ഇന്ത്യ — ചൈന സംഘർഷം: ലഘൂകരണത്തിന് ഊർജ്ജിതനീക്കം

ലഫ്. ജനറൽ തല ചര്‍ച്ചകൾ നടന്നു, സമാധാനം പുനഃസ്ഥാപിക്കാൻ റഷ്യ, യുഎസ് സമ്മർദ്ദം
Web Desk

ന്യൂഡൽഹി

Posted on June 22, 2020, 10:44 pm

അതിർത്തിയിലെ സംഘർഷം രമ്യമായി പരിഹരിക്കുന്നതിനുള്ള നീക്കങ്ങളുമായി ഇന്ത്യയും ചൈനയും. ഇന്നലെ ലഫ്. ജനറൽ തല ചര്‍ച്ചകൾ നടന്നു. അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ സമാധാനപരമായി പരിഹരിക്കേണ്ടത് സംബന്ധിച്ച്‌ രാജ്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നാണ് സൂചന. നാളെ ഇന്ത്യ, റഷ്യ, ചൈന വിദേശകാര്യമന്ത്രിമാരുടെ യോഗം നടക്കാനിരിക്കെയാണ് സേനാതലത്തിൽ ഉന്നതതല ആശയവിനിമയം നടന്നത്. ചൈനയുടെ ഭാഗത്തുള്ള മോൾഡോയിലെ മീറ്റിങ് പോയിന്റിലായിരുന്നു ലഫ്. ജനറൽ തല യോഗം നടന്നത്. ലേ ആസ്ഥാനമായുള്ള കോർ കമാൻഡർ ലഫ്. ജനറൽ ഹരീന്ദർ സിങ് ആണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്.

ദക്ഷിണ ഷീജിയാങ് മിലിട്ടറി തലവൻ മേജർ ജനറൽ ലിയു ലിൻ ചൈനയ്ക്ക് വേണ്ടി ചര്‍ച്ചയില്‍ പങ്കെടുത്തു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം ആയുധങ്ങള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിബന്ധനകളില്‍ രാജ്യം വരുത്തിയ മാറ്റത്തെക്കുറിച്ച്‌ ഇന്ത്യ ചൈനയെ അറിയിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിമാരുടെ വീഡിയോ കോൺഫറൻസ് വഴിയുള്ള യോഗവും ഈയാഴ്ച നിശ്ചയിച്ചിട്ടുണ്ട്. തർക്കം എത്രയും പെട്ടെന്ന് പരിഹരിച്ച് സമാധാനം പുനഃസ്ഥാപിക്കാൻ റഷ്യയും യുഎസും ഇരുരാജ്യങ്ങൾക്കും മേൽ ശക്തമായ സമ്മർദ്ദം ചെലുത്തുന്നുണ്ട്.

ഇതു രണ്ടാം തവണയാണ് ഇരുരാജ്യങ്ങളും തമ്മില്‍ ലഫ്. ജനറൽ തലത്തിലുള്ള ചര്‍ച്ച നടക്കുന്നത്. ജൂൺ ആറിനാണ് ഇതിനു മുൻപ് യോഗം നടന്നത്. മോൾഡോയിൽ തന്നെ നടന്ന ഈ ചർച്ചയില്‍ ഗൽവാനിൽ നിന്നു പിൻവാങ്ങാൻ ചൈന സമ്മതിച്ചിരുന്നു. ഇതേതുടർന്നുള്ള സൈനിക പിൻമാറ്റം താഴ്‌വരയിൽ നടക്കുന്നതിനിടെ ചൈന വീണ്ടും തിരികെയെത്തി ക്യാമ്പ് സ്ഥാപിച്ചതാണ് ഒരു രാത്രി മുഴുവൻ നീണ്ട സംഘർഷത്തിലേക്ക് നയിച്ചത്. അതേസമയം, കഴിഞ്ഞ തിങ്കളാഴ്ച സംഘട്ടനം നടന്ന ഗൽവാൻ പട്രോൾ പോയിന്റ് 14ൽ മേജർ ജനറൽ തലത്തിലും ഇരുസേനകളും വീണ്ടും ചർച്ച നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചർച്ചകൾ ഫലം കണ്ടിരുന്നില്ല. ഗൽവാനിലും ഹോട്ട് സ്പ്രിങ്സ്, പാംഗോങ് ട്സോ എന്നിവിടങ്ങളിലുമാണ് സംഘർഷാവസ്ഥ നിലനില്‍ക്കുന്നത്.

Eng­lish summary:India chi­na bor­der issue

You may also like this video: