കോവിഡ് പരിശോധനാ കേന്ദ്രങ്ങള്‍ വര്‍ധിപ്പിക്കും: കേന്ദ്രസർക്കാർ

Web Desk

ന്യൂഡല്‍ഹി

Posted on April 07, 2020, 9:28 pm

രാജ്യത്തെ കോവിഡ് പരിശോധനാ കേന്ദ്രങ്ങള്‍ വര്‍ധിപ്പിക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിതല അവലോകന യോഗം തീരുമാനിച്ചു. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം രാജ്യത്തെ കോവിഡ് പ്രതിരോധ നടപടികള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ വിലയിരുത്തി.

മനുഷ്യര്‍ കൂട്ടം ചേരാന്‍ സാധ്യതയുള്ള ആരാധനാ കേന്ദ്രങ്ങളില്‍ ശക്തമായ നിരീക്ഷണം വേണമെന്നും ജനങ്ങള്‍ ഇത്തരത്തില്‍ കൂടിചേരുന്നത് തടയണമെന്നും യോഗം തീരുമാനിച്ചു. ഇത്തരം നിരീക്ഷണങ്ങള്‍ക്കായി ഡ്രോണ്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തും. ലോക്ഡൗണിനിടയിലും കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുമതി നല്‍കിയതിലും കുടിയേറ്റ തൊഴിലാളികള്‍ക്ക് നല്‍കുന്ന ഭക്ഷണ‑താമസ സൗകര്യങ്ങളിലും യോഗം സംതൃപ്തി രേഖപ്പെടുത്തി. അവശ്യ സാധനങ്ങളുടെ ലഭ്യതക്കുറവ് സംബന്ധിച്ച് പരാതി ഉയര്‍ന്നിട്ടില്ലെന്ന് യോഗം വിലയിരുത്തി. കോവിഡ് പ്രതിരോധത്തിനായി മുമ്പന്തിയില്‍ നില്‍ക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെ യോഗം അഭിനന്ദിച്ചു. ലോക്ഡൗണ്‍ പ്രഖ്യാപനത്തിനുശേഷം നാലാം തവണയാണ് മന്ത്രിതല സമിതി യോഗം ചേര്‍ന്നത്. യോഗത്തിലെ തീരുമാനങ്ങള്‍ രാജ്‌നാഥ് സിങ് പ്രധാനമന്ത്രിയെ അറിയിക്കും.