മഴ കളിച്ചിട്ടും കാര്യമില്ല; ഇന്ത്യക്ക് ചരിത്ര നേട്ടം

Web Desk
Posted on January 07, 2019, 9:50 am
സിഡ്‌നി: ഓസ്ട്രേലിയന്‍ മണ്ണിലെ ആദ്യ ടെസ്റ്റ് പരമ്പരയെന്ന ചരിത്ര നേട്ടത്തില്‍ ഇന്ത്യ.
നാലാം ടെസ്റ്റിന്‍റെ അഞ്ചാം ദിനവും മഴ കളം നിറഞ്ഞതോടെ മത്സരം സമനിലയില്‍ അവസാനിച്ചു. മത്സരം ജയിച്ചാലും സമനിലയായാലും പരമ്പര ഇന്ത്യക്ക് സ്വന്തമാകുമായിരുന്നു.
നിലവില്‍ നടന്ന മൂന്ന് മത്സരങ്ങളില്‍ രണ്ടെണ്ണം ഇന്ത്യയും ഒരെണ്ണം ഓസീസും സ്വന്തമാക്കിയിരുന്നു.
12 പര്യടനത്തിലാണ് ഇന്ത്യ ഓസീസിനെതിരെ ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്നത്. പരമ്പരയിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച പുജാരയാണ് വിജയ ശില്‍പി. മൂന്ന് സെഞ്ചുറികളാണ് പരമ്പരയില്‍ താരം തന്‍റെ പേരിലെഴുതിയത്. ഇതിനുപുറമെ മികവാര്‍ന്ന പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ ബൗളറന്മാരും ഇന്ത്യയെ പരമ്പര നേട്ടത്തിലെത്തിച്ചു.
നാലാം ടെസ്റ്റില്‍ ഇന്ത്യയുയര്‍ത്തിയ 622 റണ്‍സ് പിന്തുടര്‍ന്ന ഓസീസ് 300 റണ്‍സിലെത്തിയപ്പോള്‍
എല്ലാവരും കൂടാരം കയറി. ഇതേതുടര്‍ന്ന് ഫോളോ ഓണ്‍ ചെയ്യുന്ന ഓസീസ് നാലാം ദിവസം ആറു റണ്‍സ് നേടിയപ്പോള്‍ മഴ കളിതുടങ്ങി.
അതേസമയം 30 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഓസീസ് നാട്ടില്‍ ഫോളോ ഓണ്‍ വഴങ്ങുന്നത്. 1988‑ല്‍ ഇംഗ്ലണ്ടിനോട് ഫോളോ ഓണ്‍ ചെയ്യേണ്ടി വന്നതിനു പിന്നാലെ 30 വര്‍ഷക്കാലത്തെ ടെസ്റ്റ് ചരിത്രത്തില്‍ ഓസീസ് നാട്ടില്‍ ഫോളോ ഓണ്‍ ചെയ്തിട്ടില്ല. നേരത്തെ മെല്‍ബണില്‍ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും ഓസീസിനെ ഫോളോ ഓണ്‍ ചെയ്യിക്കാന്‍ അവസരം ലഭിച്ചെങ്കിലും വിരാട് കോലി രണ്ടാമത് ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.