December 1, 2023 Friday

ഇന്ത്യയും ഇന്ത്യൻ റയിൽവേയും

കെ ദിലീപ്
നമുക്ക് ചുറ്റും
September 28, 2021 5:03 am

ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം എന്ന കത്തിൽ കാൾ മാർക്സ്, ഏംഗൽസിന് ഇങ്ങനെ എഴുതി. ‘ബ്രിട്ടണിലെ ഭരണവർഗത്തിന് ഇന്ത്യയുടെ പുരോഗതിയിൽ ഇതുവരെ ആകസ്മികവും, അസ്ഥിരവും, വളരെ കുറഞ്ഞതുമായ താല്പര്യം മാത്രമേ ഉള്ളൂ. അവരുടെ പ്രഭുക്കൾ ഇന്ത്യയെ കീഴടക്കുവാനും, പണക്കാർ അതിനെ കൊള്ളയടിക്കുവാനും, മില്ലുടമകൾ അതിനെ ചുളുവിലയ്ക്ക് വാങ്ങുവാനും ആഗ്രഹിക്കുന്നു.” ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണാധികാരികൾ തീവണ്ടി പാതകൾ സ്ഥാപിക്കാൻ പോവുന്നു എന്നതിനെക്കുറിച്ചുള്ള കത്തിന്റെ തുടക്കത്തിലാണ് മാർക്സ് ഇന്ത്യയിലെ ബ്രിട്ടീഷ് താല്പര്യം കൃത്യമായി ഒറ്റവാചകത്തിൽ പറഞ്ഞുവച്ചത്. തുടർന്ന് ഇന്ത്യയിൽ തീവണ്ടി പാളങ്ങൾ സ്ഥാപിക്കുന്നതിന്റെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ചും ഭാവിയിൽ അതുമൂലം ബ്രിട്ടീഷ് ഭരണത്തിന് സംഭവിക്കാവുന്ന പ്രത്യാഘാതങ്ങളും 1853ല്‍ ഇന്ത്യയിലെ ആദ്യ സ്വാതന്ത്രസമരത്തിനു നാലുവർഷം മുമ്പ് തന്നെ മാർക്സ് പറഞ്ഞുവയ്ക്കുന്നു ഇംഗ്ലണ്ടിലെ മില്ലുടമകൾ ഇന്ത്യക്ക് റയിൽവേ സമ്മാനിക്കാനുള്ള തീരുമാനത്തിനു കാരണം പരുത്തി അടക്കമുള്ള അസംസ്കൃതവസ്തുക്കൾ ഇംഗ്ലണ്ടിലെ മില്ലുടമകൾക്ക് കുറഞ്ഞ ചെലവിൽ ലഭ്യമാക്കുക എന്നതാണ് പക്ഷേ കൽക്കരിയും ഇരുമ്പും ലഭ്യമായ ഒരു രാജ്യത്തെ ചരക്കുഗതാഗതം യന്ത്രവല്ക്കരിക്കുന്നതോടെ ആ രാജ്യത്തെ നിർമ്മാണ പ്രക്രിയ തടയുവാൻ അവർക്ക് സാധ്യമാവുകയില്ല.

 


ഇതുകൂടി വായിക്കൂ: കൂവാതെ പായുമോ തീവണ്ടികള്‍


 

റയിൽ ഗതാഗതത്തിന് ആവശ്യമായ വ്യവസായ പ്രവർത്തനങ്ങൾ കൂടി നടപ്പിലാക്കാതെ ഇന്ത്യയെപ്പോലെയുള്ള ഒരു വലിയ രാജ്യത്ത് റയിൽവേ നടപ്പിലാക്കാൻ സാധിക്കുകയില്ല അതോടെ റയിൽവേയുമായി നേരിട്ട് ബന്ധമില്ലാത്ത വ്യവസായങ്ങളിൽ കൂടി യന്ത്രവല്ക്കരണം വ്യാപിക്കുകയും ചെയ്യും. അതിനാൽ റയിൽവേ സമ്പ്രദായം ഇന്ത്യയിലെ വ്യാവസായിക വളർച്ചയുടെ യഥാർത്ഥ തുടക്കമായി മാറും. തുടർന്ന് “റയിൽവേയിൽ നിന്നും ഉത്‌ഭൂതമാവുന്ന ആധുനിക വ്യവസായം ഇന്ത്യയുടെ പുരോഗതിക്കും ഇന്ത്യയുടെ ശാക്തീകരണത്തിനും നിർണായകമായ പ്രതിബന്ധം സൃഷ്ടിക്കുന്ന ജാതിയിൽ അധിഷ്ഠിതമായ പരമ്പരാഗത തൊഴിൽ വിഭജനങ്ങൾ ഇല്ലാതാക്കുകയും ചെയ്യും. ഒരിക്കൽപോലും ഇന്ത്യ സന്ദർശിക്കുവാൻ അവസരം ലഭിക്കാതിരുന്ന കാറല്‍മാർക്സ് എന്ന മഹാ പണ്ഡിതൻ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തെക്കുറിച്ച് നടത്തിയ കൃത്യമായ പരാമർശങ്ങൾ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെയും തുടർന്ന് 1857 ലെ ഒന്നാം സ്വാതന്ത്ര്യസമര ശേഷം ബ്രിട്ടീഷ് സർക്കാരിന്റെ നേരിട്ടുള്ള ഭരണത്തിന്ന് കീഴിലായിരുന്ന ഇന്ത്യയുടെ യഥാർത്ഥ അവസ്ഥയെക്കുറിച്ചും വ്യക്തമായ ചിത്രം നൽകുന്നുണ്ട്. 1853 ജൂൺ ഒന്നിന്, ഇക്കാര്യത്തിൽ ഒരു സംശയവും നിലനില്ക്കുന്നില്ല, അതായത് ബ്രിട്ടീഷുകാർ ഹിന്ദുസ്ഥാനിൽ അടിച്ചേല്പിച്ച കഷ്ടപ്പാടുകൾ അടിസ്ഥാനപരമായി ഇക്കാലം വരെ ഹിന്ദുസ്ഥാൻ സഹിച്ച കഷ്ടപ്പാടുകളെക്കാൾ വ്യത്യസ്തവും അതികഠിനവും ആണെന്ന് മാർക്സ് വിലയിരുത്തി.

ഇന്ത്യൻ റയിൽവേ സ്ഥാപിതമായാൽ, അത് ഇന്ത്യയിലെ വ്യവസായങ്ങളുടെ യന്ത്രവല്ക്കരണത്തിന് നല്കാൻ പോകുന്ന സംഭാവനയെക്കുറിച്ചുള്ള മാർക്സിന്റെ പ്രവചനം സത്യമായി. തുടർന്ന് പ്രവചിച്ച ഇന്ത്യൻ ബൂർഷ്വാസിയുടെ വളർച്ചയും ഇന്ത്യയിലെ മൂലധനശക്തികളും ബ്രിട്ടീഷ് മൂലധന ശക്തികളും തമ്മിലുള്ള സംഘർഷവും യാഥാർത്ഥ്യമായി. ഒരു നൂറ്റാണ്ടിനപ്പുറം ഇന്ത്യ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടുകയും ചെയ്തു.

 


ഇതുകൂടി വായിക്കൂ: സുമനസ്സുകൾ കൈകോർത്തു; തീവണ്ടിയിൽ നിന്നും തെറിച്ചുവീണ യുവാവിന് ജീ​വ​ൻ തി​രി​കെ കിട്ടി


 

1851 ഡിസംബർ 22നാണ് റൂർക്കിയിൽ ആദ്യമായി ഒരു ചരക്ക് തീവണ്ടി ഓടിയത്. ഒന്നര വർഷത്തിനപ്പുറം 1853 ഏപ്രിൽ 16ന് ബോംബെയിൽ നിന്ന് താനെയിലേക്ക് മൂന്ന് യാത്രാ തീവണ്ടികൾ ഓടിത്തുടങ്ങി. ഇതാണ് ഇന്ത്യൻ റയിൽവേയുടെ ജനനം. 1880 ആവുമ്പോഴേക്ക് 9000 മൈൽ റയിൽ പാളങ്ങൾ സ്ഥാപിക്കപ്പെട്ടു. പ്രധാനമായും ബോംബെ, മദ്രാസ്, കൽക്കത്ത എന്നീ തുറമുഖങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അവ. 1895ല്‍ ഇന്ത്യയിൽ തന്നെ തീവണ്ടി എൻജിനുകൾ നിർമ്മിച്ചു തുടങ്ങി. 1896ൽ ആഫ്രിക്കയിലെ ഉഗാണ്ടയിൽ റയിൽവേ സ്ഥാപിക്കുവാൻ എന്‍ജിനീയർമാരും തീവണ്ടി എൻജിനുകളും ഇന്ത്യയിൽ നിന്നാണ് പോയത്. തുടർന്ന് വിവിധ പ്രവിശ്യകളിൽ ഇന്നത്തെ അസം, രാജസ്ഥാൻ, ആന്ധ്ര ഇവിടങ്ങളിലെല്ലാം റയിൽവേ സ്ഥാപിതമായി. 1901ല്‍ ഇന്ത്യയിലെ ആദ്യത്തെ റയിൽവേ ബോർഡ് സ്ഥാപിതമായി.

 

1907 ൽ സ്വകാര്യ റയിൽവേ കമ്പനികൾ ബ്രിട്ടീഷ് സർക്കാർ ഏറ്റെടുത്തു. 1930ല്‍ തന്നെ ഇലക്ട്രിക് തീവണ്ടികൾ ഓടിത്തുടങ്ങി. 1924 മുതൽ ബ്രിട്ടീഷ് സർക്കാർ പ്രത്യേക റയിൽവേ ബജറ്റ് അവതരിപ്പിച്ചു. റയിൽവേ വികസന കാര്യത്തിൽ ബ്രിട്ടീഷ് സർക്കാർ പ്രത്യേകം ശ്രദ്ധ പതിപ്പിച്ചു.

എന്നാൽ 93 വർഷങ്ങൾക്കിപ്പുറം ഇന്ത്യ സ്വാതന്ത്ര്യം നേടി 70 വർഷങ്ങൾ കഴിഞ്ഞപ്പോള്‍ ഇന്ത്യൻ റയിൽവേക്ക് ആ പ്രാധാന്യം നഷ്ടമായി. 2017 ൽ നരേന്ദ്ര മോഡി സർക്കാർ റയിൽവേ ബജറ്റ് പൊതു ബജറ്റിൽ ലയിപ്പിച്ചുവെന്നര്‍ത്ഥം.

1853ല്‍ ബോംബെയിൽ നിന്നും താനെയിലേക്ക് 14 കോച്ചുകളിൽ 400 യാത്രക്കാരെയും വഹിച്ചുകൊണ്ട് ഡൽഹൗസി പ്രഭു എന്ന ഗവർണർ ജനറൽ ഉദ്ഘാടനം ചെയ്ത ഇന്ത്യൻ റയിൽവേ രാജ്യത്തിന്റെ ജീവനാഡിയായി വളർന്നു. 2018 ആവുമ്പോഴേക്ക് 1,20,000 കിലോമീറ്റർ ദൂരം, 17 റയിൽവേ സോണുകൾ, 14,300 തീവണ്ടികളിൽ 23 ലക്ഷം ജനങ്ങളെ ഉൾക്കൊള്ളുവാൻ കഴിയുന്നതരത്തിൽ ഇന്ത്യൻ റയിൽവേ ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ റയിൽവേ നെറ്റ്‌വർക്ക് ആയി വളർന്നു.

 


ഇതുകൂടി വായിക്കൂ: റയില്‍വേ: സ്ത്രീ സുരക്ഷയ്ക്കായി പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍


 

എന്നാൽ രാജ്യത്ത് കോവിഡ് ബാധ രൂക്ഷമായ സാഹചര്യത്തിൽ 2020 മാർച്ച് മാസത്തിൽ എല്ലാ റെഗുലർ തീവണ്ടികളും റദ്ദാക്കിയ റയിൽവേ പിന്നീട് ഏതാനും സ്പെഷ്യൽ ട്രെയിനുകൾ മാത്രമായി സർവീസ് ചുരുക്കി. നിർത്തിവച്ച പാസഞ്ചർ തീവണ്ടികൾ എന്ന് പുനരാരംഭിക്കും എന്നോ പ്രത്യേക ട്രെയിനുകൾ എന്ന പേരിൽ യാത്രക്കാരുടെ ആനുകൂല്യങ്ങൾ, മുതിർന്ന പൗരന്മാരുടെ കൺസഷൻ അടക്കം റദ്ദാക്കിയ നടപടി എന്ന് പിൻവലിക്കുമെന്നോ കേന്ദ്ര സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഈ സാഹചര്യം ഉപയോഗിച്ചുകൊണ്ട് സ്വകാര്യമേഖലക്ക് ട്രെയിൻ സർവീസുകൾ തുടങ്ങാനുള്ള സാഹചര്യം ഒരുക്കാനും റയിൽവേ സ്റ്റേഷൻ അടക്കം പാട്ടത്തിനു കൊടുക്കാനുമുള്ള നീക്കങ്ങളാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. അതിന്റെ ഭാഗമായാണ് സർവീസുകൾ പുനരാരംഭിക്കാതെ ഇരിക്കുന്നത് എന്ന് ന്യായമായും സംശയിക്കണം. പൊതുമേഖലയിൽ ഏറ്റവും വലിയ തൊഴിൽദാതാവ് ആണ് ഇന്ത്യൻ റയിൽവേ. 15 ലക്ഷത്തോളം ജീവനക്കാർ ഉള്ള റയിൽവേയിൽ ഇന്ന് നാലു ലക്ഷത്തോളം തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്, ഇത് റയിൽവേ പൂർണമായും സ്വകാര്യവൽക്കരിക്കുക എന്ന നയത്തിന്റെ ഭാഗമാണ്.

ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ കാലത്തു തന്നെ പൊതുമേഖലയിൽ നിലനിന്ന രാജ്യത്തിന്റെ രക്തധമനിയായ ഇന്ത്യൻ റയിൽവേ വിറ്റുതുലയ്ക്കുവാനുള്ള ഏത് ശ്രമവും എതിർക്കപ്പെടേണ്ടതാണ്. കോവിഡിന്റെ പേരു പറഞ്ഞു റഗുലർ തീവണ്ടികൾ മുഴുവൻ നിർത്തലാക്കി സാധാരണക്കാരന്റെ യാത്രാദുരിതം വർധിപ്പിച്ച നടപടിക്കെതിരെയും ജനവികാരം ഉയരേണ്ടതുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.