സദാനന്ദന്‍ ചേപ്പാട്

July 23, 2021, 5:09 am

പരശുരാമന്‍ സൃഷ്ടിച്ച കേരളത്തില്‍ അവതാര കഥകള്‍ക്ക് മങ്ങലേറ്റു!

Janayugom Online

കേരളം അവതാര പുരുഷനായ പരശുരാമനാല്‍ സൃഷ്ടിക്കപ്പെട്ടതാണെന്ന് വിശ്വസിക്കുന്നവര്‍ ധാരാളമാണ്. എന്നാല്‍, പരശുരാമനും ശ്രീരാമനും ഒക്കെ അവതാരങ്ങളായി ഭൂമിയില്‍ അവതരിക്കും മുമ്പ് കേരളം ഉണ്ടായിരുന്നതായി പുരാണകഥകള്‍ തന്നെ പറയുന്നുമുണ്ട്. ബ്രാഹ്മണ ശ്രേഷ്ഠനായിരുന്ന പരശുരാമന്‍ സൃഷ്ടിച്ച കേരളത്തില്‍ ബ്രാഹ്മണ്യം എന്ന സങ്കല്പത്തിന്റെ രൂപരേഖയായി കരുതപ്പെടുന്ന ചാതുര്‍വര്‍ണ്യവും മറ്റും നിലനിന്നിരുന്ന കാലം മുതല്‍ കേരളത്തിലെ ജനങ്ങള്‍ അനുഭവിച്ചുപോന്നിരുന്ന വര്‍ണ വര്‍ഗവിവേചന കഥകള്‍ പഠിക്കുന്നവര്‍ക്ക് ഒരുകാര്യം ബോധ്യമാകും. അതായത് ആധുനിക കാലഘട്ടത്തില്‍ ഇത്തരം അവതാര കഥകളുടെ പേരില്‍ ജനങ്ങളെ വേര്‍പിരിക്കുവാന്‍ കഴിയില്ല. ഇന്ന് കേരളത്തില്‍ ജീവിക്കുന്ന ജനങ്ങളില്‍ ഏതാണ്ട് നേര്‍പകുതിയോളം പേര്‍ ഹിന്ദുമതത്തില്‍ നിന്നും വിട്ടുപോയവരാണ്. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് ദര്‍ശിച്ച കാറല്‍ മാര്‍ക്സ് കണ്ടത് മതവും ജാതിയും ഇല്ലാത്ത മനുഷ്യവര്‍ഗത്തെയാണ്. കേരളത്തിലെ ഹിന്ദുമതത്തിലെ ജാതിവ്യത്യാസങ്ങള്‍ അതിലൂടെ നിലനിന്നുവന്നിരുന്ന ഉച്ചനീചത്വങ്ങള്‍ എന്നിവയുടെ ഭീകരത ദര്‍ശിച്ച സ്വാമി വിവേകാനന്ദന്‍ കേരളം ഒരു ഭ്രാന്താലയമാണെന്നാണ് പറഞ്ഞതും. ഈ ഭ്രാന്താലയത്തില്‍ ഹിന്ദുമത സങ്കല്പത്തില്‍ നിന്നും ഉണ്ടായ ബീഭത്സവും കഠിനവുമായ പീഡനങ്ങളില്‍ മനംനൊന്തവരാണ് ഇറക്കുമതി ചെയ്ത മറ്റു മതങ്ങളിലേക്ക് മാറിയതും മാറ്റിയെടുക്കപ്പെട്ടതും. പാവപ്പെട്ട താണ ജാതിക്കാര്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം അനുവദിച്ചിരുന്നില്ല. അവര്‍ക്ക് വിദ്യാഭ്യാസവും പാടില്ലെന്നായിരുന്നു. വീട് ഓട് മേയുവാനും പുതുവസ്ത്രം ധരിക്കുവാനും ആഭരണങ്ങള്‍ അണിയുവാനും അനുവാദം കൊടുത്തിരുന്നില്ല! ഭൂമി സ്വന്തമാക്കുവാനും വോട്ട് ചെയ്യുവാനും അധികാരമില്ലായിരുന്നു. കൊല്ലവര്‍ഷം 225ല്‍ എഡി-1050 ല്‍ രൂപീകൃതമായിരുന്ന എട്ടര യോഗം എന്ന സംഘടനയില്‍ എട്ട് പോറ്റി ബ്രാഹ്മണരും രാജാവും ചേര്‍ന്ന് തീരുമാനിക്കുന്നത് മാത്രമാണ് നടന്നുവന്നത്. രാജാവിന് 1/2 വോ‍ട്ടിനാണ് അവകാശം. ദേവസ്വം ഭരണമാണ് എല്ലാ സ്ഥലത്തും ഉയര്‍ന്നുനിന്നതും. നാട് മൊത്തം ദേവസ്വം വകയായിരുന്നു. എട്ട് പോറ്റി ബ്രാഹ്മണര്‍ക്ക് രാജാവിനെപ്പോലും ശിക്ഷിക്കുവാന്‍ കഴിഞ്ഞിരുന്നു. അത്ര വിപുലമായ അധികാരങ്ങളാണ് ദേവസ്വം ഭരണക്കാര്‍ക്ക് ഉണ്ടായിരുന്നതും.

ദേവസ്വത്തിന്റെ കീഴില്‍ അഥവാ അധികാര പരിധിയില്‍ കഴിയേണ്ടിവന്നവരുടെ ജീവനും സ്വത്തും ഈ അധികാരികളുടെ കെെകളിലും. എല്ലാ വര്‍ഷവും ക്ഷേത്രങ്ങളില്‍ നടത്താറുള്ള ഉത്സവങ്ങള്‍ക്ക് മുമ്പ് കൊടിമരം നാട്ടുന്ന അവസരത്തില്‍ ദേവസ്വം നിയമത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചവരെ പിടികൂടി നിഷ്ക്കരുണം തലയറുത്ത് വധിക്കുന്ന സമ്പ്രദായം നിലനിന്നിരുന്നു. എട്ടാം നൂറ്റാണ്ടുവരെ കേരളത്തിലെ സ്ഥിതി ഇതായിരുന്നു. തിരുവനന്തപുരം ദേവസ്വത്തിന്റെ രേഖകളില്‍ നിന്നും ഇവ മനസിലാക്കാം. (എ ഹിസ്റ്ററി ഓഫ് ട്രാവന്‍കൂര്‍ ഫ്രം ദി ഏര്‍ളിയസ്റ്റ് ടെെംസ് പേജ് നം: 69) ശ്രീ ശങ്കരാചാര്യരുടെ ജീവിതത്തില്‍ നിന്നും ചരിത്രാന്വേഷണം നടത്തുന്നവര്‍ക്ക് പഠിക്കുവാന്‍ ധാരാളമാണ്. നമ്പൂതിരി ബ്രാഹ്മണരുടെ ഈവിധത്തിലുള്ള കൊടിയ ക്രൂരതകളും ഏകാധിപത്യ പ്രവണതകളും ഒരുവിധത്തിലും പരിവര്‍ത്തന വിധേയമാ‌ക്കാന്‍ കഴിയാതെ വന്നിരുന്ന കാലഘട്ടത്തിലാണ് ശങ്കരാചാര്യര്‍ ഈ അധികാരത്തെ ഒന്ന് ഉടച്ചുവാര്‍ത്തത്. ശപിക്കുവാന്‍ തക്ക ശക്തി സമ്പാദിച്ചിരുന്ന ബ്രാഹ്മണരെ ഭരണാധികാരികള്‍ക്കും ഭയമായിരുന്നു. പന്നിയൂര്‍കൂര്‍— ചൊവ്വരകൂര്‍— എന്നീ രണ്ട് വിഭാഗമായി വര്‍ത്തിച്ചുവന്നിരുന്ന ഈ ശക്തികേന്ദ്രങ്ങളെ ആദിശങ്കരന്‍ ഉടച്ചുവാര്‍ത്തു. ഓരോ വകുപ്പുകള്‍ക്കും ആളുകളെ നിര്‍ദ്ദേശിച്ചു. അതും ഓരോ മതാചാര്യന്റെ കീഴിലുമായി. വേദകാര്യങ്ങളില്‍ വിധി പറയുവാന്‍ അറിവും അര്‍ഹതയും ഉള്ളവര്‍ ആധ്യാത്മിക നിയമജ്ഞര്‍-സ്മാര്‍ത്തന്മാര്‍-അങ്ങനെ പല വിധത്തിലുള്ള കാര്യങ്ങള്‍ക്ക് വിചാരണ നടത്തി മാത്രം കാര്യങ്ങള്‍ ചെയ്യുവാനുള്ള ഒരു മിനിമം പരിപാടി നടപ്പില്‍ വരുത്തിയതു ആദിശങ്കരനായിരുന്നു. ചാതുര്‍വര്‍ണ്യ വ്യവസ്ഥിതിയില്‍ അടയാളപ്പെടുത്തിയ ജാതിക്കാര്‍ മാത്രമേ ഭരണക്കാരുടെ കണക്കില്‍ വന്നിരുന്നുള്ളു. മറ്റുള്ളവര്‍ ചണ്ഡാലന്മാരാണ്. അവരെ കാണുന്നതുപോലും പാപമായി കരുതിയിരുന്നു. സമസ്ത പുരോഗതിയില്‍ നിന്നും ആട്ടിയോടിക്കപ്പെട്ട ഈ ബഹുഭൂരിപക്ഷം വരുന്ന പാവപ്പെട്ട മനുഷ്യര്‍‍ നരകിച്ചു ജീവിക്കുകയായിരുന്നു. ഇവരെ പകലന്തിയോളം പാടത്തും പറമ്പിലും എല്ലുമുറിയുവോളം പണിയെടുപ്പിക്കും. സൂര്യനസ്തമിക്കാതെ പണി നിറുത്തിയിരുന്നില്ല. കൊടിയ പീഡനങ്ങള്‍ ഏറ്റുവാങ്ങി അടിമകളായി ജീവിച്ചുപോന്നിരുന്നവര്‍ രക്തം വിയര്‍പ്പാക്കി മാറ്റി ഉല്പാദിപ്പിച്ചിരുന്ന വിളകളും മറ്റ് ഭൗതിക നേട്ടങ്ങളും ബ്രാഹ്മണര്‍ക്കു ദാനമായി നല്കണം.

ബ്രാഹ്മണര്‍ അതിനായി നിര്‍മ്മിച്ച 16 മഹാദാനങ്ങളുടെ കഥ പഠിക്കേണ്ടതാണ്. ഷോഢശമഹാദാനങ്ങള്‍ എന്നാണ് ഇവയെക്കുറിച്ച് പറഞ്ഞിരുന്നത്. ഹേമാദ്രി എന്ന സംസ്കൃത കൃതിയില്‍ തുലാപുരുഷദാനം മുതല്‍ മഹാഭൂതഘടദാനം വരെയുള്ള 16 ദാനങ്ങള്‍ നല്കാതെ രാജ്യം ഭരിക്കുവാന്‍ രാജാവിനെയും അനുവദിച്ചിരുന്നില്ല. ഇതില്‍ ഹിരണ്യ ഗര്‍ഭദാനവും-തുലാപുരുഷദാനവും കോടികളുടെ ചെലവു വരുന്നതുമായിരുന്നു. ആറു മാസക്കാലം പൂജയും ദക്ഷിണയും സദ്യവട്ടങ്ങളും ബ്രാഹ്മണര്‍ക്കായി ഒരുക്കും. സ്വര്‍ണം കൊണ്ട് തീര്‍ത്ത ഒരു പശുവിന്റെ വായില്‍ക്കൂടി മഹാരാജാവ് കടന്ന് ഗുദംവഴി പുറത്തേക്കു ചാടുന്ന വിദ്യയാണ് ഹിരണ്യ ഗര്‍ഭദാനം. പിന്നീട് സ്വര്‍ണപ്പശുവിനെ മുറിച്ചു ബ്രാഹ്മണര്‍ പങ്കിട്ടെടുക്കും. ആറു മാസത്തെ പൂജയും ദക്ഷിണയും സദ്യയും കഴിഞ്ഞ് അലങ്കരിച്ച തുലാസില്‍ മഹാരാജാവ് കയറിയിരിക്കും. രാജാവിന്റെ ശരീരഭാരത്തിന് തുല്യം സ്വര്‍ണനാണയങ്ങള്‍ നിറച്ച ചാക്ക് തുലാസിന്റെ മറുതട്ടത്തിലും വയ്ക്കും. തുടര്‍ന്ന് ഈ സ്വര്‍ണനാണയങ്ങള്‍ രണ്ട് കെെ നിറയെ വാരി വാരി ബ്രാഹ്മണര്‍ക്ക് നല്കി ചടങ്ങുകള്‍ അവസാനിപ്പിക്കും. തിരുവിതാംകൂറില്‍ എ ഡി 1758–59 കാലത്തുപോലും ഈ വിധം ചടങ്ങുകള്‍ നടത്തിയിരുന്നു.

ചരിത്രത്തിലെ ഒരു തുലാപുരഷദാന ചടങ്ങിന്റെ കഥ നോക്കുക. പതിനായിരം ബ്രാഹ്മണര്‍ക്ക് സദ്യ. അതും മൂന്നു മാസക്കാലം അതിനായി വിപുലമായ പന്തല്‍. സദ്യാലയങ്ങള്‍ മറ്റു ചട്ടവട്ടങ്ങള്‍; പൂജകളും യാഗവും യജ്ഞവും മറ്റും നടത്തുവാനായി അതിവിപുലമായ ഒരുക്കങ്ങള്‍; അവയ്ക്ക് ആവശ്യമായ പൂക്കള്‍, പൂജാദ്രവ്യങ്ങള്‍, ബ്രാഹ്മണര്‍ക്ക് പുതുവസ്ത്രങ്ങള്‍, ദക്ഷിണ, അങ്ങനെ നിരവധി ചടങ്ങുകള്‍ വേറെ. ഇതിനു പുറമേ സ്വര്‍ണംകൊണ്ടുള്ള കളികളുടെ കഥ തിരുവിതാംകൂര്‍ ചരിത്രത്തിലുണ്ട്. കൊല്‍ക്കത്തയിലെ കമ്പനിയില്‍ നിന്ന് വാങ്ങിക്കൊണ്ടുവന്ന സ്വര്‍ണകഷണങ്ങള്‍ നാണയരൂപത്തില്‍ തീര്‍ത്തു ചാക്കുനിറച്ചിരുന്നു. പശുവിന്റെ രൂപത്തിലാക്കിയും ബ്രാഹ്മണര്‍ക്ക് ദാനം ചെയ്യുന്ന കര്‍മ്മങ്ങള്‍ നടന്ന നാടാണ് കേരളം. ദേവസ്വം ഭരണക്രമം എന്നാല്‍ തികഞ്ഞ ഏകാധിപത്യ ഭരണക്രമം തന്നെയായിരുന്നു. ഹിന്ദുമതത്തിലെ പാവപ്പെട്ട താണ ജാതിക്കാരുടെ അധ്വാനമാണ് കേരളത്തിലെ കാര്‍ഷികമേഖലയില്‍ നിന്നും ലഭിച്ചുവന്ന ആദായം. എന്നാല്‍ ഈ മേഖലയില്‍ പകലന്തിയോളം പണിയെടുക്കുന്ന പാവപ്പെട്ട മനുഷ്യരുടെ മനുഷ്യാവകാശങ്ങള്‍ മൊത്തം ഇല്ലായ്മ ചെയ്തും അവരെ വഴി നടത്തുവാനും അക്ഷരാഭ്യാസത്തിനും മാന്യമായി വസ്ത്രം ധരിക്കുവാനും പൊതുകുളത്തില്‍ നിന്നും വെള്ളമെടുക്കുവാനും പുര ഓട് മേയുവാനും സ്വര്‍ണാഭരണങ്ങള്‍ ധരിക്കുവാനും അനുവാദം നല്കിയിരുന്നില്ല. ദേവസ്വം നിയമത്തെ ധിക്കരിച്ചാല്‍ അവരെ പിടികൂടി ക്ഷേത്ര ഉത്സവത്തിന് കൊടിമരച്ചോട്ടില്‍ തല അറുത്ത് നീക്കി കബന്ധം തൂക്കി നിറുത്തുമായിരുന്നു. ലോകചരിത്രത്തില്‍ ഒരിടത്തും കേട്ടുകേള്‍വിയില്ലാത്ത ഇത്തരം ചെയ്തികള്‍ ചെയ്തുവന്ന മഹാരാജാക്കന്മാരെ പൊന്നുതമ്പുരാക്കന്മാര്‍ എന്നാണ് വിളിച്ചിരുന്നത്. തെക്കന്‍ തിരുവിതാംകൂറില്‍ കഴുകന്‍ തിട്ട എന്ന പേരില്‍ ഒരു സ്ഥലമുണ്ട്. പാവപ്പെട്ട താണ ജാതിക്കാരെ പൊന്നു തമ്പുരാക്കാന്മാരുടെ പൃഷ്ടംതാങ്ങികളുടെ നിര്‍ദ്ദേശത്താല്‍ തലകീഴായി വലിയ വൃക്ഷത്തില്‍ കെട്ടിത്തൂക്കി കഴുകന് തീറ്റയായി നല്കുന്ന സ്ഥലം. പാവപ്പെട്ട താണജാതിക്കാരെ ഈവിധം ഭീകരമായ ശിക്ഷകള്‍ക്ക് വിധേയമാക്കി കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ കാണുവാന്‍ തമ്പുരാക്കാന്മാര്‍ വന്നിരുന്ന മണ്ഡപം ഇന്നും ഈ സ്ഥലത്ത് നിലനില്‍ക്കുന്നു! കഴുകന്മാര്‍ ഈ പാവങ്ങളുടെ ശരീരം കൊത്തിക്കീറുമ്പോള്‍ വേദനകൊണ്ട് അലറിവിളിക്കുന്നതുകേട്ട് പൊട്ടിച്ചിരിക്കുന്ന ഹൃദയഭേദകമായ സംഭവങ്ങള്‍ ഒരു രാജകീയ കല്പനയിലൂടെ നിറുത്തല്‍ ചെയ്തത് തിരുവിതാംകൂറിലെ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവായിരുന്നു.

ശുചീന്ദ്രം ക്ഷേത്രനടയില്‍ കള്ളം തെളിയിക്കുവാനായി തിളയ്ക്കുന്ന നെയ്യില്‍ കെെമുക്കി പരീക്ഷണം നടത്തുന്ന ഹീനകൃത്യം നിറുത്തല്‍ ചെയ്തത് സ്വാതിതിരുനാള്‍ മഹാരാജാവായിരുന്നു. റാണി ഗൗരി ലക്ഷ്മിഭായിത്തമ്പുരാട്ടിയായിരുന്നു അടിമവ്യാപാരം നിറുത്തല്‍ ചെയ്തതും. പാവപ്പെട്ട താണജാതിക്കാര്‍ മാറുമറയ്ക്കുന്നതും മുട്ടിനു താഴെവരെ നീളുന്നതുമായ വസ്ത്രം ധരിക്കുന്നതും പാടില്ലെന്ന രാജകീയ വിളംബരത്തിനെതിരെ തെക്കന്‍ തിരുവിതാംകൂറില്‍ ചന്നാര്‍-നാടാര്‍ വിഭാഗം നടത്തിയ ലഹളയും ലഹളയെ അടിച്ചമര്‍ത്തുവാന്‍ ഉത്രം തിരുനാള്‍ മഹാരാജാവ് കാട്ടിയ വ്യഗ്രതയും ചരിത്രമാണ്. പാവപ്പെട്ട ചാന്നാര്‍-നാടാര്‍ സ്ത്രീകള്‍ മദ്രാസ് ഗവര്‍ണര്‍ ജനറല്‍ ആയിരുന്ന സര്‍ ചാള്‍സ് ട്രെവലിയന്റിന്റെ മുന്നില്‍ സങ്കടങ്ങള്‍ സമര്‍പ്പിച്ചു. തുടര്‍ന്നു അദ്ദേഹം തിരുവിതാംകൂര്‍ റസിഡന്റ് മിസ്റ്റര്‍ കല്ലന്‍ പ്രഭുവിന് എഴുതിയ ഒരു കത്ത് ചരിത്രത്തിലുണ്ട്. ആ കത്ത് ഇവിടെ സമര്‍പ്പിച്ചുകൊള്ളട്ടെ. തിരുവിതാംകൂറില്‍ മാത്രമല്ല കേരളത്തില്‍ മൊത്തമായും ജാതിക്കോമരങ്ങള്‍ ഉറഞ്ഞുതുള്ളുകയും പാവപ്പെട്ട താണജാതിക്കാരുടെ ജീവിക്കുവാനുള്ള മനുഷ്യാവകാശങ്ങള്‍ എല്ലാം ഇല്ലായ്മ ചെയ്തുകൊണ്ടും നടത്തിവന്നിരുന്ന കൊടിയ ക്രൂരതകള്‍ വായിച്ചറിഞ്ഞ മദ്രാസ് ഗവര്‍ണര്‍ ജനറല്‍ സര്‍ ചാള്‍സ് ട്രെവലിയന്റെ കത്ത് കാണുക.

“സത്യവും നീതിയും മാത്രമല്ല സര്‍വവിധ മാനുഷികമൂല്യങ്ങളും ഇത്രമാത്രം അവഹേളിക്കപ്പെടുന്ന ഒരു കേസ് ഞാന്‍ ഇതിനുമുമ്പ് കണ്ടിട്ടില്ല. ഇത്തരം സന്ദര്‍ഭത്തില്‍ നാം ദൃഢമായ ഒരു നിലപാട് സ്വീകരിച്ചില്ലെങ്കില്‍ പരിഷ്കൃത ലോകമാകമാനം നമ്മെ പഴിക്കാനിടവരും. ചക്രവര്‍ത്തിനിയുടെ ഇന്ത്യന്‍ പ്രജകള്‍ക്ക് മറ്റുള്ളവരുടെ നീതിപൂര്‍വമായ അവകാശങ്ങളില്‍ കെെ കടത്താത്തിടത്തോളം കാലം സ്വതന്ത്രമായി ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനുമുള്ള സ്വാതന്ത്ര്യം ഒരു രാജകീയ വിളംബരം മുഖേന നിഷേധിക്കുന്നത് ന്യായീകരിക്കുവാന്‍ ശ്രമിക്കുന്നത് അസാധാരണമായിരിക്കുന്നു. താനുള്‍പ്പെട്ട സ്ത്രീസമൂഹത്തിന് ചക്രവര്‍ത്തിനി ഉറപ്പുകൊടുത്ത സംരക്ഷണത്തിന്റെ പരിധിയില്‍ നിന്നും ഏതാനുംപേര്‍ക്ക് ഒഴിച്ചുനിറുത്തപ്പെടുന്ന വിധത്തില്‍ സംഭവിച്ചാല്‍ അതു ചക്രവര്‍ത്തിനിയോടും അവര്‍ പ്രകടിപ്പിച്ച വികാരത്തോടും ഞാന്‍ കാട്ടുന്ന കടുത്ത അനീതിയായിരിക്കും. ഈ അഭിപ്രായങ്ങള്‍ മഹാരാജാവിനെ മനസിലാക്കേണ്ടതും 1814 മെയ് മാസത്തിലെ സര്‍ക്കുലര്‍ ഓര്‍ഡറിലും 1829ലെ വിളംബരത്തിലും പറയുന്ന നിരോധനങ്ങള്‍ കാലത്തിന് പറ്റാത്തതാണെന്നും സംസ്കാര സമ്പന്നനായ രാജാവിന് ചേരാത്തതാണെന്നും ചൂണ്ടിക്കാണിച്ചുകൊടുക്കേണ്ടതാണ്”.

കേരളത്തില്‍ നൂറ്റാണ്ടുകളായി പാവപ്പെട്ട താണജാതിക്കാര്‍ അനുഭവിച്ചുവന്നിരുന്ന മഹാവിപത്ത് എന്നത് ഇവിടെ നിലനിന്നിരുന്ന നമ്പൂതിരി ബ്രാഹ്മണരുടെ സൃഷ്ടിയായ ചാതുര്‍വര്‍ണ്യവ്യവസ്ഥിതിയും അവരുടെ അന്ധവിശ്വാസങ്ങളുമായിരുന്നു. എട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ശ്രീശങ്കരാചാര്യര്‍ ഇതിനെ എതിര്‍ക്കുകയും കാഠിന്യം കുറവു ചെയ്യുവാന്‍ നിലവിലെ സ്ഥിതി ഉടച്ചുവാര്‍ക്കുകയും ഉണ്ടായി. അതിന്റെ ഫലമായി ശങ്കരാചാര്യരെ തലാക്കു ചൊല്ലി. കേരളം വിട്ടുപോകുവാന്‍ കാരണം നമ്പൂതിരി ബ്രാഹ്മണരുടെ ഒറ്റപ്പെടുത്തല് ‍മൂലമായിരുന്നുവത്രെ! ചരിത്രപരമായ ഈവിധത്തിലുള്ള കാര്യകാരണങ്ങള്‍ പഠിക്കാതെ ആധുനികകാലത്തും അവതാരകഥകള്‍ പറഞ്ഞു മനുഷ്യരെ കബളിപ്പിക്കുവാന്‍ പറ്റില്ലെന്ന പാഠമാണ് ദൃശ്യമാകുന്നത്.

രാഷ്ട്രീയരംഗത്ത് കേരളം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ശക്തികേന്ദ്രമായി മാറുന്നതും മറ്റുചില ശക്തികള്‍ക്ക് ഒരുതരത്തിലും കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ ശക്തിയെ തകര്‍ക്കുവാന്‍ പറ്റാതാവുന്നതും പഠിക്കേണ്ടതുണ്ട്. അധ്വാനിക്കുന്ന ശക്തികള്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പു മുതല്‍ ഈ കേരളത്തില്‍ അനുഭവിച്ചുവന്ന പീഡനങ്ങള്‍ ചെറുതല്ല. ജാതിപരമായ പീഡനങ്ങളില്‍ നിന്നും പാവപ്പെട്ടവരെ രക്ഷിക്കുവാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സഹിച്ച പങ്കിനെ മറക്കുവാന്‍ പുതിയ തലമുറയ്ക്കും കഴിയുന്നില്ല. ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്ര സന്നിധിയില്‍ പരമ്പരാഗതമായി നടന്നുവരുന്ന വിശ്വാസ സങ്കല്പങ്ങള്‍ മുറപോലെ നടക്കട്ടെ. രാഷ്ട്രീയമായ ഒരുവിധ കൂട്ടിക്കുഴയ്ക്കലും അവിടെ ആവശ്യമില്ല. പത്തനംതിട്ട ജില്ല മുഴുവന്‍ കേന്ദ്രീകരിച്ചു നടന്ന വിശ്വാസസംബന്ധമായ ചര്‍ച്ചകളും; പഴിചാരലുകളും രാഷ്ട്രീയ നേട്ടങ്ങള്‍ സൃഷ്ടിച്ചില്ല. കൊല്ലവര്‍ഷം 345ല്‍ (എ ഡി 1170) പന്തളം രാജകുടുംബത്തെ തിരുവിതാംകൂര്‍ മഹാരാജാവ് ആദിത്യവര്‍മ്മ കുടിയിരുത്തിയ ചരിത്രം സൂക്ഷിക്കപ്പെടുന്ന ഈ രാജ്യത്ത് പാലാഴി കടഞ്ഞ കഥയും ദേവാസുരയുദ്ധവും ഒക്കെ കൂട്ടിക്കലര്‍ത്തി ആധുനിക ലോകത്തെ തലമുറയെ വശീകരിക്കാമെന്നതാണ് തമാശയായിരിക്കുന്നത്. ഭക്തി ഒരു അത്ഭുതശാന്തി മന്ത്രമാണ്. ഹൃദയശുദ്ധി, മനഃശുദ്ധി-കര്‍മ്മശുദ്ധി, ദര്‍ശനശുദ്ധി തുടങ്ങിയ ശുദ്ധി സങ്കല്പമാണ് വ്രതശുദ്ധിയെന്നതും. പരിപാവനമെന്നു കരുതുന്ന ബ്രഹ്മചാരി സങ്കല്പവും വ്രതശുദ്ധിയും അതിന്റെ വഴിക്കുതന്നെ പോകും. അവിടെ മറ്റു തരത്തിലുള്ള നാടകങ്ങള്‍ വിജയിക്കുകയുമില്ല. അവതാര കഥകള്‍ക്കു രാഷ്ട്രീയത്തില്‍ ഒരു സ്ഥാനവും ഇല്ലെന്നു കേരളം തെളിയിച്ചിരിക്കുകയാണ്.