19 April 2024, Friday

ആഴിമലയിൽ യുവാവിനെ കാണാതായ സംഭവം; ഡിഎൻഎ പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചു

Janayugom Webdesk
July 19, 2022 11:11 am

തിരുവനന്തപുരം ആഴിമലയിൽ നിന്ന് കാണാതായ കിരണിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം തിരിച്ചറിയാനായി ഡിഎൻഎ പരിശോധനക്കുള്ള സാമ്പിളുകൾ ശേഖരിച്ചതായി പൊലീസ് അറിയിച്ചു. മൃതദേഹത്തിൽ നിന്ന് തമിഴ്‌നാട് അധികൃതർ ശേഖരിച്ച സാമ്പിൾ ഇന്നലെ വിഴിഞ്ഞം പൊലീസിന് കൈമാറി. കിരണിന്റെ മാതാപിതാക്കളെ വിളിച്ച് വരുത്തിയ അധികൃതർ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ച് രക്തസാമ്പിളും ശേഖരിച്ചു.

നെയ്യാറ്റിൻകര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഏഴാം കോടതിയുടെ അനുമതിയോടെ സാമ്പിളുകൾ ഇന്ന് തന്നെ തിരുവനന്തപുരം ഫോറൻസിക് ലാബിലേക്ക് പരിശോധനക്ക് അയക്കുമെന്ന് അന്വേഷണ ചുമതലയുള്ള വിഴിഞ്ഞം സിഐ പ്രജീഷ് ശശി അറിയിച്ചു. ഫലം കിട്ടിയാലുടൻ ആശാരിപ്പള്ളം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകുന്നതിന് തീരുമാനമുണ്ടാകും.

ഈ മാസം ഒമ്പത് ശനിയാഴ്ചയാണ് രണ്ടു സുഹൃത്തുക്കൾക്കൊപ്പം മൊട്ടമൂട് സ്വദേശിയായ കിരൺ ആഴിമലയിലെ ഫേസ്ബുക്ക് സുഹൃത്തായ പെണ്‍കുട്ടിയെ കാണാനെത്തിയത്. വീടിന് മുന്നിലെത്തി മടങ്ങുന്നതിനിടെ കിരണിനെയും സുഹൃത്തുക്കളെയും പെൺകുട്ടിയുടെ സഹോദരനും രണ്ടു ബന്ധുക്കളും പിന്തുടർന്ന് പിടികൂടി. കിരണിനെ ബൈക്കിലും സുഹൃത്തുക്കളെ കാറിലും കയറ്റി ആഴിമല ഭാഗത്തേക്ക് കൊണ്ടുപോകുകയായിരുന്നു.

ബൈക്കിൽ കയറിയ കിരൺ ആഴിമലയിലെത്തിയില്ലെന്നും ബൈക്കിൽ നിന്ന് ഇറങ്ങി ഓടിയെന്ന് പിടിച്ചുകൊണ്ട് പോയവർ പറഞ്ഞെന്നുമാണ് കൂട്ടുകാരുടെ മൊഴി. ഇത് സാധൂകരിക്കുന്ന ദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചത്. ആയുർവേദ റിസോർട്ടിലെ സിസിടിവി ദൃശ്യങ്ങളില്‍ ഓടി രക്ഷപ്പെടുന്ന കിരണിനെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു.

Eng­lish summary;Incident of youth miss­ing in Azhi­mala; Sam­ples were col­lect­ed for DNA testing

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.