March 26, 2023 Sunday

Related news

December 9, 2022
November 9, 2022
February 21, 2022
December 1, 2021
August 8, 2021
August 4, 2021
November 13, 2020
November 4, 2020
October 13, 2020
June 23, 2020

തുറമുഖത്തെ നിരക്കു വർദ്ധന; കയറ്റുമതി മേഖല പ്രതിസന്ധിയിൽ

ബേബി ആലുവ
കൊച്ചി
October 13, 2020 9:55 pm

കപ്പൽ കമ്പനികൾ നിരക്കു വർദ്ധിപ്പിച്ചതും കേരളത്തിൽ നിന്നുള്ള വിദേശ ചരക്കു വിമാനങ്ങൾ നിറുത്തലാക്കിയതും സംസ്ഥാനത്തെ കയറ്റുമതി മേഖലയെ വൻ പ്രതിസന്ധിയിലാക്കി. കടത്തുകൂലിക്കു പുറമെ ജനറൽ റേറ്റ് ഇൻക്രീസ് (ജി ആർ ഐ ) എന്ന പേരിലാണ് ഷിപ്പിംഗ് കമ്പനികൾ അധിക നിരക്ക് ഈടാക്കുന്നതെങ്കിൽ, വിദേശ ചരക്കു വിമാനങ്ങളുടെ സർവീസ് അവസാനിപ്പിച്ചത് ഒരു വിശദീകരണവും കൂടാതെയാണ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഭക്ഷ്യ വിഭവങ്ങളടക്കം നിരവധി ഉത്പന്നങ്ങൾ കയറ്റു മതി ചെയ്യുന്നത് മുഖ്യമായും കൊച്ചി തുറമുഖം വഴിയാണ്. ജി ആർ ഐ വഴി 150‑ലേറെ ഡോളർ (11,000 രൂപയോളം ) അധികമായി വസൂലാക്കുമ്പോൾ അതനുസരിച്ച് കയറ്റുമതി സാധനങ്ങളുടെ വിലയിലും വർദ്ധനവുണ്ടാകും. അപ്പോൾ, വിദേശത്തെ, പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിലെ ഇറക്കുമതി വ്യാപാരികൾ ഇന്ത്യയിൽ നിന്നുള്ള ഉത്പന്നങ്ങൾ വാങ്ങാൻ തയ്യാറാകാത്ത സ്ഥിതിയുണ്ടാകും. ശ്രീലങ്ക, തായ്ലൻഡ്, ഫിലിപ്പിൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നു കുറഞ്ഞ വിലയ്ക്കു ലഭ്യമാകുന്ന വസ്തുക്കൾ ഇന്ത്യൻ ഉത്പന്നങ്ങളുടെ സ്ഥാനം കയ്യടക്കുകയും ചെയ്യും. പിന്നെ, വിദേശ വിപണി തിരിച്ചുപിടിക്കുക എളുപ്പമല്ലെന്ന ആശങ്കയാണ് സംസ്ഥാനത്തെ കയറ്റുമതി മേഖലയെ വലയ്ക്കുന്നത്. ചെലവു കുറഞ്ഞ ചരക്കുനീക്കമാർഗ്ഗമെന്ന ആശ്വാസത്തിലാണ് മേഖലയിലുള്ളവർ മുഖ്യമായും കപ്പൽ കമ്പനികളെ ആശ്രയിക്കുന്നത്. അത് ചൂഷണം ചെയ്യാനാണ് കപ്പൽ കമ്പനികൾ ശ്രമിക്കുന്നത്. മദ്ധേഷ്യയിൽ യുദ്ധസമാനമായ സാഹചര്യമുണ്ടായപ്പോൾ അധികമായി ഈടാക്കിയ’വാർ സർചാർജ് ‘യുദ്ധസാഹചര്യമൊഴിഞ്ഞിട്ടും അതേപോലെ നിലനിറുത്തിയിരിക്കുന്നത് കയറ്റുമതി മേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നു.

എതിർപ്പിനോ പ്രതിഷേധത്തിനോ ഷിപ്പിംഗ് കമ്പനികളുടെ മുന്നിൽ വിലയില്ലാത്തതിനാൽ കേന്ദ്ര‑സംസ്ഥാന സർക്കാരുകളുടെ അടിയന്തര ഇടപെടലിനായി കാക്കുകയാണ് വ്യവസായികൾ.

ആഴ്ചയിൽ ആറു ദിവസവും നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്നു സർവീസ് നടത്തിയിരുന്ന വിദേശ ചരക്കു വിമാനങ്ങൾ അകാരണമായി നിറുത്തലാക്കിയതാണ് കയറ്റുമതി മേഖലയ്ക്കു നേരിട്ട മറ്റൊരു തിരിച്ചടി. ഈ വിമാനങ്ങൾ മുംബൈ, ഡൽഹി, കൊൽക്കത്ത, അഹമ്മദാബാദ്, ചെന്നൈ, ബംഗളൂരു വിമാനത്താവളങ്ങളിൽ നിന്നു മാത്രം ഇനിമേൽ സർവീസ് നടത്തിയാൽ മതിയെന്നാണ് സിവിൽ വ്യോമയാന മന്ത്രാലയത്തിന്റെ ഉത്തരവ്. കോടിക്കണക്കിനു രൂപ വിദേശനാണ്യം നേടിത്തരുന്ന വ്യവസായമായിട്ടു പോലും, രാജ്യത്തെ ചരക്കു വിമാനങ്ങളൊന്നും കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്ന് സർവീസ് നടത്താതിരിക്കുകയും കേന്ദ്ര സർക്കാർ അതിനാവശ്യമായ കർശന നടപടികൾ സ്വീകരിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വിദേശത്തു നിന്നുള്ള ചരക്കുനീക്ക വിമാനങ്ങളെയാണ് കയറ്റുമതി മേഖല ആശ്രയിച്ചിരുന്നത്. മന്ത്രാലയത്തിന്റെ ഉത്തരവോടെ അതും നിലച്ചു. ഖത്തർ എയർവേയ്സ്, എമിരേറ്റ്സ് ചരക്കു വിമാനങ്ങളാണ് ഇങ്ങനെ നിറുത്തലാക്കിയത്.

ഇനി ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള യാത്രാ വിമാനങ്ങളിലെ പരിമിതമായ സൗകര്യങ്ങളിലാണ് കയറ്റുമതി മേഖലയുടെ ഏക പ്രതീക്ഷ. ചരക്കു വിമാനങ്ങളിൽ പ്രതിദിനം 150 sൺ ഉത്പന്നങ്ങൾ കയറ്റി അയച്ചിരുന്ന സ്ഥാനത്ത് അത് 15 ടണ്ണായി ചുരുങ്ങുമെന്നു മാത്രം.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.