ഇന്ത്യയും റഷ്യയും 39000 കോടി രൂപയുടെ പ്രതിരോധ കരാറില്‍ ഒപ്പുവച്ചു

Web Desk
Posted on October 05, 2018, 3:26 pm

ന്യൂഡല്‍ഹി: റഷ്യന്‍ നിര്‍മ്മിത എസ് 400 ട്രയംഫ് വ്യോമപ്രതിരോധ സംവിധാനം വാങ്ങുന്നതിനുള്ള കരാറില്‍ ഇന്ത്യയും റഷ്യയും ഒപ്പുവച്ചു. റഷ്യയില്‍ നിന്ന് മിസൈല്‍ വേധ സംവിധാനം വാങ്ങുന്നത് സംബന്ധിച്ച് അമേരിക്കയുടെ ശക്തമായ എതിര്‍പ്പ് നേരിടുന്നതിനിടെയാണ് ഇരുരാജ്യങ്ങളും തമ്മില്‍ കരാറിലെത്തിയത്. അമേരിക്കയുടെ ഉപരോധ ഭീഷണിയും ഇരുരാജ്യങ്ങളും വകവച്ചിട്ടില്ല. 543 കോടി ഡോളറിന്റെ (40,000 കോടി രൂപ) താണ് കരാര്‍.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിനും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമാണ് കരാറൊപ്പിട്ടത്. 2020 മുതല്‍ റഷ്യ ഇന്ത്യയ്ക്ക് മിസൈലുകള്‍ നല്‍കിത്തുടങ്ങും. എസ് 400 ട്രയംഫ് മിസൈല്‍ വേധ സംവിധാനത്തിന് പുറമെ 14,000 കോടി രൂപയുടെ യുദ്ധക്കപ്പല്‍, 7,000 കോടി രൂപയുടെ ഹെലികോപ്ടര്‍ എന്നിവ വാങ്ങുന്നതിനും ഇരുരാജ്യങ്ങളും തമ്മില്‍ കരാറിലെത്തുമെന്നാണ് ഉന്നതവൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
അഞ്ച് എസ്400 ട്രയംഫ് വ്യോമ പ്രതിരോധ സംവിധാനങ്ങളാണ് ഇന്ത്യ റഷ്യയില്‍ നിന്നും വാങ്ങുന്നത്.

കഴിഞ്ഞ ദിവസം വൈകിട്ട് ഏഴുമണിയോടെ ഡല്‍ഹിയില്‍ വിമാനം ഇറങ്ങിയ പുടിനെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുള്ള അനൗദ്യോഗിക കൂടിക്കാഴ്ചയോടെയാണ് പരിപാടികള്‍ തുടങ്ങിയത്.
ഇന്ന് 19-ാമത് ഇന്തോ-റഷ്യന്‍ വാര്‍ഷിക ഉഭയകക്ഷി സമ്മേളനത്തില്‍ നരേന്ദ്രമോഡിയും പുട്ടിനും പങ്കെടുത്തു. ബഹിരാകാശ രംഗത്തെ സഹകരണത്തിനുള്ള കരാറും ഇരുരാജ്യങ്ങളും ഒപ്പുവച്ചിട്ടുണ്ട്. കരാര്‍ പ്രകാരം സൈബീരിയയില്‍ ഇന്ത്യ ബഹിരാകാശ നിരീക്ഷണ കേന്ദ്രം സ്ഥാപിക്കും. ഇതുള്‍പ്പെടെ 20 കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കുന്നത്.