കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി മറികടന്ന് കേരള ഭാഗ്യക്കുറി ടിക്കറ്റ് വില്പനയിൽ വൻ കുതിപ്പ്. സംസ്ഥാനത്ത് പ്രതിവാര ലോട്ടറി ടിക്കറ്റ് വില്പനയിൽ അഭൂതപൂർവമായ നേട്ടമാണ് ലോട്ടറി വകുപ്പിന് കൈവരിക്കാൻ സാധിച്ചത്. കഴിഞ്ഞ നവംബറിൽ ഒറ്റ ദിവസത്തെ വില്പന 1,00,20,000 ടിക്കറ്റുകൾ വരെ എത്തിയിരുന്നു. ഇതിനുമുൻപും ടിക്കറ്റ് വില്പന ഒരു കോടി കടന്നിട്ടുണ്ടെങ്കിലും പ്രതിവാര ടിക്കറ്റുകളുടെ വില 40 രൂപയായി ഏകീകരിച്ചതിനുശേഷം ആദ്യമായാണ് ഇത്തരമൊരു വർധനവുണ്ടായത്.
പ്രതിദിനം ശരാശരി 90 ലക്ഷത്തിലധികം ലോട്ടറി ടിക്കറ്റുകളുടെ വില്പന നടക്കുന്നതായി ഡിസംബറിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2015‑ൽ ഒരു ദിവസം 50 ലക്ഷം മുതൽ 60 ലക്ഷം വരെ മാത്രം പ്രതിവാര ടിക്കറ്റുകൾ വിറ്റഴിഞ്ഞിരുന്ന സ്ഥാനത്താണ് ഈ വർധനവ്. ആഴ്ചയിൽ ഏഴു ദിവസവും ടിക്കറ്റ് നറുക്കെടുപ്പ് നടന്നിരുന്ന പ്രതിവാര ലോട്ടറി ടിക്കറ്റുകൾ ലോക്ഡൗൺ ആരംഭിച്ചതു മുതൽ 90 ദിവസത്തിലധികം പൂർണമായും റദ്ദ് ചെയ്തിരുന്നു. അതിനുശേഷം ആഴ്ചയിൽ മൂന്നു ദിവസമായും ഇപ്പോൾ വ്യാഴം, ഞായർ ഒഴികെ അഞ്ച് ദിവസങ്ങളായും വില്പന വർധിപ്പിച്ചു. സെപ്റ്റംബർ മാസം ടിക്കറ്റ് വില്പന പുനരാരംഭിച്ച സമയത്ത് 46 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചിരുന്നത്. ലോട്ടറി ടിക്കറ്റ് വില്പന പുനരാരംഭിച്ചപ്പോൾ വില്പനക്കാർക്കുണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സജീവ അംഗങ്ങൾക്ക് 3500 രൂപയുടെ കൂപ്പണുകളും വിതരണം ചെയ്തിരുന്നു.
വ്യാജ ടിക്കറ്റുകൾ കണ്ടെത്താൻ പുതിയ സംവിധാനം ഒരുക്കിയതും വകുപ്പിന് സഹായമായി. ടിക്കറ്റുകളിലെ ക്യുആർ കോഡ് സ്കാൻ ചെയ്ത് വ്യാജമാണോ എന്ന് പരിശോധിക്കാൻ ഭാഗ്യകേരളം എന്ന പേരിൽ മൊബൈൽ ആപ്പും തയ്യാറാക്കി. സി-ഡിറ്റിന്റെ സാങ്കേതിക സഹായത്തോടെ ഡിസൈൻ ചെയ്യുന്ന ടിക്കറ്റുകളിൽ ഏഴുതരം സുരക്ഷാമാനദണ്ഡങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. വ്യാജ ടിക്കറ്റുകളുടെ വില്പന തടയാൻ സാധിച്ചതും ലോട്ടറി വകുപ്പിന്റെ വളർച്ചയ്ക്ക് മുതൽക്കൂട്ടായി.
ലോട്ടറി വകുപ്പിനു കീഴിൽ പുതിയതായി 18 സ്ഥലങ്ങളിൽ ഭാഗ്യക്കുറി സബ് ഓഫീസുകൾ ആരംഭിച്ചതും പുതിയ തസ്തികകൾ സൃഷ്ടിച്ചതും ഈ സർക്കാർ അധികാരത്തിലെത്തിയശേഷം ലോട്ടറി വകുപ്പിന് കൈവന്ന നേട്ടങ്ങളാണ്. ഇത് ലോട്ടറി ശേഖരിക്കാൻ നേരത്തെ ജില്ലാ കേന്ദ്രങ്ങളെ മാത്രം ആശ്രയിച്ചിരുന്ന ഏജന്റുമാർക്കും ലോട്ടറി വില്പനക്കാർക്കും ടിക്കറ്റ് ശേഖരിക്കാനും വില്പന നടത്താനും ഏറെയാണ് ഉപകാരപ്പെടുന്നത്.
English Summary : Increase in kerala lottery sale
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.