Web Desk

December 27, 2019, 9:47 pm

ശാസ്ത്രീയ മനോഭാവത്തിന് നേരേ അതിക്രമങ്ങൾ വർധിക്കുന്നു: മുഖ്യമന്ത്രി

Janayugom Online

തിരുവനന്തപുരം: ശാസ്ത്രീയ മനോഭാവത്തിനും അന്വേഷണ ത്വരയ്ക്കും നേരേയുള്ള അതിക്രമങ്ങൾ രാജ്യത്ത് വർധിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ഇരുപത്തിയേഴാമത് ദേശീയ ബാലശാസ്ത്ര കോൺഗ്രസ് നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനാ ചുമതലകളിലുള്ളവരിൽ നിന്ന് ഇത്തരം നീക്കം നടക്കുന്നുവെന്നതാണ് ആകുലതയ്ക്കിടയാക്കുന്നത്. കാര്യങ്ങൾ ചരിത്രമെന്ന രീതിയിൽ അവതരിപ്പിക്കുകയും അതാണ് വസ്തുതയെന്ന് വ്യാഖ്യാനിക്കുകയും ചെയ്യുന്നു. പ്ലാസ്റ്റിക് സർജറി, ഏവിയേഷൻ ടെക്നോളജി എന്നിവയെക്കുറിച്ചെല്ലാം ഇത്തരം വ്യാഖ്യാനങ്ങൾ സൃഷ്ടിക്കപ്പെടുന്നു. ഭരണഘടനയിലെ 51 എച്ച് അനുഛേദം അനുസരിച്ച് ശാസ്ത്രീയ മനോഭാവം വികസിപ്പിക്കുകയെന്നത് ഓരോ പൗരന്റേയും ചുമതലയാണ്. നാനാത്വത്തിൽ ഏകത്വമാണ് നമ്മുടെ രാജ്യത്തിന്റെ ശക്തി. ഭാഷ, വേഷം, സംസ്കാരം എന്നിവയിലെല്ലാമുള്ള വൈവിധ്യത്തിനിടയിലും നമ്മെളെല്ലാം ഇന്ത്യക്കാരാണ്. ഭരണഘടനയുടെ അടിസ്ഥാനം ഇന്ന് ഭീഷണി നേരിടുകയാണ്. പൗരത്വം പോലും ചോദ്യം ചെയ്യപ്പെടുന്നു. ഈ വിഷമഘട്ടത്തിൽ ഇന്ത്യയിലെ പൗരൻമാരെന്ന നിലയിൽ ഇതിനെ നേരിടാൻ നമുക്കാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബാലശാസ്ത്ര കോൺഗ്രസ് സുവനീർ ചടങ്ങിൽ അധ്യക്ഷത വഹിച്ച ഡോ. ശശിതരൂർ എംപിക്ക് നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ലോഗോ രൂപകൽപന ചെയ്ത ശാന്തകുമാറിന് മുഖ്യമന്ത്രി പുരസ്കാരം കൈമാറി. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫ. കെ പി സുധീർ, ദേശീയ പ്രോഗ്രാം കോ-ഓർഡിനേറ്റർ സുജിത്ത് ബാനർജി, ദേശീയ അക്കാഡമിക് കമ്മിറ്റി ചെയർമാൻ ടി പി രഘുനാഥ്, മാർഇവാനിയോസ് കോളജ് പ്രിൻസിപ്പൽ ഡോ. കെ ഐ ജോർജി, കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. എസ് പ്രദീപ്കുമാർ എന്നിവർ സംബന്ധിച്ചു.

‘you may also like this video’