ചികിത്സാ പരിരക്ഷാ ചിലവ് ഏറുന്നു, പ്രവാസികളുടെ നടുവൊടിക്കുന്ന തീരുമാനം?

Web Desk

കുവൈത്ത് സിറ്റി

Posted on November 15, 2019, 1:56 pm

വിദേശികളുടെ ആരോഗ്യ ഇൻഷുറൻസ് ഫീസ് 130 ദിനാർ ആയി ഉയർത്തും. നിലവിൽ 50 ദിനാർ ആണ് വിദേശികളുടെ പ്രതിവർഷ ആരോഗ്യ ഇൻഷുറൻസ് ഫീസ്. വിദേശികൾക്ക് ചികിത്സാ സൗകര്യം ഏർപ്പെടുത്തുന്നതിനുള്ള പ്രത്യേക ആശുപത്രികളുടെ നടത്തിപ്പുകാരായ ദമാൻ കമ്പനിയും ആരോഗ്യമന്ത്രാലയവും അത് സംബന്ധിച്ച് ധാരണയായതായാണു റിപ്പോർട്ട്. ഇതിന്റെ ഭാഗമായി ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ ആശുപത്രികളിലെ സേവനം സ്വദേശികൾക്ക് മാത്രമായി നിജപ്പെടുത്തുകയും വിദേശികൾക്ക് ഇൻഷൂറൻസ് കമ്പനിയുടെ മേൽനോട്ടത്തിൽ ആശുപത്രികൾ നിലവിൽ വരികയും ചെയ്യുന്നതോടെ അടുത്തവർഷം തൊട്ട് 130 ദിനാർ നൽകേണ്ടി വരും. ദമാൻ കമ്പനിയുടെ കീഴിലുള്ള ആദ്യ ക്ലിനിക് കഴിഞ്ഞ ദിവസം ഹവല്ലിയിൽ ആരംഭിച്ചിട്ടുണ്ട്. മറ്റ് ഗവർണറേറ്റുകളിലും ഉടനെ പ്രവർത്തനം തുടങ്ങുമെന്നുമാണ് റിപ്പോർട്ട് .

സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന വിദേശികളും അവരുടെ കുട്ടികളും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടും. പരിശോധന, എക്സ്-റേ, ചികിത്സ എന്നിവ പദ്ധയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം വിദേശിയുടെ സ്പോൺസർഷിപ്പിൽ സന്ദർശക വീസയിൽ വരുന്ന ബന്ധുക്കളുടെ ചികിത്സ ഇൻഷുറൻസ് പരിധിയിൽ ഉൾപ്പെടുമോ എന്നത് വ്യക്തമാക്കിയിട്ടില്ല. കുടാതെ രാജ്യത്ത് വൃക്ക രോഗികളുടെ എണ്ണത്തിൽ 10% വർധനയുള്ളതായി ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ. ബാസിൽ അൽ സബാഹ്. ഡയാലിസിസിനു കൂടുതൽ കേന്ദ്രങ്ങൾ തുറക്കാൻ പദ്ധതിയുണ്ടെന്നും മന്ത്രി പറഞ്ഞു. നിലവിൽ 4 കേന്ദ്രങ്ങളാണുള്ളത്.

പുതിയ ധാരണ പ്രകാരം  സർക്കാർ ആശുപത്രികളിൽ ഡോക്ടർമാർ രോഗികൾക്ക് നൽകുന്ന നൽകുന്ന കുറിപ്പടി ഇലക്ട്രോണിക്സ് സംവിധാനത്തിലാക്കുന്നു. ചെസ്റ്റ് ആശുപത്രിയിലും അലർജി ആശുപത്രിയിലും പരീക്ഷണാർഥം നടപ്പാക്കിയ സംവിധാനം വിജയകരമെന്ന് തെളിഞ്ഞ സാഹചര്യത്തിൽ മുഴുവൻ ആശുപത്രികളിലേക്കും സംവിധാനം വ്യാപിപ്പിക്കുമെന്ന് മന്ത്രി ഷെയ്ഖ് ഡോ. ബാസിൽ അൽ സബാഹ് അറിയിച്ചു. രോഗികളുടെ താൽപര്യവും സുരക്ഷയും സംരംക്ഷിക്കുക, പൊതുപണം ദുർവിനിയോഗം തടയുക, മരുന്നുകളുടെ ആവർത്തനം ഇല്ലാതാക്കുക, മരുന്ന് വിതരണത്തിലെ കാര്യക്ഷമത ഉറപ്പാക്കുക, ഫാർമസിയിലും സ്റ്റോറിലും മരുന്നുകളുടെ സ്റ്റോക്ക് സംബന്ധിച്ച കൃത്യത അറിയുക, ഫാർമസിയിലെ തിരക്ക് ഒഴിവാക്കുക എന്നിവ അതുവഴി എളുപ്പമാകുമെന്നാണു കരുതുന്നത്.