ, വില്ലന്‍ സഹസ്രാബ്ദിണി എന്നീ കഥാപാത്രങ്ങളിലൂടെയാണ് ഇണ/ജീവിതം ദ എന്‍ട്രോപ്പിയുടെ സഞ്ചാരം. ധനാഢ്യനായ ബോസിന്റെ പത്‌നി നിശ്ചേതനാവസ്ഥയിലാണ്. മില്ലന്‍ എന്ന മില്ലേനിയത്തിന്റെ സന്തതിയ്ക്ക് വിധിവൈപരീത്യത്താല്‍ കെട്ടേണ്ടിവരുന്ന ഒരു വേഷം ബോസിന്റെ (ഉടമസ്ഥന്റെ) അടിമയാകുക എന്നതാണ്. സഹസ്രാബ്ദിണി ഭാര്യയായി അഭിനയിക്കാന്‍ വന്നവള്‍. ജീവിതം ഒരു നാടകമാണോ, അതോ നാടകമാണോ ജീവിതം എന്ന ചോദ്യത്തിനിവിടെ പ്രസക്തിയില്ലാത്ത വിധം നോവലിലെ തിരക്കഥ വളരെ ക്രമമായ ആസൂത്രണം ചെയ്യപ്പെടുന്ന മാസ്റ്റര്‍ ബ്രേയിനാകുന്നു രാധ എന്ന ബോസിന്റെ പത്‌നി.
സഹൃദയരെപ്പോഴും കഥയുടെ സുഗമമായ ഒഴുക്കിനുവേണ്ടി ചേര്‍ച്ചയുള്ള യുഗ്മങ്ങളെ കാണാന്‍ ഇഷ്ടപ്പെടും. രാധ‑ബോസ്; സഹസ്രാബ്ദിണി — മില്ലന്‍ എന്നിവര്‍ ഒരുതരം ക്രമപ്പെടുത്തലാണ്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി അനിഛാകരമായ, നിസ്സംഗമായ വിധേയത്വത്തിലേക്ക് കീഴടങ്ങുന്ന ഭാവം നോവല്‍ കൈവരിക്കുന്നു. ക്രമ വൈരുദ്ധ്യ ഇണ ജീവിതത്തെ കൈയ്യാളുന്നവരായി മില്ലനും സഹസ്രാബ്ദിണിക്കും മാറേണ്ടിവരുന്നു. ജീവിതവഴികളിലെ സുന്ദരമായ മൂടുപട നിര്‍മ്മാണത്തിന് അഥവാ നിലനില്‍പ്പിന്റെ അനിവാര്യതയ്ക്ക് സ്വയം ബലിയാടായി നിന്നു കൊടുക്കുന്ന അവസ്ഥകള്‍ മനുഷ്യജീവിതത്തില്‍ വിദൂരമല്ലാതെ വന്നു ചേരുവാന്‍ സാധ്യതയുണ്ടെന്ന നേര്‍ക്കാഴ്ചയാണ് ഈ നോവല്‍ അനാവരണം ചെയ്യുന്നത്.
വ്യക്തിയില്‍ നിന്നാണ് സമൂഹം രൂപപ്പെടുന്നതെങ്കിലും പലപ്പോഴും രണ്ടിന്റേയും നിയമങ്ങളും, ഇഷ്ടങ്ങളും പരസ്പരം പൊരുത്തപ്പെടാനാവാത്ത വൈരുദ്ധ്യങ്ങള്‍ക്കധീനമായിപ്പോവാറുണ്ട്. സ്വന്തം ഇഷ്ടത്തിനേക്കാള്‍ സമൂഹത്തില്‍ പിടിച്ചു നില്‍ക്കപ്പെടേണ്ടതിന്റെ സാധൂകരണത്തിന് വ്യക്തികള്‍ പലപ്പോഴും ഒരു ഞാണിന്‍മേല്‍ക്കളിയിലേര്‍പ്പെടാറുണ്ട്. ഇവിടെ ‘രാധ’ യൊഴിച്ച് ബാക്കി മൂന്നുപേരും ഈ കളിയിലെ കളിപ്പാവകളാണ്. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ നിശ്ചേതനയായി കിടക്കുന്ന രാധയുടെ ആജ്ഞാനുവര്‍ത്തിയായി ബോസും, അതോടനുബന്ധിച്ച കഥാപാത്രങ്ങളും മാറുന്നു. ഒരു ചതുരംഗത്തിലെ കളിപോലെ എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്നതാണ്. സഹസ്രാബ്ദണിയും മില്ലനും രണ്ട് കപ്പലിലെ യാത്രക്കാരാണെങ്കിലും ഒരു വഞ്ചിയിലെ തുഴച്ചിലിലേക്കെത്തുമ്പോള്‍ രണ്ടു പേരുടേയും നിസ്സാഹയതയും ആവശ്യകതയും പരസ്പരം തിരിച്ചറിയപ്പെടുന്നു.
പ്രപഞ്ചത്തില്‍ പ്രകൃതി പുരുഷബന്ധത്തെക്കുറിച്ച് പറയുമ്പോള്‍ സ്ത്രീയാണ്, സ്ത്രീതന്നെയാണ് ശക്തി. ഈ നോവലിലും ശക്തി സ്വരൂപിണികള്‍ സ്ത്രീകള്‍ തന്നെ. രാധ — ചേതനയില്ലാത്ത സക്രിയയാണെങ്കില്‍ സഹസ്രാബ്ദിണി — ചേതനയുള്ള നിഷ്‌ക്രിയയാവാന്‍ വിധിക്കപ്പെടുന്നവള്‍. എന്നാല്‍ നിഷ്‌ക്രിയത്വത്തിലും സഹസ്രാബ്ദിണി അവളുടെ മാനസികശക്തി പ്രകടമാക്കുന്നുണ്ട്.
തന്റെ തിരക്കഥയില്‍ നിന്നൊരിക്കലും രക്ഷപ്പെടാനാവില്ലെന്ന വിശ്വാസത്തില്‍ രാധ സഹസ്രാബ്ദിണിയോട് സത്യകഥനം നടത്തുമ്പോള്‍ ഇനിയുള്ള കഥ എന്റെതാവട്ടെ എന്ന് മനസാലുറപ്പിച്ച് ഏവരേയും അമ്പരപ്പിച്ചുകൊണ്ട് സഹസ്രാബ്ദിണി അപ്രത്യക്ഷമാവുന്നു. അതുവരെയുണ്ടായിരുന്ന അവസ്ഥക്ക് അപ്രതീക്ഷിതമായ ഒരു ക്രമഭംഗം നേരിടുന്നത് അപ്പോഴാണ്. ഏതു മാറ്റങ്ങളും ഒരു ഭാവഭേദവും വരാതെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നത് രാധയ്ക്കുമാത്രമാണ്. പരാജയപ്പെട്ടവന്റെ പരീക്ഷീണതയോടെ രാധയിലേക്ക് തിരിച്ചെത്തുന്നിടത്ത് ബോസിന്റെ കഥാപാത്രത്തിന്റെ ഭാഗം അവസാനിക്കുന്നു. അടിമയായ മില്ലനാകട്ടെ സഹസ്രാ ബ്ദിണിയെ കണ്ടെത്താനാവാതെ, ഒന്നും ചെയ്യാനില്ലാതെ, ഒരിടത്തും പോകാനില്ലാതെ ബോസിനടുത്ത് തനിക്ക് വിധിക്കപ്പെട്ട ഇടം ഇവിടെതന്നെയെന്ന രീതിയില്‍ ചുരുണ്ടു കൂടുന്നു.
കഥയുടെ പേരുകള്‍ പോലെ കഥാപാത്രങ്ങളുടെ പേരിന്റെ കണ്ടെത്തലുകളും വളരെ രസകരമായിട്ടാണ് തോന്നിയത്.

ഇണജീവിതം ദ എന്‍ട്രോപി
സി ഗണേഷ്, മഹേന്ദര്‍
എസ് സി സി എസ്
വില 70