Thursday
23 May 2019

കളമൊരുങ്ങി, കങ്കാരുക്കളും;  ഇന്ന് ‘ഫൈനല്‍’

By: Web Desk | Wednesday 13 March 2019 10:42 AM IST


ന്യൂഡല്‍ഹി: ഇന്ത്യ – ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ അവസാന മത്സരം ഇന്ന്. ഇരു ടീമുകളും രണ്ട് മത്സരങ്ങള്‍ വീതം ജയിച്ചതോടെ ഇന്നത്തെ മത്സരത്തിനെ ‘ഫൈനല്‍’ എന്ന് എന്ന് വിശേഷിപ്പിക്കാം. ഫിറോസ് ഷാ കോട്‌ലയില്‍ ഇന്ന് ഉച്ചയ്ക്ക് 1.30 നാണ് മത്സരം. അഞ്ചാമത്തെയും അവസാനത്തെയും മത്സരം നടക്കുമ്പോള്‍ വിജയിക്കായിരിക്കും പരമ്പര സ്വന്തമാകുക.

ലോകകപ്പിന് മുമ്പ് ഇനി പരീക്ഷണങ്ങള്‍ക്ക് അവസരമില്ലാത്തതിനാല്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യ ആഗ്രഹിക്കുന്നില്ല. ഓപ്പണിംഗില്‍ ഫോമിലേക്ക് തിരിച്ചെത്തിയ ശിഖര്‍ ധവാന്‍ രോഹിത് ശര്‍മ സഖ്യം തന്നെയാവും ഇന്ത്യയുടെ കരുത്ത്. ഇരുവരും ഫോമിലെത്തിയത് ഇന്ത്യക്ക് ഏറെ ആശ്വാസം പകരുന്നു. എന്നിരുന്നാലും വിരാട് കോലിയെഴികെ മറ്റാര്‍ക്കും പരമ്പരയില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചിട്ടില്ല. ധ്യനിരയില്‍ ഒരാളെപ്പോലും ഇന്ത്യക്കു ആശ്രയിക്കാന്‍ കഴിയില്ല. വിജയ് ശങ്കറാണ് ബാറ്റിങില്‍ അല്‍പ്പെങ്കിലും പോരാട്ടവീര്യം കാണിക്കുന്നത്. ബാറ്റിങ് നിര മികവിലേക്കുയര്‍ന്നില്ലെങ്കില്‍ അഞ്ചാം ഏകദിനവും ഇന്ത്യ കൈവിടുമെന്നുറപ്പാണ്.

ധോണിക്ക് അവസാന രണ്ട് ഏകദിനങ്ങളില്‍ വിശ്രമം അനുവദിച്ചതിനാല്‍ പകരക്കാരനായി റിഷഭ് പന്ത് തന്നെയാവും അഞ്ചാം നമ്പറില്‍ ഇറങ്ങുക. കേദാര്‍ ജാദവ് ആറാം നമ്പറില്‍ ഇറങ്ങുമ്പോള്‍ ഓള്‍ റൗണ്ടര്‍ വിജയ് ശങ്കര്‍ ഏഴാമതായി ക്രീസിലെത്തും. മൊഹാലിയില്‍ 358 റണ്‍സെടുത്തിട്ടും നാല് വിക്കറ്റ് തോല്‍വി നേരിട്ട ഞെട്ടലിലാണ് ഇന്ത്യ. ഇവിടെ ബൗളിങ് ആണ് നിരാശപ്പെടുത്തിയത്.

ബാറ്റ്‌സ്മാരെപ്പോലെ തന്നെ ബൗളിങ്ങിലും മികച്ച പ്രകടനമല്ല ഇന്ത്യയുടേത്. കുല്‍ദീപ് യാദവും (ഒമ്പത് വിക്കറ്റ്) ജസ്പ്രീത് ബുംറയും (8) മാത്രമാണ് കാര്യമായ സംഭാവനകള്‍ നല്‍കിയത്. ഇന്ത്യ വന്‍ തോല്‍വിയേറ്റുവാങ്ങിയ നാലാം ഏകദിനത്തില്‍ ഇരുവരും ഫ്‌ളോപ്പാവുകയും ചെയ്തു. . മൊഹാലിയെ അപേക്ഷിച്ച് ഫിറോസ്ഷാ കോട്‌ല സ്പിന്നര്‍മാരെ തുണക്കുമെന്നതിനാല്‍ എട്ടാമതായി രവീന്ദ്ര ജഡേജയോ യുസ്‌വേന്ദ്ര ചാഹലോ എത്തും. കുല്‍ദീപ് യാദവും ജസ്പ്രീത് ബുംറയും തുടരുമ്പോള്‍ ഭുവനേശ്വര്‍ കുമാറിന് പകരം മപഹമ്മദ് ഷമി മടങ്ങിയെത്താനുള്ള സാധ്യതയും നിലനിനില്‍ക്കുന്നു. ധോണിയുടെ അഭാവം ടീമിനെ ബാധിക്കുമെന്ന് തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ മത്സരം. നിര്‍ണ്ണായക സ്റ്റംമ്പിങ്ങുകളും ക്യാച്ചുകളും പന്ത് നഷ്ടപ്പെടുത്തിയത് ഇന്ത്യന്‍ തോല്‍വിക്ക് കാരണമായിട്ടുണ്ട്. അതിനാല്‍ തന്നെ ധോണിയുടെ അഭാവവും ടീമിന് തിരിച്ചടി തന്നെയാണ്.

പുതിയ താരങ്ങളുമായി വന്ന ഓസ്‌ട്രേലിയയെ ഗൗരിക്കാത്തത് ഇന്ത്യക്ക് തിരിച്ചടിയായി. അവസാന രണ്ട് മത്സരങ്ങളിലും ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഓസിസ് ഇന്നിറങ്ങുന്നത്. ഓള്‍ റൗണ്ട് മികവിനു പുറമേ ഓപ്പണിങ്ങും മധ്യനിരയും മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. ഉസ്മാന്‍ ഖവാജ, പീറ്റര്‍ ഹാന്‍ഡ്‌സോംബ് എന്നിവര്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് നടത്തുന്നത്. ഗ്ലെന്‍ മാക്‌സ്‌വെല്‍, കഴിഞ്ഞ കളിയിലെ ഹീറോ ആഷ്ടണ്‍ ടേര്‍ണര്‍ എന്നിവരു മികച്ച ഫോമിലാണ്. ജെ റിച്ചാര്‍ഡ്‌സന്‍, പാറ്റ് കമ്മിന്‍സ്, ആദം സാംപ എന്നിവര്‍ വിക്കറ്റ് വീഴ്ത്തുന്നതിലും മികച്ച രീതിയില്‍ പന്തെറിയുന്നതിലും മികവ് കാട്ടിയിരുന്നു. സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ എന്നിവരുടെ അഭാവത്തിലും ഓസിസ് ഇപ്പോഴും പേടിസ്വപ്‌നമാണ്. ഇന്ത്യ ഓസ്ട്രലിയയില്‍ പരമ്പര നേടിയതിന്റെ ക്ഷീണം മാറാന്‍ ഓസിസിന് ഈ പരമ്പര നിര്‍ണ്ണായകമാണ്. അതിനാല്‍ തന്നെ കോലിപ്പടയ്ക്ക് ജയിക്കാന്‍ ഏറെ വിയര്‍ക്കേണ്ടി വരും.

Related News