19 April 2024, Friday

നുറുക്ക് അരിയുടെ കയറ്റുമതി നിരോധിച്ചു

Janayugom Webdesk
ന്യൂഡൽഹി
September 9, 2022 12:48 pm

രൂക്ഷമായ വിലക്കയറ്റവും ഉല്പാദനം കുറയാനുള്ള സാധ്യതയും കണക്കിലെടുത്ത് നുറുക്ക് അരിയുടെ കയറ്റുമതി നിരോധിച്ച് കേന്ദ്ര സർക്കാർ. ബസുമതി ഒഴികെയുള്ള വിവിധ ഗ്രേഡ് അരികൾക്ക് 20 ശതമാനം കയറ്റുമതിച്ചുങ്കവും നിലവിൽ വന്നു. അരിയുല്പാദനം 80 ലക്ഷം ടൺ കുറയാമെന്ന് കേന്ദ്ര ഭക്ഷ്യസെക്രട്ടറി സുധാംശു പാണ്ഡെ പറഞ്ഞു.
കാർഷിക മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകളനുസരിച്ച് വിവിധ സംസ്ഥാനങ്ങളിലെ കാലംതെറ്റിയ മഴയെത്തുടർന്ന് നിലവിലെ സീസണിൽ നെല്‍ക്കൃഷിയുടെ വിസ്തൃതി 5.62 ശതമാനം കുറഞ്ഞു. ഇത് ഉല്പാദനത്തിൽ ഗണ്യമായ കുറവ് വരുത്തും. കഴിഞ്ഞ വർഷം കയറ്റുമതിയിൽ 12 ശതമാനം വർധനയുണ്ടായതിനാൽ രാജ്യത്ത് സ്റ്റോക്ക് കുറവുമാണ്. ഈ സാഹചര്യത്തിൽ അരിവില 10 മുതൽ 20 വരെ ശതമാനം കൂടിയിട്ടുണ്ട്. ചൈനയിലെ വരൾച്ച അവിടെ ഉല്പാദനം കുറച്ചതിനാൽ ലോകവിപണിയിലും വില കുതിച്ചുയരുകയാണ്.
ചില്ലറ വില്പന വിലയിൽ കഴിഞ്ഞ വർഷത്തെക്കാൾ 5.7 ശതമാനമാണ് വർധന. മൊത്തവില 7.8 ശതമാനം വർധിച്ചു. ഈ സാഹചര്യത്തിലാണ് വിലക്കയറ്റം നിയന്ത്രിക്കുക, ഭക്ഷ്യഭദ്രത ഉറപ്പാക്കുക, ആഭ്യന്തരവിപണിയിലെ വില പിടിച്ചുനിർത്തുക എന്നീ ലക്ഷ്യങ്ങളോടെ കേന്ദ്രസർക്കാരിന്റെ തീരുമാനം. നുറുക്ക് അരിയുടെ കയറ്റുമതി നിരോധനം ഇന്നലെ പ്രാബല്യത്തിൽ വന്നു. നേരത്തെയുള്ള കരാറിന്റെ ഭാഗമായുള്ളതോ, ചരക്കുനീക്കം ആരംഭിച്ചതോ ആയ കയറ്റുമതിക്ക് വ്യാഴാഴ്ചവരെ ഇളവുണ്ട്. ഈ സാഹചര്യത്തിലാണ് ചുങ്കം ചുമത്തിയത്.
ചൈന കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ അരി ഉല്പാദക രാജ്യമായ ഇന്ത്യക്ക് ആഗോള വ്യാപാരത്തിൽ 40 ശതമാനം വിഹിതമുണ്ട്. 150 ഓളം രാജ്യങ്ങളിലേക്ക് ഇന്ത്യ അരി കയറ്റുമതി ചെയ്യുന്നു. അരിയുല്പാദനം 2020–21 ൽ 124.37 ദശലക്ഷം ടണ്ണിൽ നിന്ന് കഴിഞ്ഞ വിളവർഷത്തിൽ 130. 29 ദശലക്ഷം ടണ്ണായി ഉയർന്നിരുന്നു.
2021–22 ൽ 21.2 ദശലക്ഷം ടൺ അരിയാണ് കയറ്റുമതി ചെയ്തത്. അതിൽ 3.94 ദശലക്ഷം ടൺ ബസുമതി അരിയാണ്. 6.11 ബില്യൺ ഡോളറാണ് ബസുമതി അരിയിലൂടെ ലഭിച്ചത്. 120 ലക്ഷം ടൺ വെള്ളയരിയും 50 ലക്ഷം ടൺ പുഴുക്കലരിയുംകഴിഞ്ഞ ധനകാര്യ വർഷം ഇന്ത്യ കയറ്റുമതി ചെയ്തു. 

Eng­lish Sum­ma­ry : India Bans Export Of Bro­ken Rice

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.