സംസ്ഥാനത്ത് ജലഗതാഗത വകുപ്പിന്റെ പാസഞ്ചർ ബോട്ടുകളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട പഠനം സംസ്ഥാനത്ത് ആരംഭിച്ചു. നിലവിൽ ആറുരൂപയാണ് മിനിമം നിരക്ക്. ഇത് ഒമ്പതുമുതൽ 10 രൂപ വരെ ആക്കി വർധിപ്പിക്കാനാണ് നീക്കം.
സർക്കാർ ഏജൻസിയായ നാറ്റ് പാക്കാണ് പഠനം നടത്തുന്നത്. 2016ൽ ആണ് പാസഞ്ചർ ബോട്ടുകളുടെ മിനിമം നിരക്ക് 6 രൂപയാക്കി വർധിപ്പിച്ചത്. അതിന് മുൻപ് നാല് രൂപയായിരുന്നു മിനിമം ചാർജ്. പലതവണ ചാർജ് വർധിപ്പിക്കാൻ നീക്കം ഉണ്ടായിരുന്നെങ്കിലും സർക്കാർ അനുമതി ലഭിച്ചിരുന്നില്ല. നിരക്ക് വർധനക്ക് മുന്നോടിയായി നാറ്റ് പാക്ക് അധികൃതർ ഓരോ ജില്ലകളിലുമെത്തി പരിശോധന ആരംഭിച്ചു.
ഓരോ തവണയും ബോട്ട് സർവീസ് നടത്തുമ്പോൾ എത്ര മണിക്കൂർ എൻജിൻ പ്രവർത്തിക്കുന്നു, അതിന് ചെലവാകുന്ന ഡീസൽ, അറ്റകുറ്റപ്പണികൾക്കുള്ള ചെലവ് എന്നിവ കണക്കുകൂട്ടിയാണ് മിനിമം നിരക്ക് നിശ്ചയിക്കുക. പരിശോധനയ്ക്ക് ശേഷം ഒരുമാസത്തിനുള്ളിൽ വകുപ്പിന് പ്രൊപ്പോസൽ കൈമാറും. ഈ പ്രൊപ്പോസൽ സർക്കാരിന് സമർപ്പിച്ച ശേഷം മൂന്ന് മാസത്തിനുള്ളിൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.
കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂർ, കാസർകോട് എന്നീ ആറ് ജില്ലകളിലായി 14 സ്റ്റേഷനുകളാണ് ജലഗതാഗത വകുപ്പിനുള്ളത്. ഇവിടങ്ങളിലായി 54 ബോട്ടുകളാണ് സർവീസ് നടത്തുന്നത്. ഏറ്റവും കൂടുതൽ കണക്ടിവിറ്റിയുള്ളത് ആലപ്പുഴ ജില്ലയിലാണ്. 54 ബോട്ടുകളിൽ ഒരെണ്ണം സോളാർ ബോട്ടും, 8 എണ്ണം ഡീസൽ കറ്റമറൻഡീസൽബോട്ടുകളുമാണ്. ഇവയിൽ പ്രതിമാസം 70 മുതൽ 80 ലക്ഷം രൂപ വരെ വരുമാനം ലഭിക്കും. ന്യൂ ഇയർ ക്രിസ്മസ് പ്രമാണിച്ച് ഡിസംബർ മാസത്തിൽ 1 കോടി രൂപയാണ് വകുപ്പിന് വരുമാനം ലഭിച്ചത്.
English Summary: Increase in ticket price of passenger boats
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.