ഇന്‍ഷുറന്‍സ് കമ്പനികളിലെ മൂലധന നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നു

Web Desk

ന്യൂഡല്‍ഹി

Posted on February 12, 2020, 10:51 pm

പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളെ ലയിപ്പിക്കുന്നതിനു മുന്നോടിയായി സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് കമ്പനികളിലെ മൂലധന നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നു. യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ്, ഓറിയന്റല്‍ ഇന്‍ഷുറന്‍സ്, നാഷണല്‍ ഇന്‍ഷുറന്‍സ് എന്നീ മൂന്നു കമ്പനികളിലുമായി 2,500 കോടി രൂപയുടെ അടിയന്തിര മൂലധന നിക്ഷേപത്തിന് ഇന്നലെ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചത്. പൊതുമേഖലാ ബാങ്കുകളുടെ ലയനത്തിന്റെ ഭാഗമായി മൂന്നു വര്‍ഷംകൊണ്ട് മൂന്നുലക്ഷം കോടി രൂപയാണ് പൊതുമേഖലാ ബാങ്കുകളിലേക്ക് സര്‍ക്കാര്‍ മൂലധന നിക്ഷേപം നടത്തിയത്.

ഇതേ മാതൃകയില്‍ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളുടെ ലയനവും സര്‍ക്കാര്‍ നേരത്തെ ലക്ഷ്യമിട്ടിരുന്നു. എന്നാല്‍ ലയനത്തിനു മുന്നോടിയായുള്ള നിബന്ധനകളുടെ ഭാഗമായി ഈ കമ്പനികളുടെ കടംവീട്ടാനുള്ള കഴിവിന്റെ അനുപാതവും ഒപ്പം നഷ്ടങ്ങളും എഴുതി തള്ളേണ്ടതുമുണ്ട്. ലയനം സംബന്ധിച്ച് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ഡവലപ്‌മെന്റ് അതോറിറ്റിയുടെ നിലനില്‍ക്കുന്ന മുന്നേ പറഞ്ഞ നിബന്ധനകള്‍ പാലിക്കാനാണ് സര്‍ക്കാര്‍ ഈ ഇന്‍ഷുറന്‍സ് കമ്പനികളില്‍ 2500 കോടി രൂപയുടെ പുതിയ മൂലധന നിക്ഷേപം നടത്തുന്നത്. പുതുതായി നിക്ഷേപം നടത്തി ഈ കമ്പനികളുടെ കടംവീട്ടാനുള്ള കഴിവ് വര്‍ദ്ധിപ്പിച്ചാല്‍ മാത്രമേ ലയനം സാധ്യമാകൂ. ഈ വര്‍ഷമാദ്യം സപ്ലിമെന്ററി ഡിമാന്റിലൂടെ 2500 കോടിയുടെ നിക്ഷേപം സര്‍ക്കാര്‍ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളില്‍ നടത്തിയിരുന്നു.

ഇതിനു പുറമെയാണ് നിലവില്‍ തുക അനുവദിച്ചത്. കൂടാതെ 2020–21 ബജറ്റ് രേഖകള്‍ പ്രകാരം വരുന്ന വര്‍ഷം 6,950 കോടി രൂപകൂടി സര്‍ക്കാര്‍ ഈ കമ്പനികളില്‍ മൂലധന നിക്ഷേപം നടത്തും. പൊതു മേഖലാ ഇന്‍ഷുറന്‍സ് കമ്പനികളുടെ ലയനത്തിലൂടെ പ്രവര്‍ത്തന കാര്യക്ഷമത വര്‍ദ്ധിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ഉന്നം. ഇതിലൂടെ നഷ്ടക്കണക്കുകള്‍ ലാഭത്തിലേക്കു മാറ്റാന്‍ കഴിഞ്ഞേക്കുമെന്നാണ് നിഗമനം. അത്തരത്തില്‍ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ ലാഭത്തിലായാല്‍ ഈ കമ്പനികളിലെ സര്‍ക്കാര്‍ ഓഹരികള്‍ വിറ്റഴിച്ച് സ്വകാര്യ കുത്തകകളുടെ സ്വൈരവിഹാരത്തിനു ഈ മേഖലയും വിട്ടുനല്‍കാന്‍ അവസരം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ നീക്കം. അതേസമയം പൊതു മേഖലാ ഇന്‍ഷുറന്‍സ് കമ്പനികളുടെ ലയനം മന്ത്രിസഭ ഇനിയും പരിഗണിച്ചിട്ടില്ല. എന്തായാലും അധികം വൈകാതെ സര്‍ക്കാര്‍ അത്തരമൊരു തീരുമാനത്തിലേക്കു നീങ്ങുമെന്നാണ് വിലയിരുത്തല്‍.

Eng­lish Sum­ma­ry: Increas­es cap­i­tal invest­ment in insur­ance com­pa­nies

You may also like this video