Janayugom Online
geo tagging

ജിയോ ടാഗിംങ്ങില്‍ പിഴവ്: പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ആനുകൂല്യം ലഭിക്കാതെ പോകുന്നു

Web Desk
Posted on January 05, 2019, 6:50 pm

സുനില്‍ കെ കുമാരന്‍

നെടുങ്കണ്ടം: ജിയോ ടാഗിങ്ങില്‍ നാശനഷ്ടങ്ങളുടെ കണക്കെടുപ്പില്‍ ശതമാനം കണക്ക് കൂട്ടുന്നതിലുണ്ടായ പിഴവ്മൂലം അര്‍ഹതപ്പെട്ടവര്‍ക്ക് ആനുകല്യങ്ങള്‍ ലഭിക്കാതെ പോയതായി ഉടുമ്പന്‍ചോല താലൂക്ക് സഭയില്‍ ആക്ഷേപം. സിപിഐ ജില്ലാ കൗണ്‍സില്‍ അംഗവും താലൂക്ക് സഭാംഗവുമായ പി.എം ആന്റണിയാണ് ശ്രദ്ധയില്‍ കൊണ്ടുവന്നത്. ജീയോ ടാഗിങ് നടത്തിയവര്‍ നാശനഷ്ടം ശതമാന കണക്കില്‍ എടുത്തതിലുള്ള പിഴവാണ് അര്‍ഹതപ്പെട്ടവര്‍ക്ക് മുഴുവന്‍ ആനുകൂല്യങ്ങളും ലഭിക്കാതെ പോയത്. വീടുകള്‍ക്ക് 15ശതമാനം വരെ നാശ നഷ്ടം സംഭവിച്ചവര്‍ക്ക് 10,000 രൂപയും, 16 മുതല്‍ 29 ശതമാനം വരെ നാശനഷ്ടം സംഭവിച്ചവര്‍ക്ക് 60,000 രൂപ വരെയും, 30 മുതല്‍ 59 ശതമാനം നാശനഷ്ടങ്ങള്‍ ഉണ്ടായ വീടുകള്‍ക്ക് ഒന്നര ലക്ഷവും, 60 മുതല്‍ 74 ശതമാനം വരെ വീടുകള്‍ക്ക് ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് രണ്ടര ലക്ഷം വരെയും 75 ശതമാനത്തില്‍ അധികം നാശനഷ്ടമുണ്ടായവയ്ക്ക് നാല് ലക്ഷം രൂപയുമാണ് സര്‍ക്കാര്‍ നല്‍കുന്നത്. എന്നാല്‍ ഉപയോഗ ശൂന്യമായതും 75 ശതമാനത്തിന് മുകളില്‍ തകര്‍ന്നതുമായ വീടുകളുടെ നാശനഷ്ടങ്ങള്‍ കണക്ക് കൂട്ടിയിരിക്കുന്ന് വളരെ കുറഞ്ഞ ശതമാനത്തിലാണ്. പഞ്ചായത്ത് സെക്രട്ടറി, എ.ഇ, വില്ലേജ് ഓഫീസര്‍ അടങ്ങിയ സംഘം നടത്തിയ പരിശോധനയിലാണ് ഇത്തരത്തിലുള്ള പല പാകപ്പിഴകളും കണ്ടെത്തുവാന്‍ കഴിഞ്ഞത്.
താലൂക്കിലെ വിവിധ പ്രദേശങ്ങള്‍ സോയില്‍പൈപ്പിംഗ് പ്രതിഭാസം കൊണ്ട് വിവിധ പ്രദേശങ്ങള്‍ ഏക്കറ് കണക്കിന് വിണ്ടു കീറിപ്പോയിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന വീടുകള്‍ പലതും താമസിക്കുവാന്‍ യോഗ്യമല്ലാത്തതുമാണ്. ഈ പ്രദേശങ്ങളില്‍ വീണ്ടും വീടുകള്‍ വെച്ച് താമസിക്കുവാന്‍ സാധിക്കുമോ തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ച് ജില്ലയിലെ ഭാഗങ്ങളില്‍ വിവിധ ഏജന്‍സികള്‍ പഠനം നടത്തി വരികയാണ്. ഇത്തരം സാഹചര്യത്തില്‍ ജിയോടാഗിങ്ങിലെ പഴിവ് മൂലം അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ മുഴുവന്‍ ലഭിക്കാതെ പോകുന്നത്.
മിക്ക പഞ്ചായത്തുകളും ജിയോ ടാഗിംങ്ങ നടത്തിയിരിക്കുന്നത് സ്വകാര്യ ഏജന്‍സികളെ വെച്ചാണ്. ശരിയായ പരിശീലനം ലഭിക്കാത്ത ഇവര്‍ക്ക് ഉണ്ടായ പാകപിഴയാണ് പലരുടേയും പരാതിയ്ക്ക് കാരണമായി തീര്‍ന്നത്. ഇത് മൂലം അനര്‍ഹരായ പലരും ലിസ്റ്റില്‍ കടന്ന് കൂടുകയും അര്‍ഹതപെട്ടവരെ ഒഴിവാക്കപ്പെടുകയും ചെയ്യപ്പെട്ടിട്ടുണ്ട്.