തെറ്റായ രേഖകള്‍ നല്‍കി ആദായ നികുതി റീഫണ്ട് നേടിയാല്‍ കനത്തപിഴ

Web Desk
Posted on January 27, 2018, 11:13 am

ന്യൂഡല്‍ഹി: കൃത്രിമ രേഖകളിലൂടെ തെറ്റായ വിവരങ്ങള്‍ കാണിച്ച് ആദായ നികുതി റീഫണ്ട് നേടിയാല്‍ കനത്ത പിഴ അടക്കമുള്ള നിയമനടപടികള്‍ നേരിടേണ്ടി വരും. ആദായ നികുതി ഇളവുകള്‍ ലഭിക്കുന്നതിന് കൃത്രിമരേഖകള്‍ നല്‍കി വ്യാപകമായി റീഫണ്ട് വാങ്ങുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടികള്‍ കര്‍ശനമാക്കിയത്.

നോട്ട് അസാധുവാക്കിയതിനുശേഷമുള്ള കഴിഞ്ഞ ബജറ്റില്‍ സെക്ഷന്‍ 270 ഭേദഗതിചെയ്താണ് നിയമം ശക്തമാക്കിയത്. പ്രമുഖ കമ്പനികള്‍ ഉള്‍പ്പടെയുള്ളവ തെറ്റായ വിവരങ്ങള്‍ നല്‍കി ജീവനക്കാര്‍ക്ക് നികുതി റീഫണ്ടിന് അവസരമുണ്ടാക്കിക്കൊടുത്തതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇന്‍കം ഫ്രം ഹൗസ് പ്രോപ്പര്‍ട്ടിയില്‍ നഷ്ടം കാണിച്ച് റിട്ടേണ്‍ ഫയല്‍ ചെയ്ത് റീഫണ്ട് തട്ടിയ നിരവധി കേസുകളാണ് കണ്ടെത്തിയത്. ഇത്തരം കേസുകളില്‍ അടച്ച നികുതിയുടെ മൂന്നിരട്ടിവരെ പിഴയീടാക്കാന്‍ ഇന്‍കം ടാക്‌സ് അധികൃതര്‍ക്ക് അനുമതിയുണ്ട്.

ഐബിഎം, വോഡാഫോണ്‍, ഇന്‍ഫോസിസ് തുടങ്ങിയ കമ്പനികളിലെ ജീവക്കാര്‍ക്ക് അനധികൃതമായി നികുതിയിളവുകള്‍ നേടിക്കൊടുക്കുന്നതിനായി ബംഗളൂരുവില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ നേതൃത്വത്തില്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.