അതിർത്തി സംഘർഷം; പ്രശ്ന പരിഹാരത്തിന് ഇന്ത്യ- ചൈന സൈനിക ചർച്ചയിൽ ധാരണ

Web Desk

ദില്ലി

Posted on June 23, 2020, 2:40 pm

അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ അവസാനിപ്പിക്കാന്‍ ഇന്ത്യയുടേയും ചൈനയുടേയും സൈനിക കമാന്‍ഡര്‍മാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ച ഫലം കാണുകയാണ്. അതിര്‍ത്തിയില്‍ നിലവില്‍ തര്‍ക്കമുള്ള മേഖലകളില്‍ നിന്നും ഇരുരാജ്യങ്ങളുടെയും സൈനികരെ പിന്‍വലിക്കാന്‍ സൈനിക കമാന്‍ഡര്‍മാര്‍ തമ്മില്‍ ചര്‍ച്ചയില്‍ ധാരണയായത്. കിഴക്കന്‍ ലഡാക്കിലെ മുഴുവന്‍ സംഘര്‍ഷമേഖലകളില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കുന്ന കാര്യം ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്‌തെന്നും അതുകൊണ്ട് ഇക്കാര്യത്തില്‍ പരസ്പരം വിശ്വാസത്തിലെടുത്ത് മുന്നോട്ട് നീങ്ങാന്‍ ധാരണയായെന്നും കരസേന അറിയിച്ചു.

ഇന്നലെയാണ് ഇരുസൈന്യത്തിലേയും കമാന്‍ഡിംഗ് ഓഫീസര്‍മാര്‍ ചേര്‍ന്ന് സംഘര്‍ഷം പരിഹരിക്കാനായി ചര്‍ച്ച ആരംഭിച്ചത്. പതിനൊന്ന് മണിക്കൂറോളം നീണ്ട ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഇരുരാജ്യങ്ങളും ഇതുവരെ ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല. മെയ് അഞ്ചിന് പാംഗോഗ് തടാകത്തിലേക്ക് ചൈനീസ് സൈന്യം അതിക്രമിച്ചെത്തുകയും ക്യാമ്പുകള്‍ സ്ഥാപിക്കുകയും ചെയ്തതോടെയാണ് ഇവരെ പ്രതിരോധിക്കാനായി ഇന്ത്യന്‍ സൈന്യവും അതിര്‍ത്തിയില്‍ തമ്പടിച്ചത്.

നേരത്തെ ജൂണ്‍ ആറിന് നടന്ന കമാന്‍ഡിംഗ് ഓഫീസര്‍മാരുടെ ചര്‍ച്ചയില്‍ തര്‍ക്കമേഖലയില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ ഇരുവിഭാഗങ്ങളും ധാരണയായിരുന്നുവെങ്കിലും ഗല്‍വാന്‍ താഴ്വരയിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളും സൈനികവിന്ന്യാസം കടുപ്പിച്ചു. പിന്നീട് ഗല്‍വാനില്‍ നിന്നും ഇരുവിഭാഗവും പിന്നോട്ട് പോയെങ്കിലും പാഗോംഗ് തടാകത്തെ ചുറ്റി നൂറുകണക്കിന് ഇന്‍ഡോ ചീന സൈനികരാണ് നിലയുറപ്പിച്ചിട്ടുള്ളത്.

Eng­lish sum­ma­ry; India chi­na decid­ed to restore status

you may also like this video;