Web Desk

April 18, 2020, 2:15 am

രണ്ടാം ആര്‍ബിഐ പാക്കേജ് പ്രതിസന്ധി നേരിടാന്‍ അപര്യാപ്തം

Janayugom Online

കൊറോണ വെെറസ് വ്യാപനം സൃഷ്ടിച്ച ഗുരുതര സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ റിസര്‍വ് ബാങ്ക് ഇന്നലെ പ്രഖ്യാപിച്ച രണ്ടാം സാമ്പത്തിക പാക്കേജ് പ്രശ്നത്തിന്റെ വ്യാപ്തിയുമായുള്ള താരതമ്യത്തില്‍ അപര്യാപ്തമാണെന്ന് സാമ്പത്തിക വിദഗ്ധര്‍.

പാക്കേജിനെ പൊതുവില്‍ സ്വാഗതം ചെയ്ത കേരളത്തിന്റെ ധനമന്ത്രി റിസര്‍വ് ബാങ്ക് കേരളമടക്കം സംസ്ഥാനങ്ങളുടെ ആവശ്യങ്ങള്‍ അര്‍ഹമായ തോതില്‍ പരിഗണിച്ചിട്ടില്ലെന്ന് വിലയിരുത്തുന്നു. ആര്‍ബിഐ ബാങ്കുകളില്‍ നിന്നും വായ്പ സ്വീകരിക്കുന്നതിന് നല്‍കിവന്നിരുന്ന നാല് ശതമാനം പലിശ 3.75 ആയി കുറച്ചതാണ് ഒരു നടപടി. ബാങ്കുകള്‍ വായ്പ നല്‍കുന്നതിനു പകരം ഫണ്ടുകള്‍ ആര്‍ബിഐയില്‍ സൂക്ഷിക്കുന്ന പ്രവണത നിയന്ത്രിക്കുന്നതിനും അതുവഴി വിപണിയില്‍ പണലഭ്യത ഉറപ്പുവരുത്തുന്നതിനും ലക്ഷ്യംവച്ചുള്ളതാണ് ഈ നടപടി. ഇത്തരത്തില്‍ ബാങ്കുകള്‍ ദിനംപ്രതിയെന്നോണം ആര്‍ബിഐയില്‍ സൂക്ഷിക്കുന്നത് ഏതാണ്ട് ആറ് ലക്ഷം കോടിയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

എന്നാല്‍ കേവലം ഈ നടപടികൊണ്ട് കൂടുതല്‍ വായ്പകള്‍ നല്‍കാന്‍ ബാങ്കുകള്‍ തയ്യാറാവുമെന്ന് കരുതാനാവില്ല. അര്‍ഹരായ ആവശ്യക്കാര്‍ക്ക് പര്യാപ്തമായ വായ്പകള്‍ ലഭ്യമാക്കാന്‍ ശക്തമായ ഇടപെടലുകള്‍ക്ക് റിസര്‍വ് ബാങ്കും ഗവണ്‍മെന്റും തയ്യാറാവണം. അത്തരത്തിലുള്ള നയസമീപനം കൂടാതെയുള്ള ഇപ്പോഴത്തെ നടപടി അര്‍ത്ഥപൂര്‍ണമാകുമെന്ന് കരുതാനാവില്ല. നബാര്‍ഡ്, ഇന്ത്യയുടെ ചെറുകിട വ്യവസായ വികസന ബാങ്ക് (എസ്ഐഡിബിഐ), ദേശീയ പാര്‍പ്പിട ബാങ്ക് (എന്‍എച്ച്ബി) എന്നിവ വഴി അമ്പതിനായിരം കോടി രൂപയുടെ പണലഭ്യത പാക്കേജ് വാഗ്ദാനം ചെയ്യുന്നു. അവ എത്രത്തോളം സമൂഹത്തിന്റെ ഏറ്റവും താഴ്ന്ന തലത്തിലേക്ക് എത്തും എന്നതിനെ ആശ്രയിച്ചിരിക്കും പദ്ധതിയുടെ വിജയപരാജയങ്ങള്‍. മേല്‍വിവരിച്ച പദ്ധതികളടക്കം പാക്കേജ് പൊതുവില്‍ സ്വാഗതാര്‍ഹമെങ്കിലും രാജ്യം അഭിമുഖീകരിക്കുന്ന ഗൗരവതരമായ സാമ്പത്തിക വെല്ലുവിളികളെ നേരിടാന്‍ അവ അപര്യാപ്തമാണ്.

സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്ക് വായ്പ ലഭ്യമാക്കുമെന്ന് പറയുമ്പോഴും ആ മേഖലയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് അര്‍ഹമായ പരിഗണന പാക്കേജ് നല്‍കുന്നില്ല. ഒരു മാസക്കാലത്തിലേറെ അടച്ചുപൂട്ടിക്കിടന്ന വ്യവസായ, വ്യാപാര സ്ഥാപനങ്ങള്‍ പുതിയ വായ്പകൊണ്ട് ഒരു സുപ്രഭാതത്തില്‍ പുനഃസ്ഥാപിക്കാന്‍ കഴിയുമെന്ന് കരുതുന്നത് തികഞ്ഞ മൗഢ്യമാണ്. നിലവിലുള്ള വായ്പകളുടെ പിഴപലിശയടക്കം പലിശയില്‍ ഗണ്യമായ ഇളവുകള്‍ നല്‍കാതെയും സംരംഭം പുനരാരംഭിക്കാനാവും വിധം വായ്പകള്‍ പുനഃക്രമീകരിക്കാതെയും സുപ്രധാനമായ ഈ തൊഴില്‍ മേഖലയ്ക്ക് പിടിച്ചുനില്‍ക്കാനാവില്ല. രാജ്യത്തിന്റെ ജനസംഖ്യയില്‍ ഗണ്യമായി ഒരു വിഭാഗത്തിന്റെ സ്വയം തൊഴില്‍ സംരംഭമാണ് ഈ മേഖലയെന്നത് വിസ്മരിച്ചുകൂട. നിലവിലുള്ള വായ്പകള്‍ക്ക് നേരത്തെ പ്രഖ്യാപിച്ച മൊറട്ടോറിയം ഫലത്തില്‍ ആശ്വാസത്തിനുപരം ഇടപാടുകാരെ കനത്ത സാമ്പത്തിക ഭാരത്തിലേക്കും കടക്കെ­ണിയിലേക്കും തള്ളിവിടുന്നതാണ്. മൊറട്ടോറിയം ഒരു വര്‍ഷത്തേക്ക് നീട്ടുകയും ആ കാലയളവിലെ പ­ലിശ ഒഴിവാക്കുകയും ചെയ്യാതെ സാമ്പത്തിക തകര്‍ച്ച തടയാനും ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നുനല്‍കാനും ക­ഴിയില്ല. കാര്‍ഷിക കടങ്ങളുടെ കാര്യത്തിലും‍ റിസര്‍വ് ബാങ്കും ഗവണ്മെന്റും കുറ്റകരമായ അവഗണനയാണ് തുടര്‍ന്നുപോരുന്നത്. അഭൂതപൂര്‍വമായ പ്രതിസന്ധിയാണ് രാജ്യത്തിന്റെ കാര്‍ഷികരംഗത്ത് കൊറോണ പൂര്‍വകാലത്തുതന്നെ നിലനിന്നിരുന്നത്.

കൊറോണാ മഹാമാരി ആ തകര്‍ച്ച ഏതാണ്ട് പൂര്‍ണമാക്കിയിരിക്കുന്നു. മികച്ച വിള പ്രതീക്ഷിച്ചിരുന്നിടത്ത് വിളവെടുപ്പ് പൂര്‍ത്തിയാക്കി ഉല്പന്നം വിപണിയില്‍ എത്തിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നത്. കൃഷിയും കര്‍ഷകനും നിലനില്‍ക്കണമെങ്കില്‍ കാര്‍ഷിക വായ്പകള്‍ സമ്പൂര്‍ണമായി എഴുതിതള്ളുകയെ മാര്‍ഗമുള്ളു. അതാവ‍ട്ടെ കോര്‍പ്പറേറ്റുകള്‍ക്ക് നാളിതുവരെ നല്‍കിയ ആനുകൂല്യങ്ങളുടെയും ഇളവുകളുടെ മൂന്നിലൊന്നുപോലും വരില്ലെന്നാണ് കണക്കാക്കുന്നത്. അടച്ചുപൂട്ടലിനെ തുടര്‍ന്ന് കേരളം ഉള്‍പ്പെടെ സംസ്ഥാനങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയെയാണ് നേരിടുന്നത്. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും സര്‍ക്കാരുകളുടെ അവശ്യം ആവശ്യമായ പ്രവര്‍ത്തനങ്ങളും ഉത്തരവാദിത്തങ്ങളും നിറവേറ്റാന്‍ കേന്ദ്രസഹായം അനിവാര്യമാണ്. മോഡി ഭരണകൂടമാവട്ടെ ഈ പ്രതിസന്ധി ഘട്ടത്തേയും നിക്ഷിപ്ത രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി ദുരുപയോഗം ചെയ്യാനാണ് ശ്രമിക്കുന്നത്. ആര്‍ബിഐയുടെ സ്വയംഭരണാവകാശം കേവലം പഴങ്കഥയായിരിക്കുന്നു. വിഭവങ്ങളും പദ്ധതികളും സ്വന്തം പിടിയില്‍ ഒതുക്കി രാഷ്ട്രീയ മുതലെടുപ്പാണ് ഭരണകൂടംലക്ഷ്യംവയ്ക്കുന്നത്. ജിഎസ്‌ടി നഷ്ടപരിഹാര തുക, കുറഞ്ഞ പലിശനിരക്കില്‍ കൂടുതല്‍ വായ്പയെടുക്കാനുള്ള അവസരം തുടങ്ങി സംസ്ഥാനങ്ങള്‍ ഉന്നയിക്കുന്ന ആവശ്യങ്ങളോട് പുറംതിരിഞ്ഞുനില്‍ക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാരും ആര്‍ബിഐയും അവലംബിക്കുന്നത്. ഇതിന് അടിയന്തരമായി മാറ്റം വരുത്താതെ നടത്തുന്ന പ്രഖ്യാപനങ്ങള്‍ ഈ പ്രതിസന്ധിഘട്ടത്തില്‍ സാമ്പത്തിക അതിജീവനത്തിന് ഉതകുന്നതല്ല.