ന്യൂഡല്‍ഹി: രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വര്‍ഷത്തിലേക്ക്. അമൃത് മഹോത്സവ് എന്നു പേരിട്ടിരിക്കുന്ന ആഘോഷങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്നു തുടക്കം കുറിക്കും. രാജ്യതലസ്ഥാനം കനത്ത സുരക്ഷയില്‍.
പ്രധാനമന്ത്രി രാവിലെ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തുന്നതോടെയാകും സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുക. ഇതിനു ശേഷം അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യും.
2023 ഓഗസ്റ്റ് 15 വരെ നീളുന്ന ആഘോഷ പരിപാടികളാണ് രാജ്യത്തുടനീളം സംഘടിപ്പിക്കുക. ചെങ്കോട്ടയിലെ ആഘോഷ ചടങ്ങുകളിലേക്ക് ഒളിമ്പിക് സ്വര്‍ണ്ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര ഉള്‍പ്പെടെയുള്ള കായിക താരങ്ങളെയും ക്ഷണിച്ചിട്ടുണ്ട്. കോവിഡ് മുന്‍നിര പോരാളികള്‍ക്ക് ചടങ്ങില്‍ പ്രത്യേക ബ്ലോക്ക് ഒരുക്കിയിരിക്കുന്നതും ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ പ്രത്യേകതയാണ്.
സ്വാതന്ത്ര്യ ദിന ചടങ്ങില്‍ 32 ഒളിമ്പിക്സ് ജേതാക്കളും ഒളിമ്പ്യന്‍മാരും സ്‌പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 240 പേര്‍ക്കാണ് ക്ഷണം.
പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ വ്യോമസേനയുടെ രണ്ടു ഹെലികോപ്റ്ററുകള്‍ പുഷ്പവൃഷ്ടി നടത്തുന്നതും ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ പ്രത്യേകതയാണ്. ആഘോഷ ചടങ്ങുകള്‍ 500 എന്‍സിസി കേഡറ്റുകളുടെ ദേശീയ ഗാനാലാപനത്തോടെയാകും സമാപിക്കുക.
കര്‍ഷക സമരം ഡല്‍ഹി അതിര്‍ത്തികളില്‍ തുടരുന്ന സാഹചര്യത്തില്‍ വന്‍ സുരക്ഷാ സംവിധാനമാണ് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. ബാരിക്കേഡിങ്ങ് അതിശക്തമാക്കിയിരിക്കുകയാണ്. എയര്‍പോര്‍ട്ട്, റയില്‍വേ സ്‌റ്റേഷനുകള്‍ തുടങ്ങി തന്ത്ര പ്രധാന മേഖലകളിലെല്ലാം വന്‍തോതിലാണ് സുരക്ഷാ സേനാ വിന്യാസം. ബലൂണുകള്‍ പറത്തുന്നതിനു പോലും ഇക്കുറി പൊലീസ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. എന്‍എസ്ജി സ്‌നൈപ്പര്‍മാര്‍, സ്വാറ്റ് കമാന്‍ഡോകള്‍, പട്ടങ്ങള്‍ നിരീക്ഷിക്കാനുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍, ഡ്രോണുകള്‍ ഉയര്‍ന്നാല്‍ അവയെ തകര്‍ക്കാനുള്ള മുന്‍ കരുതല്‍ ഉള്‍പ്പെടെ വന്‍ ക്രമീകരണങ്ങളോടെയാണ് ഇക്കുറി സ്വാതന്ത്ര്യ ദിനം കൊണ്ടാടുക.
English Summary: independence at 75
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.