October 2, 2022 Sunday

Related news

September 19, 2022
July 14, 2022
May 21, 2022
March 8, 2022
February 15, 2022
January 9, 2022
October 11, 2021
July 19, 2021
January 31, 2021
January 20, 2021

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം: രാജ്യം ഉറ്റുനോക്കുന്നത് പ്രതിപക്ഷ ഐക്യത്തെ

രാജാജി മാത്യു തോമസ്
July 19, 2021 5:15 am

പതിനേഴു മാസം പിന്നിടുമ്പോഴും കോവിഡ് മഹാമാരിയുടെ കരിനിഴലില്‍ നിന്ന് വിമുക്തമായിട്ടില്ലാത്ത ഇന്ത്യയില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ഇന്ന് ആരംഭിക്കുകയാണ്. മഹാമാരിയെ ഫലപ്രദമായി പ്രതിരോധിക്കുന്നതിലും ജനങ്ങളുടെ ജീവനും ജീവനോപാധികളും സംരക്ഷിക്കുന്നതില്‍ സമ്പൂര്‍ണ പരാജയമെന്ന് തെളിയിച്ച ഭരണകൂടം പ്രക്ഷുബ്ധമായ പ്രതിപക്ഷനിരയെ നേരിടുന്നതിനുള്ള തന്ത്രങ്ങളുമായാണ് 18 ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തിന് ഒരുങ്ങിയിരിക്കുന്നത്. ലക്ഷക്കണക്കിന് മനുഷ്യരുടെ ദാരുണാന്ത്യം, കോടാനുകോടികളുടെ തൊഴില്‍ നഷ്ടം, സമ്പദ്ഘടന നേരിടുന്ന നിശ്ചലാവസ്ഥ, സാമാന്യ ജനങ്ങളുടെ ജീവിതം ദുഃസഹമാക്കിയ വിലക്കയറ്റം എന്നിവക്കെല്ലാം മറുമരുന്നായി സ്വേച്ഛാധിപത്യപാത പിന്തുടരുന്ന മോഡി ഭരണകൂടത്തോടാണ് പ്രതിപക്ഷത്തിന് ഏറ്റുമുട്ടേണ്ടിവരിക. വിയോജിക്കുന്നവരെയും വിമര്‍ശിക്കുന്നവരെയും പ്രതിഷേധിക്കുന്നവരെയും രാജ്യദ്രോഹികളായും ഭീകരവാദികളായും നിയമലംഘകരായും മുദ്രകുത്തി നേരിടുന്ന ഭരണകൂടത്തെയാണ് പാര്‍ലമെന്റില്‍ പ്രതിപക്ഷം അഭിമുഖീകരിക്കേണ്ടത്.

കോവിഡ് തകര്‍ത്തെറിഞ്ഞ സമ്പദ്ഘടനയും തൊഴില്‍ മേഖലകളും പണിയെടുത്ത് ഉപജീവനം കഴിക്കുന്ന കോടാനുകോടി വരുന്ന ഇന്ത്യക്കാരുടെ നിലനില്പുതന്നെ അസാധ്യമാക്കിയിരിക്കുന്നു. തൊഴിലും വരുമാനവും ഇല്ലാതായ പട്ടിണിപ്പാവങ്ങള്‍ക്ക് നേരിട്ട് ധനസഹായം നല്കണമെന്ന വ്യാപകമായ ആവശ്യം അവഗണിക്കപ്പെട്ടു. ലോകം അംഗീകരിക്കുന്ന സാമ്പത്തിക വിദഗ്ധരും നൊബേല്‍ ജേതാക്കളുമായ അമര്‍ത്യസെന്‍, അഭിജിത് ബാനര്‍ജി എന്നിവരുടെ നിര്‍ദ്ദേശംപോലും തിരസ്കരിക്കപ്പെട്ടു. രാജ്യത്തിന്റെ ഭക്ഷ്യധാന്യ സംഭരണികള്‍ നിറഞ്ഞുകവിയുമ്പോഴും ന്യായമായ അളവില്‍ ഭക്ഷ്യധാന്യങ്ങള്‍ നല്കി ജനങ്ങളുടെ പട്ടിണിയകറ്റാന്‍ പോലും വിസമ്മതിക്കുന്ന ഭരണകൂടം കുത്തക കോര്‍പ്പറേറ്റുകള്‍ക്ക് നിര്‍ലോഭം ആനുകൂല്യങ്ങളും പിന്തുണയും നല്കുന്നു. തൊഴിലില്ലായ്മയും വരുമാനരാഹിത്യവുംകൊണ്ട് വീര്‍പ്പുമുട്ടുന്ന ജനതയുടെമേല്‍ പെട്രോള്‍, ഡീസല്‍, പാചകവാതക വില അനുദിനം ഉയര്‍ത്തി പരോക്ഷ നികുതിയിലൂടെ പകല്‍ക്കൊള്ള തുടരുന്നു. പൗരന്മാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കുറഞ്ഞ വരുമാനം ഉറപ്പുവരുത്താന്‍ പ്രതിപക്ഷം ശക്തമായ സമ്മര്‍ദ്ദം ചെലുത്തുമെന്നാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ നവംബര്‍ 26ന് ആരംഭിച്ച് എട്ടുമാസം പിന്നിടുന്ന കര്‍ഷകപ്രക്ഷോഭം ഭരണകൂട ഭീകരതയുടെ മറ്റൊരു മുഖമാണ് തുറന്നുകാട്ടുന്നത്. കാര്‍ഷിക കരിനിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട കര്‍ഷകര്‍ തുടര്‍ന്നുവരുന്ന സമരത്തെ ദേശദ്രോഹക്കുറ്റം ചുമത്തി തകര്‍ക്കാനുള്ള നീക്കവും ബിജെപി ആരംഭിച്ചുകഴിഞ്ഞു. ദേശദ്രോഹക്കുറ്റമെന്ന കാലഹരണപ്പെട്ട കൊളോണിയ‍കാല നിയമത്തിന്റെ സാധുത ചീഫ് ജസ്റ്റിസടക്കം സുപ്രീം കോടതി തന്നെ ചോദ്യം ചെയ്യുകയും സ്വമേധയാ പുനഃപരിശോധനാ വിധേയമാക്കാന്‍ മുതിരുകയും ചെയ്യുമ്പോഴാണ് കര്‍ഷകര്‍ക്കെതിരെ അത് പ്രയോഗിക്കാന്‍ ഭരണകൂടം തയ്യാറായിരിക്കുന്നത്. മോഡി സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ സമീപനം മാത്രമല്ല നിയമവാഴ്ചയ്ക്കു പകരം നിയമം ഉപയോഗിച്ച് അധികാരവാഴ്ച തുടരാനുള്ള ശ്രമങ്ങളാണ് തുറന്നുകാട്ടപ്പെടുന്നത്. വിയോജിക്കുന്നവരെയും വിമര്‍ശിക്കുന്നവരെയും തുറുങ്കിലടയ്ക്കാന്‍ മാത്രമല്ല യുഎപിഎ പ്രയോഗിക്കുന്നതെന്നും അത്തരക്കാരെ എന്നെന്നേക്കുമായി നിശബ്ദരാക്കാനും കൂടിയാണ് ശ്രമമെന്ന് സ്റ്റാന്‍സ്വാമിയുടെ രക്തസാക്ഷിത്വം വ്യക്തമാക്കുന്നു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തെ ഭരണകൂട സ്വേഛാധിപത്യത്തിനും കിരാത നിയമങ്ങള്‍ക്കും എതിരായ സമരവേദിയായി പ്രതിപക്ഷം മാറ്റുന്നതാണ് ജനങ്ങള്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്.

കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഏറ്റ കനത്ത തിരിച്ചടികളുടെ പശ്ചാത്തലത്തില്‍ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളെ നേരിടാനുള്ള കുടില തന്ത്രങ്ങളുമായാണ് മോഡി ഭരണകൂടം പാര്‍ലമെന്റ് സമ്മേളനത്തെ നേരിടാന്‍ ഒരുങ്ങുന്നത്. ആ തെരഞ്ഞെടുപ്പുകളാകട്ടെ മോഡി സ്വേച്ഛാധിപത്യത്തിന്റെ രൂപം കെെവരിച്ച തീവ്രഹിന്ദുത്വ രാഷ്ട്രീയത്തിന്‌‍ അതീവ നിര്‍ണായകമാണ്. പശ്ചിമ ബംഗാളിലെ പരാജയവും തൃണമൂല്‍ കോണ്‍ഗ്രസിലെ കാലുമാറ്റ രാഷ്ട്രീയക്കാരുടെ ‘ഘര്‍വാപസി‘യും മോഡി-ഷാ-നഡ്ഡ കൂട്ടുകെട്ടിന്റെ അപ്രതിരോധ്യതയെയാണ് തകര്‍ത്ത് തരിപ്പണമാക്കിയത്. സംസ്ഥാനങ്ങളെ വിഭജിക്കല്‍‍, ജനസംഖ്യാ നിയന്ത്രണം എന്നീ വിനാശകരമായ നയങ്ങളിലൂടെ വെല്ലുവിളികളെ മറികടക്കാനുള്ള സംഘപരിവാര്‍ തന്ത്രത്തിന് തടയിടുക എന്നത് ജനാധിപത്യ പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തമാണ്. കാലഹരണപ്പെട്ടതും അത്യന്തം വിനാശകാരിയുമായ ‘ഭിന്നിപ്പിച്ചു ഭരിക്കല്‍’‍ എന്ന കൊളോണിയല്‍ തന്ത്രത്തെ പുനരുജ്ജീവിപ്പിക്കാനാണ് ശ്രമം. ഉത്തര്‍പ്രദേശ് ബ്ലോക് പ്രമുഖ് തെരഞ്ഞെടുപ്പില്‍ അവര്‍ വിജയകരമായി എടുത്തു പ്രയോഗിച്ച അക്രമങ്ങളും അധികാര ദുര്‍വിനിയോഗവും വരാന്‍പോകുന്ന തെരഞ്ഞെടുപ്പുകളെപ്പറ്റി നല്കുന്ന അപായ സൂചനകള്‍ അവഗണിച്ചുകൂട. മതനിരപേക്ഷതയിലും ജനാധിപത്യത്തിലും ഊന്നിയുള്ള വിശാലമായ പ്രതിപക്ഷ ഐക്യത്തിന്റെ പരീക്ഷണകളരി കൂടിയായി ഈ സമ്മേളനം മാറുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

മനുഷ്യജീവന്‍ തന്നെയാണ് മറ്റെന്തിനെക്കാളും അമൂല്യവും അടിയന്തര പ്രാധാന്യം അര്‍ഹിക്കുന്നതും. കോവിഡ് മഹാമാരിയുടെ രണ്ട് തരംഗങ്ങള്‍ കവര്‍ന്നെടുത്ത മനുഷ്യജീവനുകളുടെ ഉത്തരവാദിത്വത്തില്‍ നിന്നും കെെകഴുകി ഒഴിഞ്ഞുമാറാന്‍ ഭരണകൂടത്തെ അനുവദിച്ചുകൂട. ഈ ദിശയില്‍ രാജ്യത്തെ പരമോന്നത നീതിപീഠം കെെക്കൊണ്ട നിലപാടുകളില്‍ നിന്നും പിന്നോട്ടുപോകാന്‍ മോഡി സര്‍ക്കാരിനെ അനുവദിക്കരുത്. നഷ്ടപ്പെട്ട ഓരോ ജീവനെയും ആശ്രയിച്ചുപോന്ന കുടുംബങ്ങള്‍ അനാഥമായിക്കൂട. അര്‍ഹമായ നഷ്ടപരിഹാരം ആ ഓരോ ജീവനുകള്‍ക്കും ഉറപ്പുവരുത്താനുള്ള രാഷ്ട്രീയവും ധാര്‍മ്മികവും മാനുഷികവുമായ ഉത്തരവാദിത്തം നിറവേറ്റാന്‍ പ്രതിപക്ഷ സമ്മര്‍ദ്ദം കൂടിയേതീരൂ.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതവും കാര്യക്ഷമവുമായി നിര്‍വഹിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്താന്‍ പാര്‍ലമെന്റില്‍ ശക്തമായ പ്രതിപക്ഷ ഇടപെടല്‍ അനിവാര്യമാണ്. രാജ്യത്തെ തുറിച്ചുനോക്കുന്ന മൂന്നാം തരംഗത്തെ നേരിടാന്‍ പ്രതിരോധ വാക്സിനേഷന്‍ കൂടുതല്‍ വ്യാപകവും ഊര്‍ജിതവും ആകേണ്ടതുണ്ട്. ഓക്സിജന്റെയും മറ്റ് അവശ്യ ചികിത്സാ സൗകര്യങ്ങളുടെയും ഔഷധങ്ങളുടെയും അഭാവംകൊണ്ട് ഇനിയും ഒരു മനുഷ്യജീവനും നഷ്ടപ്പെടില്ലെന്ന് ഉറപ്പുവരുത്തുന്നതില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നിര്‍ണായ പങ്കാണ് നിര്‍വഹിക്കാനുള്ളത്. യാഥാര്‍ത്ഥ്യവുമായി പൊരുത്തമില്ലാത്ത അവകാശവാദങ്ങളും വീമ്പുപറച്ചിലുംകൊണ്ട് രക്ഷപ്പെടാന്‍ ഭരണകൂടത്തെ അനുവദിച്ചുകൂട. കേന്ദ്ര മന്ത്രിസഭയില്‍ അടുത്തിടെയുണ്ടായ വന്‍ മാറ്റങ്ങള്‍ മോഡി ഭരണകൂടത്തിന്റെ പരോക്ഷമായ പരാജയസമ്മതമാണ്. കോവിഡ് പ്രതിരോധത്തിന്റെ പൂര്‍ണ നിയന്ത്രണം കയ്യാളിയിരുന്ന പ്രധാനമന്ത്രിയെ മന്ത്രിസഭാ വികസനമെന്ന മുഖം മിനുക്കല്‍കൊണ്ട് രക്ഷപ്പെടാന്‍ അനുവദിച്ചുകൂട. പ്രധാനമന്ത്രിയുടെ ഭരണപരാജയം തുറന്നുകാട്ടുകയെന്നത് സ്വേച്ഛാധിപത്യത്തിനും തീവ്രഹിന്ദുത്വ ദേശീയതക്കും എതിരായ പ്രതിരോധത്തിന്റെയും കടന്നാക്രമണത്തിന്റെയും അവിഭാജ്യഘടകമാണ്.

ജനാധിപത്യത്തിലും മതനിരപേക്ഷതയിലും നിയമവാഴ്ചയിലും അടിയുറച്ച പ്രതിപക്ഷ ഐക്യത്തിലൂടെ മാത്രമെ രാജ്യം നേരിടുന്ന വിപത്കരമായ രാഷ്ട്രീയത്തെ നേരിടാന്‍ ഇന്ത്യക്ക് കഴിയൂ. നിക്ഷിപ്ത താല്പര്യങ്ങള്‍ക്ക് ഉപരിയായി രാജ്യത്തിന്റെയും ജനങ്ങളുടെയും ഉത്തമ താല്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രതിപക്ഷത്തെയാണ് ജനങ്ങള്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്.

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.