Web Desk

അഡ്ലെയ്ഡ്

December 19, 2020, 11:30 am

ബാറ്റേന്തിയവന്‍ ബോളാല്‍; ഇന്ത്യക്ക് നാണക്കേടിന്റെ റെക്കോര്‍ഡ്

Janayugom Online

ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ നടക്കുന്ന ആദ്യ ഡേ നെെറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗിസില്‍ ഇന്ത്യ തകര്‍ന്നടിഞ്ഞു. രണ്ടാം ഇന്നിങ്സില്‍ 36 റണ്‍സ് മാത്രമാണ് നേടിയത്. ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും ചെറിയ രണ്ടാം ഇന്നിംഗിസ് സ്കോറാണിത്. 1974‑ല്‍ ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരേ 42 റണ്‍സിന് പുറത്തായതായിരുന്നു ഇതിന് മുമ്പത്തെ ചെറിയ സ്‌കോര്‍. മൂന്നാം ദിനം കളി തുടങ്ങിയ ഇന്ത്യയ്ക്ക് 27 റണ്‍സ് എടുക്കുന്നതിനിടെ എട്ട് വിക്കറ്റ് നഷ്ടമായി. ഓസീസിനായി ഹെയ്സല്‍വുഡ് എട്ട് റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റും പാറ്റ് കുമ്മിന്‍സ് നാല് വിക്കറ്റും വീഴ്ത്തി. ആദ്യ ടെസ്റ്റ് വിജയിക്കുന്നതിനായി ഓസീസിന് വേണ്ടത് വെറും 90 റണ്‍സ് മാത്രമാണ്.

ഒരു വിക്കറ്റ് നഷ്ടത്തില്‍ ഒമ്പത് റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ പാറ്റ് കമ്മിന്‍സ് തിരിച്ചടി നല്‍കി. ആദ്യം നൈറ്റ് വാച്ച്മാന്‍ ജസ്പ്രീത് ബുംറയെ (2) പുറത്താക്കിയ കമ്മിന്‍സ് പിന്നാലെ ചേതേശ്വര്‍ പൂജാര (0), വിരാട് കോലി (4) എന്നിവരെ മടക്കി. തന്റെ ആദ്യ ഓവറില്‍ തന്നെ മായങ്ക് അഗര്‍വാളിനെയും (9) അജിങ്ക്യ രഹാനെയേയും (0) മടക്കിയ ജോഷ് ഹെയ്‌സല്‍വുഡും ഇന്ത്യയെ ഞെട്ടിച്ചു. അവസാനം ക്രീസിലെത്തിയ മുഹമ്മദ് ഷമി, പാറ്റ് കമ്മിന്‍സിന്റെ പന്ത് തട്ടി റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങിയതോടെ ഇന്ത്യന്‍ ഇന്നിങ്‌സ് അവസാനിക്കുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ ഒരാള്‍ പോലും രണ്ടക്കം കടന്നില്ല.

നേരത്തെ ആദ്യ ഇന്നിങ്‌സില്‍ 53 റണ്‍സിന്റെ വിലപ്പെട്ട ലീഡ് സ്വന്തമാക്കിയ ഇന്ത്യ രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഒമ്പത് റണ്‍സെന്ന നിലയിലായിരുന്നു.

Eng­lish sum­ma­ry: india- Aus­tralia test match
You may also like this video: