കളി മാറണം, കളിക്കാരും.. ഇല്ലേല്‍ കപ്പും കൈവിട്ട് പോകും

Web Desk
Posted on March 14, 2019, 11:46 am

ഇതാണ് പ്രതികാരം, കങ്കാരുക്കളുടെ പ്രതികാരം. അവര്‍ കളിച്ച് കയറിയത് ഇന്ത്യയുടെ അമിത ആത്മവിശ്വാസത്തിന് മുകളിലേക്കാണ്. എന്നാല്‍ ഇന്ത്യയോ? പഠിക്കണം ഇതില്‍ നിന്ന്. ഇനി കളിക്കാനുള്ളത് ലോകകപ്പാണ്. ഇതൊരു പാഠമായി തന്നെയെടുക്കണം. തുടക്കമൊന്ന് പിഴച്ചാല്‍ പിടിച്ച് നിക്കാനറിയാത്ത മധ്യ നിരയും സ്ഥിരതയില്ലാത്ത ഓപ്പണിംഗ് കൂട്ടുകെട്ടുമെല്ലാം ഒരു പാഠമാണ്.

ആദ്യ രണ്ട് ഏകദിനങ്ങളില്‍ വിജയം കൈപ്പിടിയിലൊതുക്കിയ ഇന്ത്യയ്ക്ക് പിന്നെയെന്ത് പറ്റി. രണ്ടും കല്‍പ്പിച്ച് കളത്തിലിറങ്ങിയ കങ്കാരുക്കള്‍ക്ക്  മുന്നില്‍ ചോര്‍ന്ന് പോകുന്ന പോരാട്ട വീര്യമെ ഇപ്പോഴത്തെ ടീമിനുള്ളോ. ഇങ്ങനെ തുടങ്ങി നിരവധി ചോദ്യങ്ങളാണ് ഓരോ ഇന്ത്യന്‍ ആരാധകന് മുന്നിലും ഉയരുന്നത്.

ലോകകപ്പിനുള്ള ടീമിനെ നിശ്ചയിക്കുന്നതിന് മുന്നേ ഒന്നുകൂടി ഒന്ന് ചിന്തിക്കണം ഇതുപോലൊരു ടീം മതിയോ ലോകകപ്പ് കളിക്കാനെന്ന്. ഓപ്പണിംഗ് കൂട്ടുകെട്ടില്‍ ശിഖര്‍ ധവാനും, രോഹിത് ശര്‍മ്മയും പലപ്പോഴും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കാറില്ല. എന്നാല്‍ ഇവര്‍ താളം കണ്ടെത്തിക്കഴിഞ്ഞാല്‍ അപകടകാരികളുമാണ്. ഇതിനുശേഷം കളത്തിലെത്തുന്ന വിരാട് കോലിയുടെ പ്രകടനത്തിനും തൃപ്തിയില്ല. പിന്നാലെയെത്തുന്ന മധ്യ നിര പരാജയമാണന്ന് ഊട്ടിയുറപ്പിക്കുന്ന പ്രകടനമാണ് ഇപ്പോള്‍ കഴിഞ്ഞ പരമ്പരയിലുടനീളം വ്യകതമാകുന്നത്.

ഒന്നിന് പുറകെ ഒന്നൊന്നായി കൂടാരം കയറാന്‍ മത്സരക്കുന്ന മധ്യനിരയാണ് ഇന്ത്യയുടേത്. കേഥാര്‍ ജാദവ് മാത്രമാണ് ഈ നിരയില്‍ കുറച്ചെങ്കിലും ഭേതപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നത്. ഇന്നലത്തെ മത്സരത്തില്‍ തന്നെ മധ്യനിര താരങ്ങള്‍ കളത്തില്‍ നിലയുറപ്പിച്ചങ്കില്‍ ചിലപ്പോള്‍ വിധി മാറിയെനെ.

273 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യന്‍ ഇന്നിംഗ്സ് 237 ന് അവസാനിച്ചു. ഇതില്‍ അവസാനം കുറച്ചെങ്കിലും പിടിച്ച് നിന്നത് 44 റണ്‍സ് നേടിയ ജദവും 46 റണ്‍സ് നേടി മധ്യനിരയ്ക്ക് കളി പഠിപ്പിച്ച് കൊടുത്ത ഭുവനേശ്വര്‍ കുമാറും മാത്രമാണ്. 56 റണ്‍സ് നേടിയ രോഹിത് ശര്‍മ്മയായിരുന്നു ഇന്ത്യന്‍ നിരയില്‍ മുന്നില്‍. ധോണിക്ക് വിശ്രമം നല്‍കി  റിഷഭ് പന്തിനെ കളത്തിലിറക്കിയിട്ടും കാര്യമുണ്ടായിരുന്നില്ല.

ഇതുമാത്രമല്ല, ഈ പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും ഇന്ത്യ ഓള്‍ ഔട്ടായിരുന്നു. അതും ഇന്ത്യന്‍ മണ്ണില്‍. ഇത് ഇന്ത്യയുടെ ബാറ്റിംഗ് സ്ഥിരതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പരമ്പരയില്‍ അവസാന രണ്ട് മത്സരങ്ങലിലെ ഇന്ത്യയുടെ തോല്‍വി വളരെ ദയനീയം തന്നെയായിരുന്നു. 358 എന്ന കൂറ്റന്‍ സ്കോറില്‍ ഇന്ത്യ എത്തിയിട്ടും തോല്‍വിയായിരുന്നു മറുപടി. എന്നാല്‍ അഞ്ചാം ഏകദിനത്തില്‍ 273 റണ്‍സ് പിന്തുടര്‍ന്ന് പിടിക്കാനും കഴിഞ്ഞില്ല.

ധോണിയുടെ അഭാവം തോല്‍വിക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നുമുണ്ട്. കാരണം രണ്ടാം ഏകദിനത്തില്‍ കൈവിട്ട് പോയ കളിയെ തിരികെപ്പിടിക്കാന്‍ അവസാന ഓവര്‍ കോലി ബോള്‍ ഏല്‍പ്പിച്ചത് വിജയ് ശങ്കറിനെയായിരുന്നു. ഈ മത്സരത്തില‍െ ജയത്തിന് ശേഷം രോഹിതും ധോണിയുമാണ് വിജയ് ശങ്കറിന് ബോള്‍ ഏല്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചതെന്ന് കോലി വ്യക്തമാക്കിയിരുന്നു.

എന്തായാലും പരമ്പര  വരത്തന്മാര്‍ കൊണ്ടുപോയി. ഇനി ലോകകപ്പാണ്, ഇതേ ടീമുമായി ഇന്ത്യ ലോകകപ്പിന് പോയാല്‍ ഓരോ ഇന്ത്യക്കാരന്‍റെ നെഞ്ചിലും തീയായിരിക്കും. ഇനി പരീക്ഷണത്തിന് സമയവും മത്സരങ്ങളുമില്ല. വിദേശ പിച്ചുകളില്‍ കളിച്ച് പരിചയമുള്ള  മികവുറ്റ താരങ്ങളുമായി ലോകകപ്പിന് പോകുന്നതാകും നല്ലത്. ഇല്ലേല്‍ ഇംഗ്ലീഷ് മണ്ണില്‍ നിന്ന് കപ്പില്ലാതെ മടങ്ങേണ്ടിവരും നീലപ്പടയ്ക്ക്.