സ്വന്തം ലേഖകൻ

മുംബൈ

November 19, 2020, 10:36 pm

ഇന്ത്യയിൽ വരുമാന അസന്തുലനം ഉയരുന്നു

വരുമാനത്തിന്റെ 56 ശതമാനവും ജനസംഖ്യയുടെ പത്തുശതമാനം പേരുടെ കൈകളിൽ
Janayugom Online

ഇന്ത്യയിൽ വരുമാന അസന്തുലനം വീണ്ടും ഉയരുന്നതായി റിപ്പോർട്ട്. 1980 കളുടെ തുടക്കം മുതൽ ഉയരാൻ തുടങ്ങിയ വരുമാന അസന്തുലനം കമ്മ്യൂണിസ്റ്റ് രാജ്യമായ ചൈന നിയന്ത്രിച്ചുവെങ്കിലും ഇന്ത്യയിൽ ഇതിന് സാധിച്ചിട്ടില്ലെന്ന് വേൾഡ് ഇനിക്വാളിറ്റി ലാബ് റിപ്പോർട്ട് വിലയിരുത്തുന്നു. ഇന്ത്യയിൽ 1980 കളിൽ വരുമാനത്തിന്റെ 30 ശതമാനം ഉയർന്ന വരുമാനക്കാരായ പത്തുശതമാനത്തിന്റേതായിരുന്നു. കേന്ദ്രസർക്കാരിന്റെ നയവൈകല്യങ്ങളുടെ ഫലമായി 2019 എത്തിയപ്പോഴേക്കും പത്തുശതമാനം പേർ വരുമാനത്തിന്റെ 56 ശതമാനം കയ്യാളുന്ന സ്ഥിതിയിലേക്കെത്തിയെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു. ചൈനയിൽ 1980 കളിൽ 28 ശതമാനം, 2019 ൽ 41 ശതമാനം എന്നിങ്ങനെയാണ് ഉയർന്ന വിഭാഗത്തിലുള്ള പത്തുശതമാനത്തിന്റെ വരുമാന പങ്കാളിത്തം.
ചൈനയിൽ പട്ടിണി നിർമ്മാർജ്ജന പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പാക്കിയതും മികച്ച വളർച്ചാനിരക്കുമാണ് കുറഞ്ഞ വരുമാന അസന്തുലനത്തിന്റെ കാരണമെന്ന് 173 രാജ്യങ്ങളെ ഉൾപ്പെടുത്തി തയ്യാറാക്കിയ പഠനം പറയുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഏജൻസിയാണ് വേൾഡ് ഇനിക്വാളിറ്റി ലാബ്. 

ചൈനയിൽ 1990 കളിൽ വരുമാനത്തിന്റെ എട്ട് ശതമാനം ജനസംഖ്യയിലെ ഒരു ശതമാനം പേര്‍ക്കുള്ളതായിരുന്നു. 2019 എത്തിയപ്പോഴേക്കും 14 ശതമാനം വരുമാനം ഇവരുടെ കൈകളിലെത്തി. ഇന്ത്യയിൽ 1990 കളിൽ 11 ശതമാനം വരുമാനം ഒരു ശതമാനം പേരുടെ കൈകളിലായിരുന്നു. 2019 എത്തിയപ്പോഴേക്കും ഇത് 21 ശതമാനം വരുമാനമായി ഉയരുകയായിരുന്നു.
ഇന്ത്യ, തായ്‌വാൻ തുടങ്ങിയ രാജ്യങ്ങളിൽ വരുമാന അസന്തുലനം തുടരുമ്പോൾ വിയറ്റ്നാം അടക്കമുള്ള കമ്മ്യൂണിസ്റ്റ് രാജ്യങ്ങളും വരുമാനവിതരണത്തിൽ മികച്ച പ്രകടനം നടത്തുന്നുണ്ട്. യുഎസിൽ സമീപകാലത്ത് അസന്തുലനം വർധിച്ചിട്ടുണ്ട്. പശ്ചിമേഷ്യൻ രാജ്യങ്ങളും ലാറ്റിനമേരിക്കൻ രാജ്യങ്ങളുമാണ് വരുമാന അസന്തുലനത്തിൽ ഏറ്റവും മുന്നിലുള്ളത്. ആഫ്രിക്കൻ രാജ്യങ്ങളും ഇതേ സാഹചര്യം നേരിടുമ്പോൾ യൂറോപ്യൻ രാജ്യങ്ങളിലാണ് വരുമാന അസന്തുലനം ഏറ്റവും കുറഞ്ഞിരിക്കുന്നതെന്നും പഠനം പറയുന്നു. 

ENGLISH SUMMARY:Income inequal­i­ty is ris­ing in India
You may also like this video