ഇന്ത്യ‑ചൈന സംഘർഷം: മുതിർന്ന ഉദ്യോഗസ്ഥർ ചർച്ച നടത്തി

Web Desk

ന്യൂഡൽഹി

Posted on June 30, 2020, 10:47 pm

ലഡാക്ക് അതിർത്തിയിലെ സംഘർഷ സാഹചര്യം പരിഹരിക്കുന്നതിന് ഇരു രാജ്യങ്ങളിലേയും മുതിർന്ന ഉദ്യോഗസ്ഥർ തമ്മിൽ ചർച്ച നടത്തി. അതിർത്തിയിലെ ഇന്ത്യൻ പ്രദേശത്തുള്ള ചുഷൂലിലാണ് ഇരു രാജ്യങ്ങളുടേയും സൈനിക കമാൻഡർമാർ ചർച്ച നടത്തിയത്. ചർച്ചയുടെ വിവരങ്ങൾ ഇന്നലെ വൈകിയും ലഭ്യമായിട്ടില്ല.

ചർച്ച ഇന്നലെ വൈകിയും തുടർന്നതായും പിന്നീട് ലെയിലുള്ള ക്യാമ്പിലെത്തി ഉന്നത ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികൾ വിലയിരുത്തിയതായും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ചർച്ചയുടെ വിശദാംശങ്ങൾ കരസേനാ മേധാവിയെ ധരിപ്പിച്ചു. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇന്ന് ലഭ്യമാകും.

ജൂൺ ആറിന് ശേഷം മൂന്നാം തവണയാണ് ഇരു രാജ്യങ്ങളും തമ്മിൽ സൈനികതല ചർച്ചകൾ നടന്നത്. ഇന്നലെ നടന്ന ചർച്ച ഇന്ത്യൻ പ്രദേശത്തെ ചുഷൂലിൽ ആയിരുന്നു. നേരത്തെയുള്ള രണ്ട് ചർച്ചകളും ചൈനീസ് പ്രദേശത്തുള്ള മോൾഡോയിലാണ് നടന്നത്. രണ്ടാം വട്ട ചർച്ചയിൽ അതിർത്തിയിൽ സംയമനം പാലിക്കാനും സൈന്യം പിൻവാങ്ങാനുമായിരുന്നു തീരുമാനം.

എ­ന്നാൽ ഇതിന് ശേഷവും ഗൽവാൻ മേഖലയിലെ പട്രോളിങ് പോയിന്റ് 14ൽ ചൈനീസ് സൈന്യം അതിക്രമിച്ച് കയറിയതായുള്ള ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഗൽവാൻ താഴ്‌വര, ഹോട്ട് സ്പ്രിങ്സ്, ദെസ്പാങ്, പാങ്യോങ് തടാകം എന്നിവിടങ്ങളിലാണ് സംഘർഷ സാധ്യത തുടരുന്നത്. ഇന്ത്യയും വൻ സൈനിക വിന്യാസമാണ് തുടരുന്നത്. പാങ്യോങ് തടാകത്തിന് സമീപം ഫിംഗർ നാലിന് സമീപത്താണ് ചൈനീസ് സൈനിക വിന്യാസം ശക്തമായുള്ളത്. 120 സൈനിക വാഹനങ്ങൾ, ബോട്ടുകൾ ഉൾപ്പെടെയുള്ളവ ചൈന എത്തിച്ചിട്ടുണ്ട്.

ENGLISH SUMMARY:India-China con­flict: senior offi­cials hold talks
You may also like this video