Thursday
18 Jul 2019

ഇന്ത്യ – പോയ വര്‍ഷം

By: Web Desk | Sunday 31 December 2017 2:03 AM IST


ജനുവരി 2
അഗ്നി നാല് മിസൈല്‍ പരീക്ഷണം
ഇന്ത്യയുടെ ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ അഗ്‌നി 4 വിജയകരമായി വിക്ഷേപിച്ചു. ആണവായുധ ശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ ഒഡീഷയിലെ വീലര്‍ ദ്വീപ് ദ്വീപിലായിരുന്നു പരീക്ഷണം.
ഇന്ത്യയുടെ ഡിആര്‍ഡിഒ വികസിപ്പിച്ച അഗ്‌നി നാലിന്റെ ആറാം വട്ട പരീക്ഷണമാണ് നടന്നത്. 4000 കിലോമീറ്ററാണ് അഗ്‌നി നാലിന്റെ ദൂരപരിധി. അഗ്‌നി നാലിന് 20 മീറ്റര്‍ നീളവും 17 ടണ്‍ ഭാരവുമാണുള്ളത്. ഒരു ടണ്‍ ഭാരമുള്ള ആണവായുധം വഹിക്കാന്‍ അഗ്‌നി നാലിനാകും. ഭാരക്കുറവാണ് മറ്റ് ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകളില്‍ നിന്ന് അഗ്‌നി നാലിനെ വ്യത്യസ്തമാക്കുന്നത്. അഗ്നി അഞ്ചും ഇന്ത്യ വിജയകരമായി പരീക്ഷിച്ചിരുന്നു.

മതത്തിന്റെ പേരില്‍ വോട്ട് ചോദിക്കരുത്
മതത്തിന്റെ പേരില്‍ വോട്ട് പിടിക്കരുതെന്ന നിര്‍ണായക നിരീക്ഷണവുമായി സുപ്രീംകോടതി. മതം, ജാതി, വംശം എന്നിവയുടെ പേരില്‍ വോട്ട് ചോദിക്കരുത്. തെരഞ്ഞെടുപ്പ് മതേതര പ്രക്രിയയാണ്. അതില്‍ മതം കലര്‍ത്തരുത്. മതത്തിന് അവിടെ സ്ഥാനമുണ്ടാകരുത്. സമുദായത്തിന്റെയോ ഭാഷയുടേയോ പേരിലും വോട്ടു പിടുത്തം പാടില്ല. വിശ്വാസം വ്യക്തിപരമാണ്. മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധത്തിന്റെ തിരഞ്ഞെടുപ്പ് വ്യക്തിപരമായിരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഹിന്ദുത്വം മതമായി പ്രചരിപ്പിച്ച് അതുപയോഗിച്ച് വോട്ട് പിടിക്കുന്നതിനെതിരായ ഒരുകൂട്ടം ഹര്‍ജികള്‍ തീര്‍പ്പാക്കിക്കൊണ്ടാണ് ഏഴംഗ ഭരണഘടനാ ബഞ്ചിന്റെ ഉത്തരവ്.

ജനുവരി 14
ഗംഗാനദിയില്‍ ബോട്ടുമുങ്ങി 25 മരണം
പട്നയില്‍ ഗംഗാനദിയില്‍ ബോട്ടുമുങ്ങി 25 പേര്‍ മരിച്ചു. നദിക്കു നടുവിലെ ചെറുദ്വീപില്‍ മകരസംക്രമ ആഘോഷത്തില്‍ പങ്കെടുത്തു മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. 25 പേരെ കയറ്റാവുന്ന ബോട്ടില്‍ 50 പേരെ കയറ്റിയതാണ് ബോട്ടു മുങ്ങാന്‍ കാരണം.

ജനുവരി 25
കശ്മീരില്‍ ഹിമപാതത്തില്‍ 15 സൈനികര്‍ മരിച്ചു
കശ്മീരിലെ ഗുരുസ് സെക്ടറില്‍ മഞ്ഞിടിഞ്ഞ് 15 സൈനികരടക്കം 20 പേര്‍ മരിച്ചു. 56 രാഷ്ട്രീയ റൈഫിള്‍ സേനാംഗങ്ങളായ ജവാന്‍മാരാണ്മരിച്ചത്. ഗുറസിലെ നിയന്ത്രണരേഖാ പ്രദേശത്ത് പട്രോളിങ് സംഘവും സൈനിക പോസ്റ്റും ഹിമപാതത്തില്‍ കുടുങ്ങുകയായിരുന്നു. പ്രതികൂല കാലാവസ്ഥയിലും രക്ഷാസംഘം ആറു സൈനികരെ രക്ഷിച്ചു.

 

ഫെബ്രുവരി 1
കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു
2017 18 സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റ് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി അവതരിപ്പിച്ചു. റയില്‍വേ ബജറ്റ് കേന്ദ്ര ബജറ്റില്‍ ലയിപ്പിച്ച ശേഷമുള്ള ആദ്യ ബജറ്റില്‍, റയില്‍വെ വികസനത്തിനായി കോടികള്‍ മാറ്റിവച്ചു 92 വര്‍ഷമായി തുടരുന്ന കീഴ്വഴക്കത്തിനാണ് റയില്‍ ബജറ്റ് ലയിപ്പിച്ചതോടെ അവസാനമായത്.
സിറ്റിങ് എംപിയായിരുന്ന ഇ അഹമ്മദിന്റെ നിര്യാണം ബജറ്റ് അവതരിപ്പിക്കാന്‍വേണ്ടി കേന്ദ്രസര്‍ക്കാര്‍ മറച്ചുവച്ചുവെന്ന ആരോപണം ഉയര്‍ന്നു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെയാണ് ഇ അഹമ്മദ് കുഴഞ്ഞുവീണത്. സിറ്റിങ് എംപി മരിച്ചാല്‍ അനുശോചനം രേഖപ്പെടുത്തി സഭ പിരിയണമെന്ന കീഴ്‌വഴക്കം ഒഴിവാക്കാന്‍വേണ്ടി കേന്ദ്രസര്‍ക്കാര്‍ ഇ അഹമ്മദിന്റെ മരണവിവരം വൈകിപ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം.

ഫെബ്രുവരി 15
ഐഎസ്ആര്‍ഒയ്ക്ക് ചരിത്രനേട്ടം
അത്യപൂര്‍വ്വ ബഹിരാകാശ ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ച് ഐഎസ്ആര്‍ഒ ചരിത്രമെഴുതി. ഒരു വിക്ഷേപണത്തില്‍ ഏറ്റവും കൂടുതല്‍ കൃത്രിമോപഗ്രഹങ്ങള്‍ ബഹിരാകാശത്ത് എത്തിക്കാനുള്ള മഹാവിക്ഷേപണമാണ് ഐഎസ്ആര്‍ഒ വിജയകരമാക്കിയത്. പിഎസ്എല്‍വി ഇ37 റോക്കറ്റ് ഉപയോഗിച്ച് ഏഴു രാജ്യങ്ങളില്‍നിന്നുള്ള 104 ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്.
ഇവയില്‍ മൂന്ന് എണ്ണം ഒഴിച്ചാല്‍ ബാക്കിയുള്ളവ വിദേശ ഉപഗ്രഹങ്ങളാണ്. ഇസ്രായേല്‍, കസാഖിസ്ഥാന്‍, തായ്ലന്‍ഡ്, സ്വിറ്റ്സര്‍ലണ്ട്, അമേരിക്ക എന്നീ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. 10 കിലോ ഭാരമുള്ള നാനോ ഉപഗ്രഹങ്ങളാണ് ഇവ.

മാര്‍ച്ച് 6
ഐഎന്‍എസ് വിരാട് ഡീ കമ്മീഷന്‍ ചെയ്തു
ഇന്ത്യന്‍ നാവിക സേനയുടെ അഭിമാനമായിരുന്ന വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിരാട് ഡീ കമ്മീഷന്‍ ചെയ്തു. 30വര്‍ഷത്തെ സേവനത്തിനൊടുവിലാണ് ഐഎന്‍എസ് വിരാട് ചരിത്രത്തിന്റെ ഭാഗമായത്. മുംബൈയില്‍ നടന്ന ചടങ്ങില്‍ നാവിക മേധാവിയുടെയും മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയും സാനിധ്യത്തിലായിരുന്നു വിരാടിന് യാത്രയയപ്പ് നല്‍കിയത്.
നിരവധി യുദ്ധ മുഖങ്ങളില്‍ ഇന്ത്യന്‍ നാവിക സേനയുടെ കരുത്തായിരുന്നു വിരാട്. 50,0000നോട്ടിക്കള്‍ മൈല്‍ ദൂരം സഞ്ചരിച്ച ശേഷമാണ് ഐഎന്‍എസ് വിരാട് യാത്ര അവസാനിപ്പിച്ചത്. ഇനി വിരാടിനെ യുദ്ധവിമാനങ്ങളുടെ മ്യൂസിയമാക്കാനാണ് നിര്‍ദ്ദേശം,

മാര്‍ച്ച് 11
യുപിയില്‍ ബിജെപി, പഞ്ചാബില്‍ കോണ്‍ഗ്രസ്
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൡലാണ് തെരഞ്ഞെടുപ്പ് നടന്നത്. യുപിയിലും ഉത്തരാഖണ്ഡിലും ബിജെപി ഭൂരിപക്ഷം നേടിയപ്പോള്‍ പഞ്ചാബില്‍ കോണ്‍ഗ്രസ് അധികാരം നേടി. ഗോവയിലും മണിപ്പൂരിലും കുതിരക്കച്ചവടംപയറ്റിയ ബിജെപി അധികാരത്തിലെത്തുകയും ചെയ്തു.

ഏപ്രില്‍ 24
ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം
ഛത്തീസ്ഗഡിലെ സുഖ്മയില്‍ സിആര്‍പിഎഫ് പട്രോളിംഗിന് നേരെയുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ 25ജവാന്മാര്‍ കൊല്ലപ്പെട്ടു. 7 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ദക്ഷിണ ബസ്തറിലെ ബുര്‍കാപാല്‍ ചിന്താഗുഫ മേഖലയിലാണ് ആക്രമണം നടന്നത്. മാവോയിസ്റ്റുകളും സിആര്‍പിഎഫും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലുണ്ടായി. കൊല്ലപ്പെട്ട 24 പേരുടേയും പക്കലുണ്ടായിരുന്ന ആയുധങ്ങളും വയര്‍ലസ് സെറ്റുകളും മാവോയിസ്റ്റുകള്‍ കൊണ്ടുപോയി. മാര്‍്ച്ച് 11 ന് നടന്ന ആക്രമണത്തില്‍ 12 സിആര്‍പിഎഫ് ജവാന്മാരും കൊല്ലപ്പെട്ടിരുന്നു.

മെയ് ഒമ്പത്
ജസ്റ്റിസ് കര്‍ണനെ ശിക്ഷിച്ചു
കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായിരുന്ന കര്‍ണനെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍ അദ്ധ്യക്ഷനായ ബെഞ്ച് ആറ് മാസത്തെ തടവുശിക്ഷയ്ക്ക് വിധിച്ചു. സഹജഡ്ജിമാര്‍ക്കെതിരെ ജുഡീഷ്യറിയുടെ പേര് കളങ്കപ്പെടുത്തുന്ന നിലയില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിനായിരുന്നു കര്‍ണന് സുപ്രീംകോടതി ശിക്ഷ വിധിച്ചത്. തുടര്‍ന്ന് ഒളിവില്‍പോയ ജസ്റ്റിസ് കര്‍ണന്‍ രണ്ടുമാസത്തോളം ഒളിവില്‍ കഴിഞ്ഞ ശേഷമാണ് പിടിയിലായത്. ഇന്ത്യന്‍ നീതിന്യായസംവിധാനത്തില്‍ത്തന്നെ പദവിയിലിരിയ്‌ക്കെ അറസ്റ്റ് നേരിട്ട ആദ്യ ജഡ്ജിയാണ് കര്‍ണന്‍. ഡിസംബര്‍ 20 ന് കര്‍ണന്‍ തടവുശിക്ഷ പൂര്‍ത്തിയാക്കി ജയില്‍മോചിതനായി.

മെയ് 23
കശാപ്പ് നിരോധനം
രാജ്യമെമ്പാടും വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കാരണമായ കന്നുകാലി കശാപ്പ് നിരോധനം സാമ്പത്തികരംഗത്ത് കടുത്ത പ്രത്യാഘാതങ്ങളും ഉണ്ടാക്കി. മൃഗങ്ങള്‍ക്കതിരെയുള്ള ക്രൂരത തടയല്‍ നിയമം ഭേദഗതി ചെയ്ത് 2017 മേയ് 23നാണ് വിവാദ ഉത്തരവ് കേന്ദ്രം പുറപ്പെടുവിച്ചത്. കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ചുകൊണ്ടായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ്.
കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഡിസംബര്‍ രണ്ടിന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചു. കേരളത്തിന് പുറമെ പശ്ചിമ ബംഗാള്‍, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളും ഉത്തരവിനോട് എതിര്‍പ്പ് അറിയിച്ചിരുന്നു. രാജ്യത്ത് ഗോസംരക്ഷകരുടെ പേരില്‍ അക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇത്തരമൊരു നിരോധനം വലിയ വിമര്‍ശനത്തിനാണ് വഴിവെച്ചിരുന്നത്,
നിലവില്‍ ചില സംസ്ഥാനങ്ങളില്‍ ഗോവധ നിരോധനം നിയമം നടപ്പിലാക്കിയിട്ടുണ്ട്. ഇതിന്റെ പുതിയ പതിപ്പാണ് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനം. സംസ്ഥാനങ്ങള്‍ നടപ്പാക്കിയ നിയമത്തില്‍ പശുവിനെ കശാപ്പ് ചെയ്യുന്നതിനായിരുന്നു നിരോധനം. എന്നാല്‍ കേന്ദ്രം ഇറക്കിയ വിജ്ഞാപനത്തില്‍ പശുവിന് പുറമേ കാള, പോത്ത്, എരുമ, ഒട്ടകം എന്നീ മൃഗങ്ങളെയും ഉള്‍പ്പെടുത്തിയതോടെ ഇറച്ചി, തുകല്‍ വ്യവസായങ്ങള്‍ക്ക് തിരിച്ചടിയാവുകയും ആയിരക്കണക്കിനാളുകള്‍ തൊഴില്‍ രഹിതരാവുകയും ചെയ്തിരുന്നു.
മേയ് അവസാനത്തില്‍ മദ്രാസ് ഹൈക്കോടതി ഉത്തരവ് താത്കാലികമായി സ്റ്റേ ചെയ്തു. ജൂലൈയില്‍ സുപ്രീം കോടതി രാജ്യമാകെ സ്റ്റേ കൊണ്ടുവന്നതോടെ കേന്ദ്രം പ്രതിരോധത്തിലായിരുന്നു. ഒടുവില്‍ ഡിസംബറില്‍ പുതിയ നിയമം പിന്‍വലിക്കുകയായിരുന്നു.

 

ജൂണ്‍ 16
ഗൂര്‍ഖാലാന്‍ഡ് പ്രക്ഷോഭം
പ്രത്യേക ഗൂര്‍ഖാലാന്‍ഡ് സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭം പശ്ചിമബംഗാളില്‍ ശക്തമായി. ഡാര്‍ജലിങില്‍ അനിശ്ചിതകാല ബന്ദ് പ്രഖ്യാപിച്ച് ഗുര്‍ഖാ ജനമുക്തി മോര്‍്ച്ച നടത്തിയ സമരം പലതവണ അക്രമാസക്തമായി. പൊലീസ് വെടിവെപ്പില്‍ അഞ്ചുപര്‍ കൊല്ലപ്പെട്ടു. സെപ്റ്റംബര്‍ 27 നാണ് കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ചയെത്തുടര്‍ന്ന് സമരം അവസാനിപ്പിച്ചത്.

ജൂലൈ 1
ജിഎസ്ടിയും ജിഡിപിയിലെ തളര്‍ച്ചയും
സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ നികുതി പരിഷ്‌കാരമായ ജിഎസ്ടി രാജ്യത്ത് നിലവില്‍ വന്നു. ഇതോടെ നൂറ്റിമുപ്പതുകോടി ജനങ്ങള്‍ വസിക്കുന്ന ഇന്ത്യ ഒരൊറ്റ കമ്പോളമായി.
പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ജി.എസ്.ടിയുടെ സാധ്യതകള്‍ വിശദീകരിച്ചു. അര്‍ധരാത്രിയില്‍ പ്രധാനമന്ത്രിയാണു ജി.എസ്.ടി പ്രഖ്യാപനം നടത്തിയത്. ജിഎസ്ടിയുടെ വരവറിയിച്ച് സെന്‍ട്രല്‍ ഹാളില്‍ മണിയും മുഴങ്ങി,
മതിയായ തയ്യാറെടുപ്പുകളില്ലാതെ നിയമം നടപ്പാക്കുന്നതില്‍പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ചടങ്ങ് ബഹിഷ്‌കരിച്ചു.
ജിഎസ്ടിയുടെ പ്രത്യാഘാതം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പിന്നോട്ടടിച്ചു. ജിഡിപി വളര്‍ച്ച 5.7 ശതമാനമായി കുറഞ്ഞു. നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിച്ച നിരക്കിലും കുറയുമെന്ന് അന്താരാഷ്ട്ര നാണ്യ നിധി (ഐഎംഎഫ്) വിലയിരുത്തി. ഇന്ത്യ 7.2 ശതമാനം വളര്‍ച്ചാ നിരക്ക് നേടുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ നോട്ട് നിരോധനവും ജിഎസ്ടിയും കാരണം 6.7 ശതമാനം വളര്‍ച്ചയെ പ്രതീക്ഷിക്കുന്നുള്ളൂവെന്ന് ഐഎംഎഫ് വേള്‍ഡ് ഇക്കണോമിക് ഔട്‌ലുക്ക് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍, ഫിച്ച്, നൊമുറോ തുടങ്ങിയ റേറ്റിങ് എജന്‍സികളും സാമ്പത്തിക പഠന സ്ഥാപനങ്ങളും ഇതേ അഭിപ്രായം പങ്കുവച്ചു. മൂഡിസ് മാത്രമാണ് ഇന്ത്യയുടെ റേറ്റിങ് ഉയര്‍ത്തിയത്.

ജൂലൈ 10
അനന്ദ്‌നാഗില്‍ ഭീകരാക്രമണം
അനന്ദ്‌നാഗില്‍ അമര്‍നാഥ് തീര്‍ഥാടകര്‍ക്കുനേരെ നടന്ന ഭീകരാക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. 16 തീര്‍ഥാടകര്‍ക്ക് പരുക്കേറ്റു. അമര്‍നാഥ് തീര്‍ഥാടകരുമായി പോകുകയായിരുന്ന ബസിനുനേരെ നടന്ന ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ലഷ്‌കര്‍-ഇ-തയ്ബ കമാന്‍ഡര്‍ അബു ഇസ്മയിലിനെ സൈന്യം സെപ്റ്റംബര്‍ 14 ന് ഏറ്റുമുട്ടലില്‍ വധിച്ചു

ജൂലൈ-ഓഗസ്റ്റ്
മഴക്കെടുതിയില്‍ വന്‍നാശം
നിരവധി സംസ്ഥാനങ്ങളില്‍ മഴ നാശം വിതച്ചു. ഗുജറാത്തില്‍ മഴക്കെടുതിയില്‍ 250 ലേറെപ്പേര്‍ മരിച്ചു. പശ്ചിമബംഗാളിലെ വെള്ളപ്പൊക്കത്തില്‍ 70 മരണം. അരുണാചലില്‍ മണ്ണിടിഞ്ഞ് 14 മരണം. ഓഗസ്റ്റില്‍ ഇന്ത്യയിലും നേപ്പാളിലുമായി ഉണ്ടായ വെള്ളപ്പൊക്കത്തില്‍ 450 ഓളം പേര്‍ക്ക് ജീവന്‍ നഷ്ടമായി.

 

ജൂലൈ 20
രാം നാഥ് കോവിന്ദ് രാഷ്ട്രപതി
എന്‍ഡിഎയുടെ രാം നാഥ് കോവിന്ദ് ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതി. 65.65 ശതമാനം നേടിയാണ് റാം നാഥ് കോവിന്ദ് രാഷ്ട്രപതി പദത്തിലെത്തുന്നത്. 7,02,644 ആണ് കോവിന്ദിന് ലഭിച്ച വോട്ടുമൂല്യം. പ്രതിപക്ഷ സ്ഥാനാര്‍ഥി മീരാ കുമാറിന് 3,67,314 വോട്ടു ലഭിച്ചു. കേരളത്തില്‍ മാത്രമാണ് മീരാകുമാര്‍ മുന്നിലെത്തിയത്. 138 എംഎല്‍എമാര്‍ മീരാകുമാറിനും ഒരാള്‍ കോവിന്ദിനും വോട്ട് രേഖപ്പെടുത്തി. ഇന്ത്യയുടെ രണ്ടാമത്തെ ദളിത് രാഷ്ട്രപതിയാണ് കോവിന്ദ്. ജൂലൈ 25 ന് കോവിന്ദ് രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു.

ജൂലൈ 27
ബിഹാറില്‍ നിതീഷ്‌കുമാര്‍ മറുകണ്ടംചാടി
രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ ബിഹാറില്‍ മഹാസഖ്യത്തില്‍ നിന്നും പുറത്തുചാടിയ നിതീഷ്‌കുമാര്‍ മറുപക്ഷത്തുചേക്കേറി.
ആര്‍ജെഡിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് രാജിവച്ച നിതീഷ് നേരം ഇരുട്ടിവെളുത്തപ്പോള്‍ വീണ്ടും മുഖ്യമന്ത്രിയായി. അഴിമതിക്കേസില്‍ അകപ്പെട്ടതിനെത്തുടര്‍ന്ന് തന്റെ സര്‍ക്കാരിലെ ഉപമുഖ്യമന്ത്രിയും സഖ്യകക്ഷിയായ ആര്‍ജെഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവിന്റെ മകനുമായ തേജസ്വി യാദവ് രാജിവയ്ക്കണമെന്ന് നിതീഷ്‌കുമാര്‍ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു.
എന്‍ഡിഎയുടെ പിന്തുണയോടെയാണു ജെഡിയു നേതാവായ നിതീഷ് കുമാര്‍ സര്‍ക്കാര്‍ രൂപീകരിച്ചത്. മുതിര്‍ന്ന ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോഡി ഉപമുഖ്യമന്ത്രിയായി.

ഓഗസ്റ്റ് 5
വെങ്കയ്യ നായിഡു ഉപരാഷ്ട്രപതി
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വെങ്കയ്യ നായിഡുവിന് വിജയം. രാജ്യസഭാ, ലോക്സഭാ എംപിമാര്‍ ചേര്‍ന്നാണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. 771 എംപിമാര്‍ വോട്ട് ചെയ്തു. 516 വോട്ടുകള്‍ നേടിയാണ് വെങ്കയ്യ വിജയിച്ചത്. ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയാണ് വെങ്കയ്യ നായിഡു. പ്രതിപക്ഷ സ്ഥാനാര്‍ത്ഥി ഗോപാല്‍ കൃഷ്ണ ഗാന്ധിക്ക് 244 വോട്ടുകള്‍ ലഭിച്ചു. പതിനൊന്ന് പേര്‍ വോട്ട് അസാധുവാക്കി. 14 പേര്‍ വോട്ട് ചെയ്തില്ല. ഓഗസ്റ്റ് 11 ന് നായിഡു സത്യപ്രതിജ്ഞ ചെയ്തു.

ഓഗസ്റ്റ് 13
ഹിമാചലില്‍ മണ്ണിടിച്ചില്‍
ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ മണ്ണിടിച്ചിലില്‍ 46 പേര്‍ മരിച്ചു. അപകടത്തില്‍ രണ്ടു ബസുകള്‍ പൂര്‍ണമായും മണ്ണിനടിയിലായി. ഹിമാചല്‍ പ്രദേശ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ ബസുകളാണ് അപകടത്തില്‍ പെട്ടത്. മാണ്ഡി പത്താന്‍ കോട്ട് ദേശീയ പാതയിലായിരുന്നു അപകടം.

ഓഗസ്റ്റ് 19
ഉത്കല്‍ എക്‌സ്പ്രസ്
മുസാഫര്‍നഗറില്‍ ഉത്കല്‍ എക്സ്പ്രസ് ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ 23പേര്‍ കൊല്ലപ്പെടുകയും 100ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഓഗസ്റ്റ് 22
മുത്തലാഖ് നിരോധിച്ച് സുപ്രിംകോടതി
മുത്തലാഖ് നിരോധിച്ച് സുപ്രീം കോടതി. മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്നു കണ്ടാണ് കോടതി തീരുമാനം. സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് ഉത്തരവ്.
ആറുമാസത്തിനുള്ളില്‍ മുത്തലാഖ് നിരോധിച്ചുകൊണ്ട് നിയമനിര്‍മാണം നടത്തണമെന്ന് സുപ്രീം കോടതി കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം നല്‍കി. ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍, ജസ്റ്റിസ് കുര്യന്‍ ജോസഫ്, ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍, ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് അബുല്‍ നാസര്‍ എന്നീ അഞ്ചു ജഡ്ജിമാരുള്‍പ്പെട്ട ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിച്ചത്

 

ഓഗസ്റ്റ് 25
ഗുര്‍മീത് കുറ്റക്കാരന്‍: പഞ്ചാബില്‍ കലാപം
ദേരാ സച്ചാ സൗദാ ആത്മീയനേതാവായ ഗുര്‍മീത് റാം റഹിം സിങ് ബലാത്സംഗക്കേസില്‍ കുറ്റക്കാരനാണെന്ന് സിബിഐ കോടതി കണ്ടെത്തിയതിനെത്തുടര്‍ന്ന് പഞ്ചാബിലും ഹരിയാനയിലും കലാപം. 38 പേര്‍ കൊല്ല്‌പ്പെട്ടു. 300 ലധികം പേര്‍ക്ക് പരുക്കേറ്റു.
ചണ്ഡിഗഡ്, പാഞ്ച്കുള എന്നിവിടങ്ങളിലും പഞ്ചാബിലെ വിവിധ മേഖലകളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 28 ന് ഗുര്‍മീതിനെ ബലാത്സംഗക്കേസുകളില്‍ 20 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു.

ഓഗസ്റ്റ് 28
ഗോരഖ്പൂരില്‍ കൂട്ടശിശുമരണം
യുപിയിലെ ഗോരഖ്പൂരില്‍ ഓക്‌സിജന്‍ കിട്ടാതെ നവജാത ശിശുക്കള്‍ കൂട്ടത്തോടെ മരിച്ച സംഭവം സം്സ്ഥാന സര്‍ക്കാരിനെ പിടിച്ചുകുലുക്കി. ആകെ 260 ഓളം കുട്ടികളാണ് ഒരുമാസത്തിനിടെ ഗോരഖ്പൂരിലെ ബിആര്‍ഡി ആശുപത്രിയില്‍ മരിച്ചത്. പിന്നാലെ ഗുജറാത്ത്, ചത്തീസ്ഗഡ്, മധ്യപ്രദേശ്, സംസ്ഥാനങ്ങളിലെ വിവിധയിടങ്ങളിലും കൂട്ട ശിശുമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സുപ്രിംകോടതി ചീഫ് ജസ്റ്റിസായി ദീപക് മിശ്ര ചുമതലയേറ്റെടുത്തു

സെപ്റ്റംബര്‍ 5
ഗൗരി ലങ്കേഷിന്റെ കൊലപാതകം
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഗൗരി ലങ്കേഷ് ബംഗളുരുവിലെ വീട്ടില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. തീവ്ര വലതുപക്ഷ സംഘടനയായ സനാതന്‍ സന്‍സ്ഥയാണ് സംഭവത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. എംഎം കല്‍ബുര്‍ഗിയും നരേന്ദ്ര ദബോല്‍ക്കറും ഗോവിന്ദ് പന്‍സാരെയും കൊല്ലപ്പെട്ട രീതിയിലായിരുന്നു ഗൗരിയുടെ കൊലപാതകവും. ബിജെപിയുടെയും ആര്‍എസ്എസിന്റെയും കടുത്ത വിമര്‍ശകയായിരുന്ന ഗൗരിയുടെ മരണത്തെത്തുടര്‍ന്ന് അസഹിഷ്ണുതക്കെതിരെ രാജ്യമെങ്ങും കടുത്ത പ്രതിഷേധമുയര്‍ന്നു. സംഭവത്തില്‍ ഇതുവരെയും കൊലപാതകികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് സാധിച്ചിട്ടില്ല.

നവംബര്‍ 1
താപനിലയത്തില്‍ സ്‌ഫോടനം: 32 മരണം
ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ എന്‍ടിപിസി (നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍) പ്ലാന്റില്‍ ഉണ്ടായ സ്ഫോടനത്തില്‍ 32 പേര്‍ മരിച്ചു.
ബോയ്ലര്‍ പൈപ്പ് പൊട്ടിത്തെറിച്ചാണ് ദുരന്തമുണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. റായ്ബറേലിയിലെ ഉന്‍ചഹറിലുള്ള, 500 മെഗാവാട്ട് ഉല്‍പ്പാദനശേഷിയുള്ള താപനിലയത്തിലെ പവര്‍ യൂണിറ്റിലാണ് അപകടമുണ്ടായത്.

നവംബര്‍ 18
മാനുഷി ചില്ലര്‍ ലോക സുന്ദരി
ലോക സുന്ദരിപ്പട്ടം ഇന്ത്യക്ക്. ഹരിയാനക്കാരിയായ മാനുഷി ചില്ലര്‍ക്കാണ് 2017ലെ ലോക സുന്ദരിപ്പട്ടം ലഭിച്ചത്. ചൈനയിലെ സാനിയില്‍ നടന്ന മത്സരത്തില്‍ 108 സുന്ദരികളെ പിന്തള്ളിയാണ് മാനുഷി ഈ നേട്ടം കൈവരിച്ചത്. ചടങ്ങില്‍ കഴിഞ്ഞ വര്‍ഷത്തെ ലോക സുന്ദരി സ്റ്റെഫാനി ഡെല്‍വാലെ, മാനുഷിക്ക് ലോക കിരീടം അണിയിച്ചു. രണ്ടാം സ്ഥാനം ഇംഗ്ലണ്ടിനും മൂന്നാം സ്ഥാനം മെക്സിക്കോക്കുമാണ്. ലോകസുന്ദരിപ്പട്ടം സ്വന്തമാക്കുന്ന ആറാമത്തെ ഇന്ത്യക്കാരിയാണ് മാനുഷി.

ഡിസംബര്‍ 16
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷന്‍
കോണ്‍ഗ്രസ്സ് അധ്യക്ഷസ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി അവരോധിക്കപ്പെട്ടു. എഐസിസി ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങില്‍ പാര്‍ട്ടിയുടെ 17ാമത് അധ്യക്ഷനായി രാഹുല്‍ ഒദ്യോഗികമായി ചുമതലയേറ്റു
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഉള്‍പ്പെടെയുള്ള പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തു. കോണ്‍ഗ്രസിന്റെ സംഘടനാ തെരഞ്ഞെടുപ്പ് അതോറിറ്റി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തെരഞ്ഞെടുപ്പ് ഫലം രേഖപ്പെടുത്തിയ സാക്ഷ്യപത്രം രാഹുല്‍ ഗാന്ധിക്ക് കൈമാറി.
ഗാന്ധി കുടുംബത്തില്‍ നിന്നും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തുന്ന അഞ്ചാമത്തെ വ്യക്തിയാണ് രാഹുല്‍. നേരത്തെ മുന്‍പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, സോണിയാ ഗാന്ധി എന്നിവരാണ് ഈ സ്ഥാനം വഹിച്ചിട്ടുള്ളത്.132 വര്‍ഷത്തെ പാരമ്പര്യമുള്ള പാര്‍ട്ടിയില്‍ ഏറ്റവും കൂടുതല്‍ കാലം പദവിയില്‍ ഇരുന്ന അധ്യക്ഷ എന്ന ബഹുമതിയോടെയാണ് സോണിയയുടെ വിടവാങ്ങല്‍.

 

ഡിസംബര്‍ 18
ഗുജറാത്തിലും ഹിമാചലിലും ബിജെപി
രാജ്യം ഉറ്റുനോക്കിയ തെരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ ഭരണം നിലനിര്‍ത്തിയ ബിജെപി ഹിമാചല്‍ പ്രദേശിലും അധികാരത്തിലെത്തി. ഗുജറാത്തില്‍ തുടര്‍ച്ചയായ ആറാം തവണയാണ് ബിജെപി അധികാരം നേടുന്നത്. ശക്തമായ മത്സരമാണ് ഇത്തവണ ഗുജറാത്തില്‍ നടന്നത്. 150 സീറ്റുവരെ നേടുമെന്ന ബിജെപി നേതാക്കളുടെ അവകാശ വാദം അസ്ഥാനത്തായി. പരമ്പരാഗത വോട്ടുകളിലും ഭൂരിപക്ഷത്തിന്റെ തോതിലും ബിജെപിക്ക് തിരിച്ചടി നേരിട്ടു. ഗുജറാത്തില്‍ 99 സീറ്റുകളില്‍ ബിജെപിയും 80 സീറ്റുകളില്‍ കോണ്‍ഗ്രസും മൂന്നിടത്ത് മറ്റുള്ളവരും വിജയിച്ചു.
ഹിമാചലില്‍ ആകെയുള്ള 68 സീറ്റില്‍ 44 സീറ്റുകള്‍ ബിജെപി നേടിയപ്പോള്‍ ഭരണകക്ഷി ആയിരുന്ന കോണ്‍ഗ്രസ് 21 സീറ്റിലൊതുങ്ങി. സിപിഐ (എം) സ്ഥാനാര്‍ഥി രാകേഷ് സിംഗയും ഒരു സ്വതന്ത്രനും ജയിച്ചു.ഹിമാചല്‍ പ്രദേശിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി പ്രേംകുമാര്‍ ധൂമല്‍ തോറ്റത് ബിജെപിക്കു തിരിച്ചടിയായി.

ആടിയുലഞ്ഞ് തമിഴ്‌നാട് രാഷ്ട്രീയം
മുഖ്യമന്ത്രിയായിരുന്ന ജയലളിത 2016 ഡിസംബറില്‍ മരണമടഞ്ഞതിനെത്തുടര്‍ന്ന് തമിഴ്‌നാട് രാഷ്ട്രീയം അനിശ്ചിതത്തിലേക്ക് വീഴുന്നതാണ് 2017 ല്‍ കണ്ടത്. ജയലളിതയ്ക്ക് പകരം മുഖ്യമന്ത്രിയായ ഒ പനീര്‍ശെല്‍വത്തെ മാറ്റി ജയലളിതയുടെ തോഴി ശശികല മുഖ്യമന്ത്രി സ്ഥാനത്തെത്തി. ഇതോടെ പനീര്‍ശെല്‍വം പാര്‍ട്ടിയില്‍ കലാപക്കൊടിയുയര്‍ത്തി. അഴിമതിക്കേസില്‍ ശശികല ജയിലിലായതോടെ
മുഖ്യമന്ത്രിയായി വിശ്വസ്തന്‍ എടപ്പാടി പളനിസ്വാമി അധികാരമേറ്റു. എന്നാല്‍ പിന്നീട് മുന്‍ മുഖ്യമന്ത്രി ഒ പനീര്‍സെല്‍വവും പളനിസ്വാമിയും ഒന്നായതോടെ തൊട്ടുപിന്നാലെ ശശികല-ടിടിവി ദിനകരന്‍ പക്ഷത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ഇതിനിടെ 19 എംഎല്‍എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. ഇതോടെ സ്പീക്കര്‍ എംഎല്‍എമാരെ അയോഗ്യരാക്കി. എന്നാല്‍ പളനിസ്വാമി സര്‍ക്കാരിനെ താഴെയിറക്കുമെന്ന് പ്രഖ്യാപിച്ച ടിടിവി ദിനകരനാണ് എഐഎഡിഎംകെ, ഡിഎംകെ സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തി ജയലളിതയുടെ മണ്ഡലമായിരുന്ന ആര്‍കെ നഗറില്‍ നിന്നും ജയിച്ചത്.

സ്വകാര്യത അവകാശം
സ്വകാര്യത മൗലിക അവകാശമാണെന്ന് സുപ്രിം കോടതി പ്രഖ്യാപിച്ചു. ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹാര്‍ അധ്യക്ഷനായ ഒന്‍പതംഗ ബഞ്ച് ആണ് വിധി പ്രസ്താവിച്ചത്. ഇതോടെ ഇതിന് വിരുദ്ധമായ പഴയ വിധികള്‍ അസാധുവായിെ. ജനാധിപത്യചരിത്രത്തിലെ നിര്‍ണായക വിധിയായാണ് ഇതിനെ കണക്കാക്കുന്നത്. സ്വകാര്യത പൗരന്റെ അവകാശമാണെന്നാണ് കോടതി വ്യക്തമാക്കിയത്. ഇതോടെ ആധാറിന്റെ സാധുതയുടെ ചോദ്യം ചെയ്യപ്പെടും.
സ്വകാര്യത മൗലിക അവകാശമല്ലെന്ന് 1954ല്‍ എ സി ശര്‍മ്മ കേസിലും, 1962ല്‍ കരക്‌സിംഗ് കേസിലും സുപ്രീംകോടതിയുട ഭരണഘടന ബെഞ്ചുകള്‍ വ്യക്തമാക്കിയിരുന്നു. സ്വകാര്യത അവകാശം വ്യക്തമായി പരിശോധിക്കണമെന്ന ആവശ്യം വീണ്ടും ഉയര്‍ന്നുവന്നതോടെയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ ഒമ്പതംഗ ഭരണഘടന ബെഞ്ച് രൂപീകരിച്ചത്. കേസ് വിശദമായി കേട്ട കോടതി 1954ലെയും 62ലെയും വിധികളെ മറികടന്നുകൊണ്ടാണ് ചരിത്ര വിധി പുറപ്പെടുവിച്ചത്.
സ്വകാര്യത ഒരു വ്യക്തിയുടെ പൂര്‍ണ അവകാശമാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സുപ്രീംകോടതി വിധി പറഞ്ഞത്. ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ് സ്വകാര്യത. ഭരണഘടന ഒരു പൗരന് നല്‍കുന്ന മൗലിക അവകാശം തന്നെയാണ് സ്വകാര്യതയെന്നും 547 പേജുള്ള വിധിയിലൂടെ ഭരണഘടന ബെഞ്ച് വ്യക്തമാക്കി.
സ്വകാര്യ മൗലിക അവകാശമല്ല എന്ന വാദമാണ് കേസില്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്. സ്വകാര്യത ഒരു വ്യക്തിയുടെ പൂര്‍ണ അവകാശമായി കണക്കാക്കാന്‍ ആകില്ലെന്നും കേന്ദ്രം വാദിച്ചിരുന്നു. ആ വാദങ്ങളെല്ലാം കോടതി തള്ളി. സ്വകാര്യത മൗലിക അവകാശമാമെന്നും അത് സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ മുന്നോട്ടുവെച്ച വാദങ്ങള്‍ കോടതിയുടെ അംഗീകരിക്കുകയും ചെയ്തു.