ഉറവിടമറിയാത്ത കോവിഡ് കേസുകൾ വർധിക്കുന്നു; തിരുവനന്തപുരത്ത് കൂടുതല്‍ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും

Web Desk

തിരുവനന്തപുരം

Posted on July 03, 2020, 2:32 pm

തലസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഉറവിടമറിയാത്ത കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ്നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ജില്ലയിലെ സ്ഥിതി ഗുരുതരമാണെന്ന വിലയിരുത്തലിലാണ് ഭരണകൂടം. ഇന്നലെ രോഗം സ്ഥിരീകരിച്ച ഒൻപതു പേരിൽ.

നാലുപേർക്ക് സമ്പർക്കതത്തിലൂടെയാണ് രോഗം പകർന്നത്. ഇതിൽ മൂന്നു പേർക്ക് രോഗം പകർന്നത് എവിടെ നിന്നാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതോടെ ജില്ലയിൽ റിപ്പോർട്ട് ചെയ്ത ഉറവിടമറിയാത്ത കേസുകളുടെ എണ്ണം 22 ആയി. ഇന്നലെ സാഫല്യം ഷോപ്പിംഗ് കോംപ്ലക്സ് അടച്ചതിന് പിന്നാലെ ഇന്ന് രാവിലെ പാളയം ചന്തയും പൂർണമായും അടച്ചു.

സാഫല്യം കോംപ്ലക്സിൽ ജോലി ചെയ്തിരുന്ന അസം സ്വദേശി, വഞ്ചിയൂരിലെ ലോട്ടറി വിൽപ്പനക്കാരൻ, ബാലരാമപുരം ആലുവിള സ്വദേശി എന്നിവർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചതിൽ ഉറവിടം അറിയാത്തത്. നഗരസഭ പരിധിയിൽ 18 ഇടങ്ങളിലും നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയിലെ വഴുതൂർ, ബാലരാമപുരം ഗ്രാമ പഞ്ചായത്തിലെ തളയൽ എന്നിവിടങ്ങളുമാണ് കണ്ടയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ളത്. നഗരസഭയിലെ പാളയം, പൂന്തുറ, വഞ്ചിയൂർ മേഖലയിലെ അത്താണി ലൈൻ, അമ്ബലത്തറ, പുത്തൻപള്ളി, മാണിക്യവിളാകം, ബീമാപള്ളി ഈസ്റ്റ്, ആറ്റുകാൽ, കുര്യാത്തി, കളിപ്പാംകുളം, മണക്കാട്, ചിറമുക്ക്, കാലടി, ഐരാണി മുട്ടം, വള്ളക്കടവ് പുത്തൻപാലം, തൃക്കണ്ണാപുരം ടാഗോർ നഗർ എന്നിവിടങ്ങളാണ് കണ്ടയ്ൻമെന്റ് സോണുകൾ. മാരായമുട്ടത്ത് നിന്നും സേലത്തു പോയ വ്യക്തിക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ മാരായമുട്ടത്തും പ്രത്യേക നിരീക്ഷണം നടത്തും. ജില്ലയിൽ ആന്റിജൻ ടെസ്റ്റുകൾ ഇരട്ടിയാക്കാൻ തീരുമാനിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ബ്ലോക്ക് തലത്തിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കിയോസ്കുകൾ സ്ഥാപിച്ചാണ് ആൻറി ജൻ ടെസ്റ്റുകൾ കൂടുതൽ നടത്തുക. ഇതിനായി അധ്യാപകരെയും അവധിയിലുള്ള സർക്കാർ ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി വാർഡ് തല സമിതികൾ രൂപീകരിക്കാനും തീരുമാനമായി.

you may also like this video