
ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഉന്നതരടങ്ങുന്ന പത്തു പേർ അറസ്റ്റിൽ. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനും റെയിൽവേ പാലക്കാട് ഡിവിഷൻ ജീവനക്കാരനും പിടിയിലായതായി പൊലീസ് പറഞ്ഞു. 9 പ്രതികൾക്കായി തെരച്ചിൽ ഊർജ്ജിതമെന്നും പൊലീസ് അറിയിച്ചു. കുട്ടി പ്രതികളുടെ വലയിൽ അകപ്പെട്ടത് GRINDR (GAY DATING AND CHAT) ആപ്പ് വഴിയെന്നാണ് പൊലീസ് കണ്ടെത്തൽ. 18 വയസായെന്ന് രേഖപ്പെടുത്തിയാണ് ആപ്പ് ഉപയോഗിച്ചിരിക്കുന്നത്. ഏജൻ്റ് മുഖേന പ്രതികൾ കുട്ടിക്ക് അടുത്തെത്തി. ചന്തേര പൊലീസ് സ്റ്റേഷനിൽ മാത്രം ആറു കേസുകൾ രജിസ്റ്റർ ചെയ്‌തു. എട്ടു കേസുകൾ ജില്ലയ്ക്ക് പുറത്താണ്. 14 കേസുകളിലായി 18 പ്രതികൾ ആണ് ഉള്ളതെന്ന് പൊലീസ് പറയുന്നു.
കണ്ണൂർ, കോഴിക്കോട് സ്വദേശികളാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുന്നതെന്ന് പൊലീസ് പറഞ്ഞു. രാഷ്ട്രീയ നേതാവും പ്രതിപ്പട്ടികയിലുണ്ടെന്നാണ് സൂചന. ചന്തേര, ചിറ്റാരിക്കൽ, നീലേശ്വരം, ചീമേനി സ്റ്റേഷനുകളിലെ സിഐമാരുടെ നേതൃത്വത്തിൽ പ്രത്യേകസംഘം രൂപീകരിച്ചാണ് നിലവിൽ അന്വേഷണം നടത്തുന്നത്. 16 വയസുകാരനുമായി ഡേറ്റിംഗ് ആപ്പ് വഴി ബന്ധം സ്ഥാപിച്ച് പ്രതികൾ രണ്ടുവർഷമായി കുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നു. പ്രതിയെന്ന് സംശയിക്കപ്പടുന്ന തൃക്കരിപ്പൂരിലെ രാഷ്ട്രീയ നേതാവ് പൊലീസെത്തുന്ന വിവരമറിഞ്ഞ് രക്ഷപ്പെട്ടു എന്നാണ് വിവരം. ഇയാളെ പിടികൂടാനുള്ള ഊർജിത ശ്രമത്തിലാണ് പൊലീസ്. കഴിഞ്ഞ ദിവസം 16കാരൻ്റെ വീട്ടിലെത്തിയ ഒരാളെ അമ്മ കാണാനിടയായതാണ് സംഭവം പുറത്തറിയാൻ കാരണമായത്. അമ്മയെ കണ്ടയുടനെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.
ചന്തേര പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് 16 കാരനെ ചൈൽഡ് ലൈനിൽ ഹാജരാക്കി ചോദ്യം ചെയ്‌തപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവരുന്നത്. ചൈൽഡ് ലൈനിൽ നിന്നും ലഭിച്ച റിപ്പോർട്ടിനെ തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരമായിരുന്നു അന്വേഷണം. പ്രതികളെ പിടികൂടുന്നതിന് ഒരോ എസ്എച്ച്ഒ മാരുടെ നേതൃത്വത്തിലുള്ള സംഘത്തിനും ചുമതല നൽകി. വിവരം പുറത്തറിയാതിരിക്കാൻ അതീവ രഹസ്യമായിട്ടാണ് പൊലീസ് നടപടി. ഉച്ചയ്ക്ക് ജില്ലാ പൊലീസ് മേധാവി മാധ്യമങ്ങളെ കാണും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.