Wednesday
11 Dec 2019

കാര്‍ഷിക മേഖലയിലെ വരുമാനം ഇടിഞ്ഞു

By: Web Desk | Sunday 3 March 2019 10:41 PM IST


ന്യൂഡല്‍ഹി: കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് പ്രഖ്യാപിച്ച നരേന്ദ്ര മോഡി സര്‍ക്കാരിന്റെ സാമ്പത്തിക-കാര്‍ഷിക നയങ്ങളുടെ ഭാഗമായി രാജ്യത്തെ കാര്‍ഷിക വരുമാനം കുത്തനെ കുറഞ്ഞു. കഴിഞ്ഞ 14 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വരുമാന നിരക്കാണ് ഇക്കുറി രേഖപ്പെടുത്തിയിരിക്കുന്നത്. 2018 ഒക്‌ടോബര്‍- ഡിസംബര്‍ മാസത്തിലെ കണക്കുകള്‍ പ്രകാരം 2.7 ശതമാനമാണ് കാര്‍ഷിക വരുമാന വളര്‍ച്ചാനിരക്ക്. തുടര്‍ച്ചയായ പതിനൊന്ന് പാദങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇപ്പോള്‍ രേഖപ്പെടുത്തിയത്.

ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ കണക്കുകള്‍ പ്രകാരം 2011-12 കാലയളവില്‍ രേഖപ്പെടുത്തിയ 2.04 ശതമാനമാണ് ഏറ്റവും കുറഞ്ഞ വരുമാന നിരക്ക്. 2004 ഒക്‌ടോബര്‍-ഡിസംബര്‍ പാദത്തില്‍ രേഖപ്പെടുത്തിയ മൈനസ് 1.1 ശതമാനമാണ് രാജ്യത്തിന്റെ ചരിത്രത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ കാര്‍ഷിക വരുമാന നിരക്കെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു. കൂടാതെ മൊത്തം ദേശീയ വരുമാനത്തില്‍ കാര്‍ഷിക മേഖലയില്‍ നിന്നും കൂട്ടിച്ചേര്‍ക്കപ്പെട്ട വരുമാനം തുലോം കുറവാണെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കാര്‍ഷികോല്‍പ്പാദനത്തില്‍ വര്‍ധന രേഖപ്പെടുത്തിയതാണ് കണക്കുകള്‍. 2017 ഒക്‌ടോബര്‍-ഡിസംബര്‍ പാദത്തില്‍ 2.67 ശതമാനമായിരുന്ന കാര്‍ഷികോല്‍പ്പാദനം. 2018 സമാന പാദത്തില്‍ 2.7 ശതമാനമായി ഉയര്‍ന്നു എന്നാണ് മോഡി സര്‍ക്കാരിന്റെ വാദം. എന്നാല്‍ നിലവിലുള്ള മാനദണ്ഡങ്ങള്‍ പ്രകാരം യഥാര്‍ഥ വളര്‍ച്ചാനിരക്ക് 2.04 ശതമാനം മാത്രമാണ്. കൂടാതെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയിലും ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്.
രൂപയുടെ മൂല്യച്യുതി വര്‍ധിച്ച 2016 ജനുവരി-മാര്‍ച്ച് പാദത്തില്‍ കാര്‍ഷികോല്‍പ്പാദന മേഖലയില്‍ ഇത്രമാത്രം കുറവ് വളര്‍ച്ച രേഖപ്പെടുത്തിയിട്ടില്ല. കര്‍ഷകര്‍ക്ക് തങ്ങളുടെ കാര്‍ഷിക വിളയില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിലും ഗണ്യമായ കുറവാണ് തുടര്‍ച്ചയായ പാദങ്ങളില്‍ രേഖപ്പെടുത്തുന്നത്.

കഴിഞ്ഞ നാല് വര്‍ഷമായി കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കി, കര്‍ഷകര്‍ക്ക് വൈദ്യുതി സൗജന്യമായി നല്‍കി, സബ്‌സിഡി നിരക്കില്‍ വളങ്ങളും വിത്തുകളും നല്‍കിയെന്നാണ് മോഡി സര്‍ക്കാര്‍ വാദിക്കുന്നത്. എന്നാല്‍ ഇതൊക്കെ പൊള്ളയാണെന്ന് തെളിയിക്കുന്നതാണ് കാര്‍ഷിക മേഖലയില്‍ നിന്നുള്ള വരുമാനവുമായി ബന്ധപ്പെട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്.
2020 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രഖ്യാപിച്ചിരുന്നു. അങ്ങനെയെന്ന് സംഭവിക്കില്ലെന്ന് മാത്രമല്ല വരുമാനം കുറയുകയാണെന്നാണ് ഇതില്‍ നിന്ന് ഉറപ്പിക്കാവുന്നത്. വ്യവസായ വളര്‍ച്ചയും കുറയുന്നുവെന്ന കണക്ക് കഴിഞ്ഞ മാസമാണ് പുറത്തുവന്നത്. അടിസ്ഥാനമേഖലകളെല്ലാം തകരുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഈയൊരു പശ്ചാത്തലത്തിലും രാജ്യം കുതിക്കുന്നുവെന്ന കെട്ടുകഥ പ്രചരിപ്പിക്കാനാണ് മോഡിയും കൂട്ടരും ശ്രമിക്കുന്നത്.

തെരഞ്ഞെടുപ്പ് മുന്നിലെത്തിയപ്പോള്‍ 2,000 രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ച് കാലുകഴുകല്‍ ശുശ്രൂഷയാണ് നടത്തിയത്. ഒരു കോടി പേര്‍ക്ക് തുക നല്‍കിയെന്ന് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചെങ്കിലും അതില്‍ 90 ശതമാനം പേര്‍ക്കും തുക ലഭിച്ചില്ലെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

Related News