വിജയംപോലെ മധുരം ഈ സമനിലനേട്ടം

Web Desk
Posted on October 14, 2018, 10:42 pm

കളിയെഴുത്ത് 

പന്ന്യന്‍ രവീന്ദ്രന്‍

വിജയത്തോളം മധുരമുള്ള സമനില എന്ന ആലങ്കാരിക പദത്തിന് ചേര്‍ന്നതാണ് ചൈനയ്‌ക്കെതിരായി ഇന്ത്യയുടെ സമനില. റാങ്കിങ്ങില്‍ ഇന്ത്യയെക്കാളും ബഹുദൂരം മുന്നിലുള്ള ചൈനയെ ഇന്ത്യന്‍ ടീം അക്ഷരാര്‍ഥത്തില്‍ വരിഞ്ഞുകെട്ടുകയായിരുന്നു. ഇരുപത്തൊന്നു വര്‍ഷം മുന്‍പ് 1997 ല്‍ നെഹ്‌റു ട്രോഫിയിലാണ് ഇന്ത്യയും ചൈനയുമായി മുഖാമുഖം കണ്ടത്. അന്ന് വിജയം ചൈനയ്‌ക്കൊപ്പമായിരുന്നു. 2–1 ഗോളിന്. അതിനുശേഷം ഇതുവരെ നേരിട്ടുകണ്ടില്ല. ചരിത്രത്തിലെ പതിനെട്ടാമത് മത്സരത്തിനാണ് ഇന്ത്യന്‍ ടീം ചൈനയിലെത്തിയത്.
മുന്‍പ് നടന്ന പതിനേഴുകളികളില്‍ ഒന്നുപോലും ഇന്ത്യയ്ക്ക് ജയിക്കാനായില്ല. പന്ത്രണ്ട് ചൈന ജയിച്ചു, അഞ്ച് സമനിലയിലായി. എന്നാല്‍ പഴയകാലത്തെ ചൈനീസ് ടീമില്‍ നിന്ന് ഇപ്പോള്‍ പ്രകടമായ മാറ്റം വന്നിട്ടുണ്ട്. വിദേശകോച്ചുകളുടെ സേവനവും മികച്ച പരിശീലനവും ചൈനയുടെ ടീമിന്റെ നിലവാരത്തില്‍ പ്രകടമായ മാറ്റം വരുത്തിയിട്ടുണ്ട്. മാത്രമല്ല, ചൈനീസ് ഗവണ്‍മെന്റ് മുന്‍കയ്യെടുത്തിട്ടുതന്നെ പ്രൊഫഷണലിസം നടപ്പിലാക്കിയിട്ടുണ്ട്. സന്ദേശ് ജിങ്കാന്‍ നായകനായ ഇന്ത്യന്‍ ടീം ഉരുക്ക് കോട്ടപോലെ ശക്തമായ പ്രതിരോധവും കോട്ടകാക്കുന്ന ഗോള്‍ കീപ്പര്‍ ഗുല്‍പ്രീത്‌സിംഗും ചേര്‍ന്ന് അക്രമങ്ങളെ ചെറുത്ത് കരുത്തുകാട്ടുന്നുണ്ട്. പക്ഷെ തടഞ്ഞുനിര്‍ത്തിയാല്‍ ജയിക്കില്ലല്ലോ, ജയിക്കാന്‍ ഗോളടിക്കണം. സുനില്‍ ഛേത്രിയും നര്‍സാരിയും അധ്വാനിച്ചുകളിക്കുന്നുണ്ടെങ്കിലും എതിരാളിയുടെ നെഞ്ചിടിപ്പ് കൂട്ടാനുള്ള മുന്നേറ്റം നമ്മുടെ ദുര്‍ബലതയായി തുടരുന്നു. ഇന്ത്യയുടെ കോച്ച് കോണ്‍സ്റ്റന്‍ റൈന്‍ പ്രതിരോധത്തില്‍ കാട്ടുന്ന ശ്രദ്ധ മുന്നേറ്റത്തില്‍ കാണുന്നില്ല. അണ്ടര്‍ ‑16 ല്‍ നടത്തിയ പ്രകടനം ഭാവി ഫുട്‌ബോളിന് പ്രതീക്ഷ നല്‍കുന്നതുപോലെ ചൈനയുമായുള്ള സമനിലയും ഇന്ത്യന്‍ ഫുട്‌ബോളിന് ആവേശകരമാണ്.
ഫുട്‌ബോള്‍ ലോകത്ത് എന്നും ചര്‍ച്ചാവിഷയമാകുന്നത് താര വലുപ്പമാണ്. ലോക ഫുട്‌ബോളിനെ അടക്കിവാണ പല താരങ്ങളും നിലവിലുണ്ടായിരുന്നു. ഫുട്‌ബോള്‍ രാജാവായ ബ്രസീലിന്റെ പെലെയും രാജ സ്ഥാനത്തോളം വലുപ്പത്തിലെത്തിയ അര്‍ജന്റിനയുടെ മറഡോണയും ലോകകപ്പ് നേടിയെടുത്തതിന്റെ പ്രശസ്തി കൂടി നെറ്റിയില്‍ ചാര്‍ത്തിയാണ് ഫുട്‌ബോള്‍ ആരാധകരെ വിസ്മയിപ്പിച്ചത്. ഒരിക്കലും ലോക കപ്പ് നേടാത്ത ലോക താരങ്ങളും ചരിത്രത്താളുകളിലുണ്ട്. ഹംഗറിയുടെ ഗോളടി യന്ത്രമായ പുഷ്‌ക്കാസും റഷ്യയുടെ കാവല്‍ഭടനായ ലെവ്‌യാഷിനും ലോകകപ്പ് നേടാതെ ലോക പ്രശസ്തരായവരാണ്. റഷ്യന്‍ ലോക കപ്പിന്റെ ആരവങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഫുട്‌ബോള്‍ ആരാധകരുടെ മനസില്‍ നാല് പേരുകളാണ് നിറഞ്ഞുനിന്നത്. അര്‍ജന്റിനയുടെ ലയണല്‍ മെസി, പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ബ്രസീലിന്റെ നെയ്മര്‍, ഈജിപ്റ്റിന്റെ മുഹമ്മദ് സല എന്നിവരാണ് ലോക ശ്രദ്ധയിലുണ്ടായിരുന്നത്. മത്സരം അന്ത്യഘട്ടത്തിലെത്തിയപ്പോള്‍ പ്രഗത്ഭതാരങ്ങളെന്ന് വിശേഷിപ്പിച്ച എല്ലാവരും സ്വന്തം രാജ്യത്തിന്റെ പരാജയത്തില്‍ മനംനൊന്ത് തിരിച്ചുപോകുന്ന കാഴ്ചയാണ് ലോകം കണ്ടത്.
അവസാന നിലയില്‍ എത്തുമ്പോള്‍ ഒരു നേരിയ ചലനം പോലെ ആരാധകരുടെ മനസില്‍ കടന്നുവന്ന യുവതാരമാണ് കിലിയന്‍ എംബാപ്പെ. ഫുട്‌ബോള്‍ രാജാവ് പെലെ ഒന്നും മറച്ചുവയ്ക്കാതെ നേരെ ചൊവ്വെ പറഞ്ഞു ഈ കൊച്ചുമിടുക്കന്‍ എന്റെ പിന്‍ഗാമിയായേക്കും എന്ന്. ഫ്രാന്‍സിനുവേണ്ടി കളിക്കളത്തില്‍ ഇറങ്ങുമ്പോള്‍ എംബാപ്പേ എതിര്‍ ടീമിലെ കളിക്കാരുടെ നോട്ടപ്പുള്ളിയായിരുന്നു. ഫ്രാന്‍സും ക്രൊയേഷ്യയും തമ്മിലുള്ള ഫൈനല്‍ മത്സരത്തില്‍ ശക്തമായ ക്രൊയേഷ്യന്‍ ഡിഫന്‍സിനെയും മിഡ്ഫീല്‍ഡര്‍മാരെയും കബളിപ്പിച്ചുകൊണ്ട് സഹകളിക്കാര്‍ക്ക് തളികയില്‍ നിന്നെന്ന വണ്ണം പന്ത് എത്തിച്ചു കൊടുക്കാന്‍ എംബാപ്പെ കാണിച്ച വൈദഗ്ധ്യം എല്ലാവരും ശ്രദ്ധിച്ചു. റഷ്യയില്‍ നടന്ന അര ഡസന്‍ ഇന്റര്‍നാഷണല്‍ മത്സരങ്ങളിലും ടീമിന്റെ വിജയ ശില്‍പികളില്‍ പ്രധാനിയായി എംബാപ്പേ ഉണ്ടായിരുന്നു.
ഫ്രഞ്ച് ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന പ്രധാനപ്പെട്ട മത്സരത്തില്‍ സ്വന്തം ടീമായ പിഎസ്ജിക്ക് വേണ്ടി ഹാട്രിക്കോടെ നാല് ഗോളുകള്‍ സ്‌കോര്‍ ചെയ്തുകൊണ്ടാണ് എംബാപ്പെ സ്വന്തം ഗോളടി മികവ് ലോകത്തെ അറിയിച്ചത്. പതിമൂന്നു മിനിട്ടിനുള്ളില്‍ ഹാട്രിക്കോടെ നാലു ഗോളുകളാണ് എംബാപ്പേ നേടിയെടുത്തത്. ബ്രസീലിന്റെ ലോക പ്രശസ്ത കളിക്കാരന്‍ നെയ്മറുടെ കൂട്ടാളിയായിട്ടാണ് എംബാപ്പേ ഫ്രഞ്ച് ലീഗില്‍ നിറഞ്ഞാടുന്നത്. എംബാപ്പേയും നെയ്മറും എഡിസണ്‍ കവാനിയും ചേര്‍ന്ന യുവ ഗോളടിയന്മാരാണ് പ്രൊഫണല്‍ ഫുട്‌ബോളില്‍ എതിര്‍ ടീമുകളുടെ ഉറക്കം കെടുത്തുന്നത്. ലിയോണ്‍ ടീമിനെതിരെയാണ് എംബാപ്പോയുടെ അത്ഭുത പ്രകടനം കണ്ടത്. ആവേശകരമായ മത്സരത്തിനിടയില്‍ പതിമൂന്നു മിനിട്ടില്‍ നേടിയ നാലു ഗോളുകളും നാലും അഞ്ചും മിനിട്ടിന്റെ ഇടവേളകളിലാണ്. മാത്രമല്ല അവയെല്ലാം എടുത്തുപറയേണ്ട ഷോട്ടുകളുമാണ്. അസാധാരണ വേഗതയും ഇടംവലം കാലുകള്‍ പൊടുന്നനെ ഉപയോഗിക്കാനുള്ള പ്രത്യേക മിടുക്കും എതിര്‍ ഡിഫന്റര്‍മാരെ വട്ടം കറക്കുന്നതുമാണ്. മത്സരത്തിന്റെ 61-ാം മിനിട്ടിലും 66, 69, 74 മിനിട്ടുകളിലുമാണ് എംബാപ്പേയുടെ ഗോളുകള്‍. നാലാമത്തെ ഗോള്‍ നെയ്മറില്‍ നിന്നുവന്ന പന്തായിരുന്നു. നെയ്മറുടെ ഷോട്ട് പ്രതിരോധ കളിക്കാരന്‍ തിരിച്ചുവിട്ടപ്പോഴാണ് എംബാപ്പേക്ക് പന്ത് ഓടിയെടുത്തത്. ഒട്ടും താമസിച്ചില്ല നാലാമത്തെ ഗോള്‍. പെലെയുടെ വാക്കുകള്‍ക്ക് കൂടുതല്‍ പ്രസക്തിയുണ്ടാക്കുന്ന പ്രകടനമാണ് എംബാപ്പേയുടെ ഓരോ കളിയും വിളിച്ചു പറയുന്നത്.
സാധാരണഗതിയില്‍ ഒരു സംശയം പലരിലും ഉണ്ടാകാറുണ്ട്. ”മികച്ച കളിക്കാരന്‍ എന്നു പറയുന്നത് മുന്നേറ്റ നിരകളിക്കാരന്‍ മാത്രമാണോ” എന്ന്. മുന്നേറ്റനിരയില്‍ നിന്ന് ഗോളടിച്ച് ടീമിനെ വിജയവഴിയില്‍ എത്തിക്കണമെങ്കില്‍ ശക്തായ ഡിഫന്‍ഡും ടീമിനുണ്ടായിരിക്കണം. അങ്ങനെയില്ലെങ്കില്‍ ഐഎസ്എല്‍ ഫുട്‌ബോളില്‍ ഗോവയ്ക്ക് വന്നത് പോലായിരിക്കും മത്സര ഫലം. എതിര്‍ ഗോള്‍ മുഖത്ത് പന്ത് അടിച്ചുകയറ്റി ഗോളുകളുടെ എണ്ണം കൂട്ടുമ്പോഴും സ്വന്തം വലയില്‍ തിരിച്ചുവരുന്ന ഗോളുകള്‍ ടീമിന്റെ വിജയത്തെ നിഷ്പ്രഭമാക്കുകയും പരാജയ വഴിയിലേക്ക് തിരിച്ചുപോവുകയും ചെയ്യും. പക്ഷെ കളിക്കാരെ മൊത്തത്തില്‍ വിശകലനം ചെയ്യുമ്പോള്‍ മുന്‍ഗണന മുന്നേറ്റ താരത്തിനു തന്നെയാണ്. പക്ഷെ പിന്‍നിരയിലുള്ള പ്രശസ്തരായ കളിക്കാരുടെ പിന്‍ബലമാണ് അവര്‍ക്കെല്ലാം പ്രചോദനമെന്ന കാര്യം പലപ്പോഴും വിസ്മരിക്കാറുണ്ട്. ലോക കപ്പില്‍ തന്നെ ടീമിനെ നയിച്ച് വിജയക്കൊടി പാറിച്ച പ്രശസ്തരായ ഗോള്‍ കീപ്പര്‍മാരുണ്ട്. ഒപ്പം ഉരുക്കു ഭിത്തിപോലെ ഡിഫന്‍സിനെ നിലനിര്‍ത്തുന്ന നല്ല ഡിഫന്‍ഡര്‍മാരുമുണ്ട്. അവരില്‍ പലരും ഫിഫയുടെ മികച്ച കളിക്കാരനുള്ള അവാര്‍ഡിനോ പത്ര പ്രവര്‍ത്തകര്‍ നല്‍കുന്ന ബാലന്‍ദിയോര്‍ അവാര്‍ഡിനോ അര്‍ഹരാകാറില്ല എന്നതാണ് മറ്റൊരു സത്യം. ഇത്തവണ ലുക്കാ മോഡ്രിച്ചിനെ പരിഗണിച്ചത് സ്വാഗതാര്‍ഹമായി എന്ന വസ്തുത കാണാതിരിക്കുന്നില്ല. ക്രൊയേഷ്യ ഫൈനലില്‍ തോറ്റെങ്കിലും സ്വന്തം അധ്വാനം കൊണ്ടും കളിക്കാരെ കൂട്ടിയിണക്കാനുള്ള സ്വഭാവഗുണം കൊണ്ടും കളി ജയിക്കണമെന്ന തീവ്ര വികാരം കൊണ്ടും ലോക മനസില്‍ ഇടം പിടിച്ച ലുക്കാമോഡ്രിച്ചിനെ മികച്ച താരമായി തിരഞ്ഞെടുത്തത് ആഹ്ലാദകരാണ്. എന്നാല്‍ നേരത്തെ തുടര്‍ച്ചയായി ലോക താരങ്ങളായി മാറിയ മെസിയും ക്രിസ്റ്റ്യാനോയും മത്സരങ്ങളുടെ പ്രധാന സന്ദര്‍ഭങ്ങളില്‍ കളിക്കളത്തിലില്ലാത്തത് ഒരു കാരണമായി എന്ന് സംശയിക്കുന്നതില്‍ തെറ്റില്ല. ഫിഫയുടെയും മറ്റ് സംഘടനകളുടെയും തെരഞ്ഞെടുപ്പ് വരുമ്പോള്‍ സൂപ്പര്‍സ്റ്റാറുകള്‍ മാത്രം പരിഗണനയ്ക്ക് വരുന്നു എന്ന അപവാദം ഇല്ലാതാക്കാന്‍ ഇനിയെങ്കിലും ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
ഇടയ്ക്ക് നാഷണല്‍ ടീമുകള്‍ നടത്തുന്ന സൗഹൃദ മത്സരങ്ങളും ലോകശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട്. അര്‍ജന്റിനയുടെ ദേശീയ ടീമും സൂപ്പര്‍ താരങ്ങളായ മെസി, സെര്‍ജിയോ അഗ്യൂറോ, ഗോണ്‍സാലോ ഹിഗ്വെയ്ന്‍ തുടങ്ങി പ്രഗത്ഭരില്ലാതെ ചെറുപ്പക്കാരുടെ ടീമിനെയാണ് ഇറാക്കിനെതിരെ ഗ്രൗണ്ടിലിറക്കിയത്. എന്നാല്‍ അര്‍ജന്റീനയുടെ ഫുട്‌ബോള്‍ പാരമ്പര്യം പുതുതലമുറയ്ക്കും നിലനിര്‍ത്താന്‍ കഴിയുമെന്ന് കളിമികവു കൊണ്ട് അവര്‍ കാണിച്ചുകൊടുത്തു. എതിരാളിയായ ഇറാക്കിനെ നാലു ഗോളിനാണ് അവര്‍ പരാജയപ്പെടുത്തിയത്. റിയാദില്‍ നടന്ന മറ്റൊരു സൗഹൃദമത്സരത്തിലാണ് ലാറ്റിനമേരിക്കന്‍ കരുത്തരായ ബ്രസില്‍ സൗദിയുമായി ഏറ്റുമുട്ടിയത്. രണ്ടുഗോളിന് വിജയം അനായാസമായിരുന്നു. സൂപ്പര്‍ താരം നെയ്മര്‍ ഉള്‍പ്പെടെയുള്ള ടീമാണ് രംഗത്തെത്തിയത്. ഇറ്റലിക്ക് ഇനിയും തങ്ങളുടെ യശസിലേക്ക് ഉയരാന്‍ കഴിയുന്നില്ല. ഇതിന് ഏറ്റവം നല്ല ഉദാഹരണമാണ് ഉക്രെയ്‌നുമായുളള സൗഹൃദമത്സരം. 1–1 എന്ന ക്രമത്തില്‍ സമനിലയിലാണ് പിരിഞ്ഞത്. ഇറ്റലി ഒരു കണക്കിന് രക്ഷപ്പെട്ടു എന്ന് പറയുന്നതായിരിക്കും ശരി. മുന്‍ ലോക ചാമ്പ്യന്മാരായ ഇറ്റലിയെ ശരിക്കും വിറപ്പിക്കുന്ന പ്രകടനമായിരുന്നു ഉക്രെന്‍ കാഴ്ചവച്ചത്. ലാറ്റിനമേരിക്കന്‍ ശക്തികളായ ചിലിയും ഉറുഗ്വേയും സൗഹൃദമത്സരങ്ങളില്‍ പരാജയപ്പെട്ടത് തിരിച്ചടിയായി. കോപ്പ അമേരിക്ക ജേതാക്കളായ ചിലി കാല്‍ഡസന്‍ ഗോളിന് പെറുവിനോട് തകര്‍ന്നു. ദക്ഷിണ കൊറിയയോട് 2–1 നാണ് ഉറുഗ്വേ കീഴടങ്ങിയത്.