Monday
22 Apr 2019

സാഫ് ഫുട്‌ബോള്‍ കലാശപ്പോരിന് ഇന്ത്യയും മാലദ്വീപും

By: Web Desk | Thursday 13 September 2018 7:16 PM IST


Saff Cup – janayugom

സുരേഷ് എടപ്പാള്‍

സാഫ് ഫുട്‌ബോളില്‍ ഇന്ത്യ വീണ്ടുമൊരു കലാശപ്പോരാട്ടത്തിനിറങ്ങുന്നു. കൈ എത്തിപ്പിടിക്കാന്‍ അകലത്തൊരു കിരീടം. ശനിയാഴ്ച വൈകീട്ട് മാലദ്വീപാണ് എതിരാളികള്‍. ധാക്കയിലെത്തിയ മികച്ച രണ്ട് ടീമുകളാണ് ഫൈനലില്‍ നേര്‍ക്കുനേര്‍ വരുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയും മാലിയും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ജയം ഇന്ത്യക്കൊപ്പമായിരുന്നു. പക്ഷേ, മികച്ച പോരാട്ടം നടത്തിയായിരുന്നു മാലദ്വീപിന്റെ കീഴടങ്ങല്‍. അതുകൊണ്ട് തന്നെ ഫൈനലില്‍ വിജയം ആര്‍ക്കൊപ്പമെന്ന് പ്രവചനാതീതമാണ്.

നിലവിലെ ഫോം അടിസ്ഥാനപ്പെടുത്തിയാല്‍ ഇന്ത്യക്ക് ചെറിയൊരു മേല്‍ക്കൈ ഉണ്ടെന്നു പറയാം. പൊതുവെ സാഫ് ഫുട്‌ബോളില്‍ ഇന്ത്യയുടെ ചരിത്രം തിളക്കമേറിയതാണ്. 1993 മുതല്‍ ഇതുവരെ നടന്ന 11 സാഫ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ 10 തവണയും ഇന്ത്യ ഫൈനലില്‍ കടന്നിട്ടുണ്ട്. 2003 ല്‍ ബംഗ്ലാദേശില്‍ നടന്ന ടൂര്‍ണ്ണമെന്റില്‍ മാത്രമാണ് സെമിയില്‍ അവസാനിച്ചത്. അന്ന് പാകിസ്ഥാനോട് ജയിച്ച് മൂന്നാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 7 തവണ ഇന്ത്യയാണ് കിരീടം ചൂടിയത്. 1993, 97, 99, 2005, 2009, 11, 15 വര്‍ഷങ്ങളില്‍ ഇന്ത്യന്‍ ടീം ദക്ഷിണേഷ്യന്‍ ഫുട്‌ബോളിന്റെ അമരക്കാരായി. 1995, 2008, 13 വര്‍ഷങ്ങളില്‍ റണ്ണേഴ്‌സപ്പാവുകയും ചെയ്തു. ഏറ്റവും ഒടുവില്‍ 2015 ബംഗ്ലാദേശില്‍ നടന്ന ടൂര്‍ണ്ണമെന്റില്‍ ശക്തരായ അഫ്ഗാനിസ്ഥാനെ 2-1 ന് തോല്‍പ്പിച്ചാണ് കീരീടത്തില്‍ മുത്തമിട്ടത്. 2005 മുതല്‍ എല്ലാ സാഫ് ഗെയിംസ് ഫുട്‌ബോളിലും ഇന്ത്യ തന്നെയാണ് ഫൈനല്‍ കളിക്കുന്ന ഒരു ടീം. 2011, 13, 15 വര്‍ഷങ്ങളില്‍ അഫ്ഗാനിസ്ഥാനയിരുന്നു എതിരാളികള്‍. 2011 ല്‍ ഇന്ത്യ 4- 0 ത്തിന് അഫ്ഗാനിസ്ഥാനെ തകര്‍ത്തപ്പോള്‍ 2013ല്‍ 2-0 ഇന്ത്യയെ തോല്‍പ്പിച്ച് അവര്‍ കിരീടം ചൂടി. പിന്നീട്, 2015 ല്‍ ഇന്ത്യയില്‍ ഇരുടീമുകളും കലാശപ്പോരില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യ കസറി.

അഫ്ഗാനിസ്ഥാന്‍ ഇപ്പോള്‍ സാഫില്‍ ഇല്ലാത്തതിനാല്‍ ഇക്കുറി ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നില്ല. 1997, 2003, 2008, 2009 വര്‍ഷങ്ങളില്‍ മാലിദ്വീപ് ഫൈനലില്‍ കടന്നെങ്കിലും 2008 ല്‍ മാത്രമാണ് വിജയിക്കാനായത്. 97 ല്‍ നേപ്പാളില്‍ നടന്ന മത്സരത്തില്‍ ഇന്ത്യയോട് 5-1 നായിരുന്നു മാലയുടെ പരാജയം. 2008 ല്‍ ശ്രീലങ്കയും മാലയും സംയുക്ത ആതിഥേയത്വം വഹിച്ച ടൂര്‍ണ്ണമെന്റില്‍ കപ്പടിച്ചത് മാലയായിരുന്നു. ഫൈനലില്‍ ഇന്ത്യയെ ഒരു ഗോളിന് തോല്‍പ്പിച്ചു. 2009 ല്‍ തന്നെ ഇന്ത്യ പകരം വീട്ടി. ബംഗ്ലാദേശില്‍ നടന്ന ടൂര്‍ണ്ണമെന്റില്‍ പെനാല്‍ട്ടിയില്‍ 3-1 ന് മാലയെ തകര്‍ത്തു. നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോളുകളൊന്നും അടിച്ചിരുന്നില്ല. 2003 ല്‍ ബംഗ്ലാദേശില്‍ മത്സരം നടന്നപ്പോഴും മാലിദ്വീപായിരുന്നു ഫൈനല്‍ കളിച്ചത്. അന്ന് ആതിഥേയരോട് പെനാല്‍ട്ടിയില്‍ 5-3 ന് പരാജയപ്പെട്ടു. ഇക്കുറി നേപ്പാളിനെ സെമയില്‍ വീഴ്ത്തിയാണ് മാലയുടെ ഫൈനല്‍ പ്രവേശം. പാകിസ്ഥാന്റെ കഥകഴിച്ചാണ് ഇന്ത്യന്‍ യൂവനിരയുടെ മുന്നേറ്റം. എട്ടാം കിരീടമോഹവുമായി ഇന്ത്യയും രണ്ടാം കപ്പെന്ന ലക്ഷ്യവുമായി മാലിദ്വീപും പോരിനിറങ്ങുമ്പോല്‍ സാഫ് ഫുട്‌ബോളിന്റെ കലാശക്കളി ആവേശകരമാവുക തന്നെ ചെയ്യും. ധാക്കയിലെ കളിക്കളങ്ങളിലെ പിച്ചിന്റെ ദുരവസ്ഥയും ശുഷ്‌കമായ ഗാലറിയും ഈ മേളയെ വെറുമൊരു ചടങ്ങായി മാത്രമേ സംഘാടകര്‍ കണ്ടതുള്ളൂ എന്നതിന്റെ തെളിവാണ്. 2020 ല്‍ പാക്കിസ്ഥാനാണ് സാഫ് ഫുട്‌ബോളിന്റെ വേദി.

സാന്നിധ്യമറിയിച്ച് ആഷിഖ് കുരുണിയന്‍ കളത്തിലിറങ്ങിയത് അണ്ടര്‍ 23

ഇന്ത്യന്‍ ഫുട്‌ബോള്‍ കരുത്താര്‍ജ്ജിക്കുന്നു എന്നത് അടിവരയിടുകയാണ് ധാക്കയിലെ ടീമിന്റെ പ്രകടനം. അണ്ടര്‍ 23 ടീമിനെയാണ് സാഫില്‍ ഇന്ത്യ ഇത്തവണ പരീക്ഷിച്ചത്. ഏറെക്കുറെ ഇന്ത്യയുടെ ശ്രമം വിജയിച്ചുവെന്നാണ് ഫൈനല്‍ വരെയുള്ള മുന്നേറ്റം തെളിയിക്കുന്നത്. സുനില്‍ ഛേത്രിയടക്കമുള്ള സൂപ്പര്‍ താരങ്ങളില്ലാതെ കളത്തിലിറങ്ങിയ ടീം ഒരു ഘട്ടത്തിലും നിരാശപ്പെടുത്തിയിട്ടില്ല. പുതു താരങ്ങള്‍ക്ക് കൂടുതല്‍ അന്താരാഷ്ട്രമത്സരങ്ങള്‍ കളിക്കാനുള്ള അവസരം എന്ന നിലയിലാണ് അണ്ടര്‍ 23 നെ സജ്ജമാക്കിയത്. മന്‍വീര്‍ സിങ്, മലയാളി താരം ആഷിഖ് കുരുണിയന്‍, അനിരുദ്ധ് ഥാപ്പ, വിനീത് റായ്, ഗുര്‍മന്‍പ്രീത് സിങ് എന്നീ യുവതാരങ്ങള്‍ മിന്നുന്ന പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

ടൂര്‍ണ്ണമെന്റില്‍ ആഷിഖിന്റെ പ്രകടനം പ്രത്യേകം എടുത്തുപരയേണ്ടുതു മുണ്ട്. ഗോളടിക്കുകയും ഗോളടിപ്പിക്കുയും ചെയ്ത് ആഷിഖ് മികച്ച ഫോമില്‍ തുടരുകയാണ്. കോണ്‍സ്റ്റൈന്റെ പരീക്ഷണം മികച്ച ഫോമിലുള്ള ലാലിയാന്‍സുവാല ചാങ്തെയെ പാകിസ്ഥാനെതിരായ സെമി ഫൈനലിനുള്ള പ്ലെയിങ് ഇലവനില്‍ നിന്നും കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്‍ൈ മാറ്റിനിര്‍ത്തിയപ്പോള്‍ പലരുടെയുെ നെറ്റി ചുളിഞ്ഞിരുന്നു. ചാങ്തെയുടെ പകരക്കരനായി ടീമിലെത്തിയ നിഖില്‍ പുജാരെ മിന്നുന്ന പ്രകടനമാണ് കാഴ്ചവചച്ചത്. സെമിയില്‍ വിങുകളിലൂടെയുള്ള പുജാരെയുടെ മിന്നല്‍ നീക്കങ്ങള്‍ പാകിസ്ഥാനെ നിരന്തരം പ്രതിരോധത്തിലാക്കിയിരുന്നു. പിന്നീട്, പുജാരെയെ പിന്‍വലിച്ച് ചാങ്തെയെ രണ്ടാംപകുതിയില്‍ കോച്ച് കളത്തിലിറക്കിയെങ്കിലും താരം ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായിരുന്നു. ഇതോടെ ഫൈനലിലും പുജാരെ തന്നെ കളിക്കുമെന്ന് ഉറപ്പായി. അന്താരാഷ്ട്ര മല്‍സരങ്ങളിലെ അനുഭസമ്പത്തില്ലായ്മയാണ് ഇത്തരമൊരു പക്വതയില്ലാത്ത പെരുമാറ്റത്തിലേക്കു വിങ്ങര്‍ ചാങ്തെയെ നയിച്ചത്. അടുത്തവര്‍ഷം യു എ ഇ യില്‍ നടക്കാനിരിക്കുന്ന ഏഷ്യാകപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ സീനിയര്‍ ടീമിന് വലിയ പിന്‍തുണ നല്‍കാന്‍ കെല്‍പ്പുള്ളവരാണ് തങ്ങളെന്ന് തെളിയിച്ചിരിക്കയാണ് ചുണക്കുട്ടികള്‍.