നടൻ വിജയ് നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലെന്ന് ആദായ നികുതി വകുപ്പ്. വിജയ്ക്ക് നികുതി വകുപ്പ് ഒടുവിൽ ക്ലീൻ ചിറ്റ് നൽകി. ബിഗിൽ, മാസ്റ്റർ സിനിമകളുടെ പ്രതിഫലത്തിന് വിജയ് കൃത്യമായി നികുതി അടച്ചിട്ടുണ്ടെന്ന് പരിശോധനയിൽ വ്യക്തമായി. കഴിഞ്ഞ മാസം ആദായ നികുതി വകുപ്പ് വിജയിയെ സിനിമാ ചിത്രീകരണ വേളയിൽ കസ്റ്റഡിയിലെടുക്കുകയും വീട്ടിലെത്തിച്ച് വിശദമായ പരിശോധന നടത്തുകയും ചെയ്തിരുന്നു.
നെയ്‌വേലിയിൽ വച്ച് മാസ്റ്റർ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് വിജയിയെ കസ്റ്റഡിയിലെടുത്തത്. അതിനുശേഷം അദ്ദേഹത്തിന്റെ സാലിഗ്രാമം, പനിയൂർ എന്നിവിടങ്ങളിലെ വീടുകളിലും റെയ്ഡ് നടന്നു. വിജയ് ചിത്രമായ ബിഗിലിന്റെ നിർമ്മാതാക്കളുമായി ബന്ധമുള്ള അൻപു ചെഴിയന്റെ പണമിടപാടിൽ സംശയം പ്രകടിപ്പിച്ചാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ വിജയ്‌യുടെ വീടുകളിൽ റെയ്ഡ് നടത്തിയത്. അൻപു ചെഴിയൻ 165 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. അൻപുചെഴിയനുമായി ബന്ധമുള്ള ചെന്നൈയിലെയും മധുരയിലെയും സ്ഥലങ്ങളിൽ നിന്ന് 77 കോടി രൂപയും 1.25 കിലോഗ്രാം സ്വർണവും കണ്ടെത്തിയിരുന്നു.
രാഷ്ട്രീയ പക വീട്ടുകയാണ് താരത്തിന്റെ വീട്ടിൽ നടത്തിയ റെയ്ഡിന്റെ ലക്ഷ്യമെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. ഫെബ്രുവരിയിൽ ബിഗിലിന്റെ നിർമ്മാതാക്കളായ എജിഎസ് ഗ്രൂപ്പിന്റെ ഓഫീസുകളിലും മറ്റും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. പിന്നീടാണ് വിജയ്‌യുടെ വീട്ടിലുമെത്തിയത്. മെർസൽ എന്ന വിജയ് ചിത്രത്തിൽ മോഡി സർക്കാരിന്റെ നോട്ട് നിരോധനം, ജിഎസ്‌ടി എന്നിവയെ രൂക്ഷമായി വിമർശിച്ചത് വിവാദമായിരുന്നു.
English Summary; income tax department issues clean chit to actor vijay
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.