കങ്കാരുക്കളെ വിരട്ടിയ ഒറ്റയാള്‍ പോരാട്ടം; ഒടുവില്‍ കീഴടങ്ങല്‍

Web Desk
Posted on January 12, 2019, 3:49 pm

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി. 34  റണ്‍സിനാണ് ഓസ്ട്രേലിയയുടെ വിജയം. 289 റണ്‍സെന്ന വിജയ ലക്ഷ്യവുമായിറങ്ങിയ ഇന്ത്യയുടെ ഇന്നിംഗ്‌സ് 254 — 9 ന് അവസാനിക്കുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഓസീസ് മുന്നിലെത്തി.

ടെസ്റ്റ് പരമ്പര സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തില്‍ കളത്തിലിറങ്ങിയ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് അവസരം മുതലാക്കാന്‍ കഴിയാഞ്ഞതാണ് തോല്‍വിക്ക് കാരണമായത്.
നാല് റണ്‍സെടുക്കുന്നതിനിടയില്‍ മൂന്ന് ഇന്ത്യന്‍ ബാറ്റ്സ്മാന്മാരാണ് കൂടാരം കയറിയത്. എന്നാല്‍ ഒരറ്റത്ത് നിലയുറപ്പിച്ച രോഹിത് പോരാട്ടം അവസാനിപ്പിക്കാന്‍ തയ്യാറായിരുന്നില്ല. ഒരു സമയം ഇന്ത്യയെ വിജയത്തിലെത്തിക്കുമെന്ന് കരുതിയ രോഹിതിനെ സ്‌റ്റോണിസ് മടക്കിയതോടെ തോല്‍വി ഉറപ്പിക്കുകയായിരുന്നു. 129 പന്തില്‍ നിന്ന് 133 റണ്‍സ് നേടിയാണ് രോഹിത് കളം വിട്ടത്. 51 റണ്‍സ് നേടിയ ധോണിയാണ് ഇന്ത്യന്‍ നിരയില്‍ ഭേതപ്പെട്ട പ്രകടനം കാഴ്ചവെച്ച മറ്റൊരുതാരം.

ഇരുവരും ചേര്‍ന്നാണ് വലിയ തോല്‍വിയെന്ന നാണക്കേടില്‍ നിന്ന് ഇന്ത്യയെ കരകയറ്റിയത്. ആറ് ഇന്ത്യന്‍ താരങ്ങളാണ് രണ്ടക്കം കാണാതെ കൂടാരം കയറിയത്. ഓസീസിനായി റിച്ചാര്‍ഡ്സണ്‍ നാല് വിക്കറ്റ് നേടി.