ആറ് സംസ്ഥാനങ്ങളില്‍ മന്ത്രിമാരുടെ ആദായനികുതിയും ഖജനാവില്‍ നിന്ന്

Web Desk
Posted on September 16, 2019, 6:52 pm

ന്യൂഡല്‍ഹി: ആറ് സംസ്ഥാനങ്ങളില്‍ ഖജനാവില്‍ നിന്ന് ശമ്പളവും ആനുകൂല്യങ്ങളും പറ്റുന്ന മന്ത്രിമാരുടെ ആദായ നികുതി അടയ്ക്കുന്നതും സര്‍ക്കാര്‍ തന്നെ. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാരുടെ ആദായനികുതിയും ഖജനാവില്‍ നിന്ന് തന്നെ ഒടുക്കുന്നത്.
ഓരോ സംസ്ഥാനങ്ങളിലും ഇതിനായി പ്രത്യേക നിയമനിര്‍മ്മാണം നടത്തിയിട്ടുണ്ട്.

യുപിയില്‍ 1981 ലാണ് മന്ത്രിമാരുടെ ശമ്പളം, അലവന്‍സുകള്‍, മറ്റ് ചെലവുകള്‍ എന്നിവ സംബന്ധിച്ച നിയമത്തില്‍ ഇതിനുള്ള വകുപ്പ് കൂട്ടിച്ചേര്‍ത്തത്. കൂട്ടിച്ചേര്‍ത്ത 3(3) വകുപ്പ് പ്രകാരം മുഖ്യമന്ത്രി, മന്ത്രിമാര്‍, ഉപമന്ത്രിമാര്‍ എന്നിവരുടെ ശമ്പളം, അലവന്‍സുകള്‍ തുടങ്ങിയവയ്ക്ക് ആദായ നികുതി അടയ്‌ക്കേണ്ടി വരികയാണെങ്കില്‍ അതും സര്‍ക്കാര്‍ വഹിക്കേണ്ടതാണ് എന്ന് ഉള്‍പ്പെടുത്തുകയായിരുന്നു. ഇപ്പോള്‍ വിവിധ സംസ്ഥാനങ്ങളില്‍ മന്ത്രിമാര്‍ക്കും മറ്റും നിലവിലുള്ള നിരക്ക് അനുസരിച്ച് ആദായ നികുതി അടയ്‌ക്കേണ്ടാത്തവര്‍ ഉണ്ടാകില്ലെന്നതാണ് സ്ഥിതി.

ഉത്തരാഖണ്ഡില്‍ 2010 ലാണ് ഇതുസംബന്ധിച്ച വകുപ്പ് കൂട്ടിച്ചേര്‍ത്തത്. പഞ്ചാബില്‍ 1976 ലും ഹരിയാനയില്‍ 1970 ലും ഇത്തരത്തിലുള്ള വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്തിരുന്നു. ജമ്മു കശ്മീരില്‍ 1981 ലാണ് ഇത്തരത്തിലുള്ള വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്തത്. ഹിമാചല്‍പ്രദേശില്‍ 2000ത്തിലാണ് മന്ത്രിമാരുടെ ആദായനികുതി സര്‍ക്കാര്‍ വഹിക്കണമെന്ന ഭേദഗതി നടപ്പിലാക്കിയത്.

അതേസമയം ഉത്തര്‍പ്രദേശില്‍ മന്ത്രിമാരുടെ ആദായനികുതി സര്‍ക്കാര്‍ അടക്കുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് ഇക്കാര്യം പരിശോധിച്ച് ഒഴിവാക്കുന്നതിന് നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ആദിത്യനാഥ് വ്യക്തമാക്കിയിട്ടുണ്ട്.