September 26, 2022 Monday

ചരിത്രമുറങ്ങുന്ന ഇണ്ടംതുരുത്തി മന

എൻ അനിൽ ബിശ്വാസ്
August 15, 2022 2:50 pm

കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തിലെ സമാനതകളില്ലാത്ത സമരേതിഹാസമാണ് വൈക്കം സത്യഗ്രഹം. ഭാരതം ദർശിച്ച നവോത്ഥാന പോരാട്ടങ്ങൾക്ക് ഊർജം പകർന്നതിൽ പ്രഥമഗണനീയമാണ് ഈ സത്യഗ്രഹം. മഹാത്മാഗാന്ധി കേരളത്തിൽ ഏറ്റവുമധികം സന്ദർശിച്ച നാടും വൈക്കം തന്നെ. 1924 മാർച്ച് 30ന് വൈക്കം സത്യഗ്രഹം ആരംഭിച്ചു. 603 ദിനരാത്രങ്ങൾ പിന്നിട്ട ഈ സമരം ഭാരതത്തിലെ നവോത്ഥാന പോരാട്ടങ്ങളിൽ ആദ്യത്തേതായിരുന്നു. നിരവധി മഹാത്മാക്കളുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായിരുന്ന വൈക്കം സത്യഗ്രഹ സമരത്തിൽ ശ്രീനാരായണ ഗുരുവിന്റെ സാന്നിധ്യവും ഉണ്ടായിരുന്നു.
ശിവക്ഷേത്രങ്ങളിൽ പ്രസിദ്ധമായ വൈക്കം മഹാദേവ ക്ഷേത്രത്തിന് ചുറ്റുമുള്ള വഴികളിലൂടെ ഈഴവർ മുതലുള്ള പിന്നാക്ക ജനവിഭാഗങ്ങൾക്ക് സഞ്ചാരസ്വാതന്ത്ര്യം അനുവദിച്ചിരുന്നില്ല. തീണ്ടൽ പലകകൾ സ്ഥാപിച്ച് സഞ്ചാരത്തെ തടഞ്ഞിരുന്നു. 48 ഇല്ലങ്ങളുടെ മേൽകോയ്മ ഉണ്ടായിരുന്ന ഇണ്ടംതുരുത്തി ദേവൻ നീലകണ്ഠൻ നമ്പ്യാതിരിക്കായിരുന്നു ക്ഷേത്ര ആധിപത്യം. സത്യഗ്രഹവുമായി ബന്ധപ്പെട്ട് അദ്ദേഹവുമായി കൂടിക്കാഴ്ചയ്ക്ക് താല്പര്യം പ്രകടിപ്പിച്ച അബ്രാഹ്മണനായ മഹാത്മാഗാന്ധിയെ ഒറ്റ രാത്രി കൊണ്ട് നിർമ്മിച്ച പൂമുഖത്ത് ഇരുത്തിയാണ് ചർച്ച നടത്തിയത്. വടക്കുംകൂർ രാജ, തെക്കുംകൂർ രാജ, വഴുതനക്കാട്ട് രാജ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഇണ്ടംതുരുത്തി നമ്പ്യാതിരിയും ഗാന്ധിജിയുമായുള്ള കൂടിക്കാഴ്ച.
1957ലെ കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ കൈവശഭൂമി ഒഴിപ്പിക്കാൻ പാടില്ലെന്ന നിയമം നടപ്പിലാക്കി. ജന്മി-നാടുവാഴി കുടുംബങ്ങളുടെ വരുമാനം നിലച്ചു. പ്രതാപം ക്ഷയിച്ചു. നീലകണ്ഠൻ നമ്പ്യാതിരിക്കുശേഷം മനയുടെ കാരണവരായിരുന്ന വാസുദേവൻ നമ്പ്യാതിരിയുടെ കാലത്ത് കടുത്ത ദുരിതത്തിലേക്ക് മന വഴുതിവീണു. ഒടുവിൽ മന വിൽക്കുകയല്ലാതെ വേറെ വഴിയില്ലാതെ വന്നു. എറണാകുളം അരമനയിലെ ബിഷപ്പിന്റെ പ്രതിനിധികളും ചെത്തുത്തൊഴിലാളി യൂണിയനുവേണ്ടി സി കെ വിശ്വനാഥനുമാണ് മന വാങ്ങുന്നതിനായി നമ്പ്യാതിരിയെ സമീപിച്ചത്. അവസാനം മന യൂണിയനു നൽകാൻ തീരുമാനിച്ചു. 1964 മേയ് 22ന് ഇണ്ടംതുരുത്തി മന യൂണിയൻ വിലയ്ക്ക് വാങ്ങി.
ജാത്യാഭിമാനത്തിന്റെ ഈറ്റില്ലമായിരുന്ന ഇണ്ടംതുരുത്തി മന പിന്നാക്ക സമുദായത്തിൽപ്പെട്ട ചെത്തുത്തൊഴിലാളികളുടെ ആസ്ഥാന മന്ദിരമായി മാറിയത് ചരിത്രത്തിന്റെ മധുരമായ പക വീട്ടലാകാം. പിന്നീട് 2009ൽ പഴമയുടെ പ്രൗഢിയും ചരിത്രത്തിന്റെ ശേഷിപ്പുകളും തെല്ലും ചോർന്നുപോകാതെ മന യൂണിയന്റെ നേതൃത്വത്തിൽ പുനർനിർമ്മിച്ചു. ഇന്നത് വിദ്യാർത്ഥികളുടെയും ചരിത്രാന്വേഷികളുടെയും സന്ദർശന കേന്ദ്രമാണ്.

Eng­lish Sum­ma­ry: Indamthu­rut­ti Mana, a his­tor­i­cal monument

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.