Web Desk

തിരുവനന്തപുരം

September 15, 2020, 6:49 pm

സ്മാർട്ടായി പരശുവയ്ക്കൽ, തിരുമല വില്ലേജ് ഓഫീസുകൾ

Janayugom Online

പരശുവയ്ക്കലിലും തിരുമലയിലും യാഥാർഥ്യമായ സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ പ്രവർത്തനോദ്ഘാടനം റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ വീഡിയോ കോൺഫറൻസിംഗിലൂടെ നിർവഹിച്ചു. ജനങ്ങളുടെ റവന്യൂ സംബ്ബന്ധ പ്രശ്‌നങ്ങൾ ഏറ്റവും വേഗത്തിൽ പരിഹാരം കണ്ടെത്താൻ വില്ലേജ് ഓഫീസുകൾ സജ്ജമാകണമെന്നും സർക്കാർ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം സംസ്ഥാന സർക്കാരിന്റെ ലക്ഷ്യങ്ങളിലൊന്നാണെന്നും മന്ത്രി പറഞ്ഞു. ജനങ്ങളെ സർക്കാരുമായി ബന്ധിപ്പിക്കുന്ന അവിഭാജ്യ ഘടകങ്ങളിൽ ഒന്നാണ് വില്ലേജ് ഓഫീസുകളെന്നും മന്ത്രി പറഞ്ഞു. ജില്ലാ കളക്ടർ ഡോ.നവജ്യോത് ഖോസ വീഡിയോ കോൺഫറൻസിലൂടെ സ്വാഗതമാശംസിച്ചു.

സംസ്ഥാന സർക്കാരിന്റെ സ്മാർട്ട് വില്ലേജ് ഓഫിസ് പദ്ധതിയിൽ പാറശാല നിയോജകമണ്ഡലത്തിൽ ആദ്യ ഘട്ടത്തിൽ പരശുവയ്ക്കൽ വില്ലേജ് ഓഫീ സാണ് ഉൾപ്പെടുത്തിയത് സ്വന്തമായൊരു വില്ലേജ് ഓഫീസ് കെട്ടിടം വേണമെന്ന പരശുവയ്ക്കൽ ഗ്രാമവാസികളുടെ ഏറെക്കാലത്തെ ആവശ്യമാണ് ഇതിലൂടെ യാഥാർത്ഥ്യമായിരിക്കുന്നത്.

44 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്. സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡിനായിരുന്നു നിർമാണ ചുമതല. സേവനങ്ങൾ വിരൽതുമ്പിലെത്തിക്കുന്നതിനോടൊപ്പം ഓഫീസ് സംവിധാനം അടിമുടി മാറും വിധമാണ് ക്രമീകരണം. ഇരിപ്പിടം, ശുദ്ധജലം, ശുചിമുറി തുടങ്ങിയ സംവിധാനങ്ങളെല്ലാം സ്മാർട്ട് വില്ലേജ് ഓഫീസിലുണ്ട്. പൂർണമായും ശീതീകരിച്ച കെട്ടിടത്തിൽ ജീവനക്കാർക്ക് പ്രത്യേക ക്യാബിൻ സംവിധാനവും ഒരുക്കിയിട്ടുണ്ട്.

പരശുവയ്ക്കൽ സ്മാർട്ട് വില്ലേജ് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ സി.കെ. ഹരീന്ദ്രൻ എം. എൽ .എ അധ്യക്ഷത വഹിച്ചു. എ.ഡി.എം വി.ആർ. വിനോദ് റിപ്പോർട്ട് അവതരിപ്പിച്ചു.പാറശ്ശാല ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്.സുരേഷ്,ജില്ലാ പഞ്ചായത്ത് അംഗം എസ്.കെ.ബെൻ ഡാർവിൻ,പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മഞ്ജു സ്മിത,ബ്ലോക്ക് പഞ്ചായത്ത് അംഗം നിർമ്മല കുമാരി, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,നെയ്യാറ്റിൻകര തഹസിൽദാർ ടി.എം.അജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.

രണ്ട് ഘട്ടങ്ങളിലായി 50 ലക്ഷം രൂപ ചെലവഴിച്ചാണ് തിരുമല സ്മാർട്ട് വില്ലേജ് ഓഫീസ് പൂർത്തിയാക്കിയത്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഇരുനില കെട്ടിടമാണ് തിരുമലയിലേത്. തിരുമലയിൽ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ ഒ.രാജഗോപാൽ എംഎൽഎ അധ്യക്ഷത വഹിച്ചു.മേയർ കെ.ശ്രീകുമാർ, സബ് കളക്ടർ മാധവിക്കുട്ടി, വാർഡ് കൗൺസിലർമാർ, വിവിധ ജനപ്രതിനിധികൾ, തിരുവനന്തപുരം തഹസിൽദാർ ഹരിശ്ചന്ദ്രൻ നായർ, വില്ലേജ് ഓഫീസർ കെ. എസ് .മനോജ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Eng­lish sum­ma­ry: Inau­gu­ra­tion of vil­lage offices

You may also like  this video: