തകര്‍ത്തടിച്ച് ധവാന്‍; ഓസ്ട്രേലിയയ്ക്ക് 353 റണ്‍സ് വിജയലക്ഷ്യം

Web Desk
Posted on June 09, 2019, 7:00 pm

ഓവല്‍: പന്ത്രണ്ടാമത് ലോകകപ്പ് ക്രിക്കറ്റില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 50 ഓവറില്‍ 352 റണ്‍സെടുത്തു. ശിഖര്‍ ധവാന്‍റെ സെഞ്ചുറിയും വിരാത് കോലിയുടെയും രോഹിത് ശര്‍മ്മയുടെയും അര്‍ദ്ധ സെഞ്ചുറിയുമാണ് ഇന്ത്യയെ 352 എന്ന വമ്പന്‍ സ്കോറിലെത്തിച്ചത്.

ഓപ്പണറായ ശിഖര്‍ ധവാന്‍ 109 ബോളില്‍ 117 റണ്‍സെടുത്തു. 16 ബൗണ്ടറികള്‍ കടത്തിയ ധവാനെ മിച്ചല്‍ സ്റ്റാര്‍ക്കാണ് പുറത്താക്കിയത്. ഓപ്പണിങ് വിക്കറ്റില്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ടും (127), രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കൊപ്പം അര്‍ധസെഞ്ചുറി കൂട്ടുകെട്ടും സ്ഥാപിച്ചാണ് ധവാന്‍ പുറത്തായത്. ലോകകപ്പിലെ ധവാന്‍റെ ആറാമത്തെ സെഞ്ചുറി കൂടിയാണിത്. 29 ഇന്നിങ്സുകളിൽനിന്ന് നാലു സെഞ്ചുറിയുമായി വെസ്റ്റിൻഡീസ് ഇതിഹാസം വിവിയൻ റിച്ചാർഡ്സിനൊപ്പം ധവാനെത്തി.

പതിമൂന്നു ബൗണ്ടറിയും ഒരു സിക്‌സും സഹിതം രോഹിത് ശര്‍മ്മ 57 റണ്‍സെടുത്തു. നേഥന്‍ കൂള്‍ട്ടര്‍നൈലാണ് രോഹിത്തിനെ പുറത്താക്കിയത്. ഇതോടെ, ഓസ്‌ട്രേലിയക്കെതിരേ ഏകദിനത്തില്‍ 2000 റണ്‍സ് പൂര്‍ത്തിയാക്കുന്ന നാലാമത്തെ താരമെന്ന റെക്കോര്‍ഡ് രോഹിത് ശര്‍മ്മ സ്വന്തമാക്കി. സച്ചിന്‍, ഡെസ്മണ്ട് ഹെയ്ന്‍സ്, വിവിയന്‍ റിച്ചാര്‍ഡ് എന്നിവരാണ് രോഹിതിന് മുമ്പ് ഈ നേട്ടത്തിലെത്തിയവര്‍.

ഓവലിൽ റൺമഴ പെയ്യിച്ച് ഇന്ത്യൻ വെടിക്കെട്ട്; ഓസീസിന് ജയിക്കാൻ 353

അര്‍ദ്ധസെഞ്ചുറിക്ക് 2 റണ്‍സ് അകലെ ഹാര്‍ദ്ദിക് പാണ്ഡ്യെ 27 പന്തില്‍ 48 റണ്‍സടിച്ച് പുറത്തായി. മഹേന്ദ്ര സിങ് ധോണി 14 ബോളില്‍ 27 റണ്‍സെടുത്തു. മാര്‍കസ് സ്‌റ്റോയ്ണിസിന്റെ ബോളിലാണ് ധോണി പുറത്തായത്. വിരാത് കോലി 77 ബോളില്‍ 82 റണ്‍സെടുത്തു. ധോണിയെ പുറത്താക്കിയ മാര്‍കസ് സ്‌റ്റോയ്ണിസിന്റെ ബോളില്‍ പാറ്റ് കുമ്മിന്‍സിന്റെ ക്യാച്ചിലാണ് കോലി പുറത്തായത്. 11 റണ്‍സെടുത്ത കെ എല്‍ രാഹുല്‍ പുറത്താകാതെ നിന്നു.

Shikhar Dhawan

പാറ്റ് കുമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്, നഥാന്‍ കൂള്‍ട്ടര്‍ നീല്‍, മാര്‍കസ് സ്‌റ്റോയ്ണിസ് എന്നിവരാണ് ഓസ്‌ട്രേലിയന്‍ നിരയില്‍ വിക്കറ്റ് നേടിയത്. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെര‍ഞ്ഞെടുക്കുകയായിരുന്നു.