4 November 2024, Monday
KSFE Galaxy Chits Banner 2

Related news

January 21, 2024
January 21, 2024
January 18, 2024
January 13, 2024
January 11, 2024
January 1, 2024
December 27, 2023
December 26, 2023
December 26, 2023
December 26, 2023

രാമക്ഷേത്രം ഉദ്‌ഘാടനം; നാല് ശങ്കരാചാര്യമാരും ബഹിഷ്‌കരിക്കും

Janayugom Webdesk
ന്യൂഡൽഹി
January 11, 2024 4:36 pm

നരേന്ദ്ര മോഡിയുടെ രാഷ്ട്രീയ പ്രചരണത്തിനുവേണ്ടിയുള്ള അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തെച്ചൊല്ലി ഹിന്ദു സന്യാസിമാരുടെ എതിര്‍പ്പ് ശക്തം. രാഷ്ട്രീയ നേതാവല്ല താന്ത്രിക കര്‍മ്മം നടത്തേണ്ടതെന്നും അങ്ങനെ ചെയ്യുന്നത് ധര്‍മ്മ വിരുദ്ധമാണെന്നും ശങ്കരമഠാധിപതികള്‍ തുറന്നടിച്ചു. ഈമാസം 22നുള്ള പ്രതിഷ്ഠാ ചടങ്ങില്‍ രാഷ്ട്രീയ നേതാവായ മോഡിയെ മുഖ്യാതിഥിയാക്കാനുള്ള തീരുമാനമാണ് രാജ്യത്തെ നാല് ശങ്കരപീഠങ്ങളിലെയും ആചാര്യന്‍മാരെ ചൊടിപ്പിച്ചതെന്ന് ഹിന്ദുത്വ അനുകൂല സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ദി സ്ട്രഗിള്‍ ഫോര്‍ ഹിന്ദു എക്സിസ്റ്റന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചടങ്ങില്‍ മോഡിയെ ഉയര്‍ത്തിക്കാട്ടാനുള്ള തീരുമാനം കേവലം രാഷ്ട്രീയമാണെന്നും ആചാരപരമല്ലെന്നും ശങ്കരാചാര്യന്മാരെ ഉദ്ധരിച്ച് പോര്‍ട്ടല്‍ പറയുന്നു. പരമ്പരാഗത ആചാരങ്ങള്‍ പ്രകാരം നടത്തേണ്ട ചടങ്ങില്‍ രാഷ്ട്രീയ നേതാവിനെ ഉയര്‍ത്തിക്കാട്ടിയുള്ള പ്രകടനം അംഗീകരിക്കാനാകില്ലെന്നാണ് ശങ്കരാചാര്യന്‍മാരുടെ നിലപാട്.

സര്‍ക്കാര്‍ തീരുമാനമനുസരിച്ച് നിര്‍മ്മിച്ച രാമക്ഷേത്രം പവിത്രമായ ക്ഷേത്രമല്ലെന്നും വെറുമൊരു ശവകുടീരമാണെന്നും പുരി ഗോവര്‍ധന്‍ മഠാധിപതി ശങ്കരാചാര്യ സ്വാമി നിശ്ചലാനന്ദ സരസ്വതി തുറന്നടിച്ചു. പരമ്പരാഗത രീതിയിലുള്ള ക്ഷേത്ര നിര്‍മ്മാണമല്ല അയോധ്യയില്‍ നടന്നിരിക്കുന്നത്. സര്‍ക്കാര്‍ നിയന്ത്രിത മന്ദിരമാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഒരു ക്ഷേത്രത്തിനു വേണ്ട പവിത്രതയും പരിപാവനതയും അവിടെയില്ല. ശ്രീരാമനോടുള്ള ബഹുമാനം ഒട്ടും കുറയാതെയാണ് പരിപാടിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് നാല് ആചര്യന്‍മാരും തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോഴും നിര്‍മ്മാണത്തിലിരിക്കുന്ന ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് ശൃംഗേരി ശാരദാ പീഠത്തിലെ സ്വാമി ശ്രീ ഭാരതി തീര്‍ത്ഥ പറഞ്ഞു. അപൂര്‍ണ ഘടനയില്‍ പ്രതിഷ്ഠാ ചടങ്ങ് നടത്തുന്നത് ഏങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു. രാം മന്ദിര്‍ ട്രസ്റ്റ് പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് മതനേതാക്കളുടെ അഭിപ്രായം തേടിയതായി അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശ്രീരാമന്റെ ജന്മദിനമായ രാമനവമിയാണ് പ്രതിഷ്ഠ നടത്താന്‍ അനുയോജ്യമെന്ന് ദ്വാരകാ പീഠം ശങ്കരാചാര്യ സ്വാമി സദാനന്ദ് സരസ്വതി പറഞ്ഞു. അതുകൊണ്ട് തന്നെ നിലവിലെ ചടങ്ങില്‍ പങ്കെടുക്കില്ല. ഉചിതമായ തീരുമാനമാണ് ബാക്കിയുള്ള മുന്നു ശങ്കരാചാര്യന്‍മാരും സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
മോഡി പങ്കെടുക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ധര്‍മ്മശാസ്ത്രത്തിന് വിരുദ്ധമാണെന്ന് ജ്യോതിഷപീഠത്തിലെ ശങ്കരാചാര്യ സ്വാമി അവിമുക്താനന്ദ് ചൂണ്ടിക്കാട്ടി. തങ്ങള്‍ മോഡി വിരുദ്ധരല്ലെന്നും എന്നാല്‍ ധര്‍മ്മശാസ്ത്ര വിരുദ്ധരാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഹിന്ദു വികാരം ആളിക്കത്തിച്ച് ഭരണം പിടിക്കാനുള്ള ബിജെപിയുടെയും സംഘ്പരിവാര്‍ ശക്തികളുടെയും കുത്സിത നീക്കമാണ് രാമക്ഷേത്ര പ്രതിഷ്ഠയെന്ന് പറയാതെ പറയുകയാണ് രാജ്യത്തെ നാല് ശങ്കര പീഠങ്ങളിലെയും അധിപര്‍.

Eng­lish Sum­ma­ry; Inau­gu­ra­tion of Ram Tem­ple; All four Shankaracharyas will be boycotted
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.