18 April 2024, Thursday

ബാങ്ക് പണിമുടക്ക് പൂർണം; സിഎസ്ബിയിൽ മാർച്ച് മുതൽ അനിശ്ചിതകാല പണിമുടക്ക്

Janayugom Webdesk
തിരുവനന്തപുരം/കൊച്ചി:
October 22, 2021 9:51 pm

കാത്തലിക്ക് സിറിയൻ ബാങ്ക് (സിഎസ്ബി) ജീവനക്കാരുടെ ത്രിദിന പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ബാങ്കിങ് മേഖലയിലെ ഓഫീസർമാരും ജീവനക്കാരും നടത്തിയ സംസ്ഥാന പണിമുടക്ക് പൂർണം. വാണിജ്യ ബാങ്കുകളിലെയും ഗ്രാമീൺ ബാങ്കിലെയും മുഴുവൻ ശാഖകളും ഇന്നലെ അടഞ്ഞു കിടന്നു. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍, ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫെഡറേഷന്‍, ബാങ്ക് എംപ്ലോയീസ് ഫെ‍‍ഡ‍റേഷന്‍ ഓഫ് ഇന്ത്യ, ഇന്ത്യന്‍ നാഷണല്‍ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ എന്നീ സംഘടനകളാണ് സംയുക്ത പണിമുടക്കിന് ആഹ്വാനം ചെയ്തത്.

സംസ്ഥാനത്തെ പൊതു, സ്വകാര്യ ബാങ്കുകളിലെയും സഹകരണ ഗ്രാമീണ ബാങ്കിങ് മേഖലയിലെയും എണ്ണായിരത്തോളം ശാഖകളിലായി 45,000‑ല്‍പരം ജീവനക്കാരും ഓഫീസര്‍മാരുമാണ് പണിമുടക്കിയത്. പണിമുടക്കിയ ജീവനക്കാര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനങ്ങള്‍ നടത്തി. സിഎസ്ബി ബാങ്കിലെ വിദേശമൂലധന നിക്ഷേപം തകിടം മറിച്ച ജനകീയ സ്വഭാവം പുനഃസ്ഥാപിക്കുക, ശമ്പള പരിഷ്കരണം നടപ്പിലാക്കുക, പ്രതികാര ശിക്ഷാ നടപടി പിന്‍വലിക്കുക, കരാര്‍, താല്‍ക്കാലിക ജോലിക്കാരെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സിഎസ്ബി ബാങ്ക് ജീവനക്കാര്‍ കഴിഞ്ഞ മൂന്ന് ദിവസം തുടര്‍ച്ചയായി പണിമുടക്കിലായിരുന്നു.

സിഎസ്ബി ബാങ്കിലെ യൂണിയനുകള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിച്ചില്ലെങ്കില്‍ ഡിസംബര്‍ 30, 31 ജനുവരി ഒന്ന് തീയതികളില്‍ വീണ്ടും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും. തുടര്‍ന്ന് മാര്‍ച്ച് മുതല്‍ അനിശ്ചിതകാല സമരത്തിനും സംഘടനകള്‍ തീരുമാനിച്ചതായി ഓള്‍ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി സി ഡി ജോസണ്‍ അറിയിച്ചു.പണിമുടക്കിയ ജീവനക്കാർ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി. തിരുവനന്തപുരത്ത് സോണൽ ഓഫീസിന് മുന്നിൽ നടന്ന പൊതുയോഗം സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു. എഐടിയുസി സംസ്ഥാന പ്രസിഡന്റ് ജെ ഉദയഭാനു മുഖ്യപ്രഭാഷണം നടത്തി. കോട്ടയത്ത് നടന്ന പ്രതിഷേധ ധർണ എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
eng­lish summary;Indefinite strike in CSB from March
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.